| Tuesday, 17th November 2020, 1:48 pm

'പാര്‍ട്ടി തുടങ്ങിയാല്‍ ഞാന്‍ തന്നെ അറിയിക്കും'; പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നെന്ന ആരോപണങ്ങളെ തള്ളി എം. കെ അഴഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്തകളെ തള്ളി കരുണാനിധിയുടെ മകനും എം.കെ സ്റ്റാലിന്റെ സഹോദരനുമായുള്ള എം.കെ അഴഗിരി. ന്യൂസ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്‍.ഡി.എയുമായുള്ള സഖ്യത്തിനാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഴഗിരിയും തമിഴ്‌നാട് ബി.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അത്തരത്തില്‍ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അഴഗിരി പറഞ്ഞത്.

‘ആരