| Thursday, 5th August 2021, 2:23 pm

ഒന്നര മാസം, 20 ആത്മഹത്യകള്‍; പൊലീസ് രാജില്‍ നിന്ന് പിന്‍മാറി സര്‍ക്കാര്‍ ജനങ്ങളെ വിശ്വസിക്കുകയാണ് വേണ്ടത്

എം.കെ. ദാസന്‍

കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് ആരോഗ്യ അടിയന്തരാവസ്ഥ നടപ്പാക്കണമെന്നാണ്. എന്നാല്‍ നമ്മുടെ രാജ്യത്തുള്‍പ്പെടെ ഭരണാധികാരികള്‍ സൈനിക അടിയന്തരാവസ്ഥ നടപ്പാക്കി കൊവിഡ് നിയന്ത്രണങ്ങളെ ഉപയോഗപ്പെടുത്തി കോര്‍പ്പറേറ്റ്‌വത്കരണം തീവ്രമാക്കാനും അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തകര്‍ക്കാനുമാണ് ശ്രമിച്ചു പോന്നത്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൊവിഡിന്റെ മറവില്‍ ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കങ്ങളാണ് കേരളത്തിലും ശക്തിപ്പെടുത്തിയത്. ക്വാറികള്‍ക്ക് യഥേഷ്ടം അനുമതി, ആതിരപ്പള്ളി പദ്ധതിക്ക് NOC, ചുങ്കപ്പാതയ്ക്കായി ജനങ്ങളെ വന്‍ തോതില്‍ കുടിയൊഴിപ്പിക്കല്‍, സെമി ഹൈ സ്പീഡ് റെയില്‍വെ തുടങ്ങിയ ജനവിരുദ്ധ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു.

ഇവയ്‌ക്കെല്ലാമെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് പകര്‍ച്ചവ്യാധി തടയല്‍ നിയമം ഭേദഗതി ചെയ്തു. കൊവിഡ് മാത്രമല്ല, ഏതു രോഗത്തെയും പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാനും അതിന്റെ പേരില്‍ ഏതു ജനകീയ പ്രതിഷധം നടത്തുന്നവരെയും രണ്ടു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാനും കഴിയുന്ന നിയമവും നിലവില്‍ വന്നു. മൂന്ന് മുന്നണികള്‍ക്കും മത-സാമുദായിക സംഘടനകള്‍ക്കും പുറത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാലു പേര്‍ പ്രതിഷേധങ്ങള്‍ നടത്തിയാലും കേസും അറസ്റ്റും ഉണ്ടാകുന്നു.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനപങ്കാളിത്തത്തോടെ മഹാമാരിയെ നേരിടണമെന്നും അതിനായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ആരോഗ്യ വിദഗ്ധര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജനകീയ സമിതികള്‍ സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെയും രൂപപ്പെടുത്തണമെന്നാണ് ആദ്യ ഘട്ടം മുതല്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു പോരുന്നത്.

എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത ബ്യൂറോക്രാറ്റിക് സമീപനമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ പുലര്‍ത്തിപ്പോന്നത്. ജനകീയ സമിതികള്‍ രൂപീകരിച്ചിടങ്ങളില്‍ ഭരിക്കുന്നവരുടെ ആളുകളെ മാത്രം ഉള്‍പ്പെടുത്തി. പ്രതിരോധ നടപടികളില്‍ ആരോഗ്യ പ്രവര്‍ത്തകരെക്കാള്‍ പോലീസിനാണ് പ്രാമുഖ്യം നല്‍കിയത്.

അടച്ചുപൂട്ടലുകള്‍ക്കും ഫൈന്‍ ചുമത്തലുകള്‍ക്കും ആധാരമാക്കുന്ന അതേ ദുരന്ത നിവാരണ നിയമപ്രകാരം മരണപ്പെട്ടവര്‍ക്കും ജീവനോപാധി നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ചുമതല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് സുപ്രീം കോടതി അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഈ കേസില്‍ വാദം നടന്നപ്പോള്‍ ജനങ്ങളുടെ ഭാഗം നിന്നു വാദിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു.

ബീഹാര്‍, തമിഴ്‌നാട് തുടങ്ങിയ പല സംസ്ഥാനങ്ങളും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും തൊഴില്‍ നഷ്ടത്തിനും ധനസഹായം അനുവദിച്ചെങ്കിലും കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കിറ്റുകളോ ക്ഷേമ പെന്‍ഷനുകളോ ദുരന്ത നിവാരണ നിയമം വകപ്പു 12 പ്രകാരമുള്ള നഷ്ടപരിഹാരത്തിനു പകരമല്ല.

