| Wednesday, 7th September 2016, 12:55 pm

വിജിലന്‍സ് കേസില്‍ മാണിക്കു വേണ്ടി ഹാജരായത് എം.കെ.ദാമോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡറായിരുന്ന സുജിത്ത് മാത്യു ആയിരുന്നു മാണിയുടെ അഭിഭാഷകന്‍. ഇദ്ദേഹമാണ് ദാമോദരനെക്കൂടി കേസില്‍ ഹാജരാക്കിയത് എന്നാണ് വിവരം.


കൊച്ചി: പുതിയ വിജിലന്‍സ് കേസുകളില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുഖ്യമന്ത്രിയുടെ മുന്‍ നിയമോപദേഷ്ടാവുമായിരുന്ന എം.കെ. ദാമോദരന്‍ ഹാജരായി.

കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. കോഴിഫാമുകള്‍ക്ക് നികുതി ഇളവ് നല്‍കിയ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നികുതി ഇളവുചെയ്ത കേസും റദ്ദാക്കണമെന്ന് മാണി ആവശ്യപ്പെട്ടു.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി ദാമോദരനെ നിയമിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍, സാന്റിയാഗോ മാര്‍ട്ടിന്റേതടക്കമുള്ള വിവാദ കേസുകളില്‍ ഹാജരായ ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകുന്നതില്‍ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡറായിരുന്ന സുജിത്ത് മാത്യു ആയിരുന്നു മാണിയുടെ അഭിഭാഷകന്‍. ഇദ്ദേഹമാണ് ദാമോദരനെക്കൂടി കേസില്‍ ഹാജരാക്കിയത് എന്നാണ് വിവരം.

സ്വകാര്യ കോഴി ഫാം കമ്പനിയുടെ നികുതിക്കുടിശിക എഴുതിത്തള്ളിയും ആയുര്‍വേദ സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സര്‍ക്കാരിനു 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് മാണിയെ മുഖ്യപ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. മാണിയുടെ മുന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനും കോഴി ഫാം ഉടമകളും അടക്കം ഒന്‍പതു പേര്‍ പ്രതിപ്പട്ടികയിലുണ്ട്.

നികുതിക്കുടിശികയായ 65 കോടി രൂപ അടയ്ക്കാന്‍ കോഴി ഫാം കമ്പനിക്കു വാണിജ്യ നികുതി വകുപ്പു നോട്ടിസ് നല്‍കിയിരുന്നു. ഇത് ഒഴിവാക്കിക്കൊടുക്കാനും ആയുര്‍വേദ സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങളുടെ നികുതി 12.5 ശതമാനത്തില്‍ നിന്നു നാലു ശതമാനമായി കുറച്ചു കൊടുക്കാനും മാണി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ചു ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യുവാണു പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more