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം വാണിജ്യ വ്യവസായ മേഖലകള്‍ തകര്‍ന്നു. വ്യാപാരികളും മോട്ടോര്‍ തൊഴിലാളികളും സ്റ്റേജ് കലാ പ്രവര്‍ത്തകര്‍, മൈക്ക് സെറ്റുകാര്‍ അടക്കമുള്ള വിഭാഗങ്ങള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ ദുരിതത്തിലായി. നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി താങ്ങാനാവാതെ ഒന്നര മാസത്തിനിടയില്‍ 20 പേരാണ് ആത്മഹത്യ ചെയ്തത്.

കൊവിഡിനേക്കാള്‍ മാരകമായ നിയന്ത്രണങ്ങള്‍ക്കും പൊലീസ് രാജിനുമെതിരെ പ്രതിഷേധങ്ങള്‍ കനത്തു. വ്യാപാരി സംഘടനകള്‍ സമരം പ്രഖ്യാപിക്കുകയും പിണറായി പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ സഹിക്കാനാവാതെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ജനങ്ങള്‍ പൊലീസിനെ ചെറുക്കാന്‍ തുടങ്ങുകയും ചെയ്തതോടെ അശാസ്ത്രീയവും അപ്രായോഗികവും ഫലപ്രാപ്തിയില്ലാത്തതുമായ നിലവിലെ നിയന്ത്രണ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് പുന:പരിശോധിക്കേണ്ടി വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളും അശാസ്ത്രീയവും അപ്രായോഗികവുമാണ്.

വലിയ മനുഷ്യാവകാശ ലംഘനം സാധ്യമാക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും കുറ്റവിചാരണ സംവിധാനത്തെ ഉപയോഗിച്ച് സ്റ്റേറ്റിന് പൗരന്മാരുടെ മുകളില്‍ അനിയന്ത്രിതമായ നിയന്ത്രണ അധികാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാഹചര്യമൊരുക്കുന്നതുമാണ്.
പകുതിപ്പേര്‍ക്ക് പോലും ഒന്നാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയാത്തിടത്താണ് പുറത്തിറങ്ങാന്‍ വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കിയിട്ടുള്ളത്.

ഗവണ്‍മെന്റ് സംവിധാനങ്ങളുടെ വീഴ്ചകളും പരിമിതികളും പരിഹരിക്കുന്നതിനു പകരം മുഴുവന്‍ കുറ്റവും ജനങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കുന്ന വിധമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്ന പ്രധാനപ്പെട്ട കാര്യം ഗവണ്‍മെന്റ് ജനങ്ങളെ വിശ്വസിക്കുന്നില്ല എന്നതാണ്. ഈ വിശ്വാസമില്ലായ്മയും മുഴുവന്‍ ചുമതലയും പൊലീസിനെ ഏല്‍പ്പിച്ച് മഹാമാരിയെ ക്രമസമാധാന പ്രശ്‌നമായി നേരിടുന്നതും പൊലീസ്‌രാജ് വീണ്ടും ശക്തിപ്പെടുന്നതിലേക്കാണ് നയിക്കുക.
ഇതു വഴി ഫൈനടിക്കലും പൊലീസ് അതിക്രമങ്ങളും കൂടുന്നതിനല്ലാതെ രോഗവ്യാപനം തടയാന്‍ പര്യാപ്തമാകില്ല.

അതിനാല്‍ മുഴുവന്‍ ചുമതലയും പൊലീസിനെ ഏല്‍പ്പിച്ച് പൊലീസ് രാജ് ശക്തിപ്പെടുത്തുന്നതിനു പകരം ജനങ്ങളെ വിശ്വാസത്തിലെടുത്ത് രോഗവ്യാപനത്തിന് ശാസ്ത്രീയ പരിഹാരവും ദുരിത ബാധിതര്‍ക്ക് നിയമപരമായ നഷ്ടപരിഹാരവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: M.K. Dasan writes about failure of Kerala state in covid controll

എം.കെ. ദാസന്‍

സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാറിന്റെ സംസ്ഥാന സെക്രട്ടറി

We use cookies to give you the best possible experience. Learn more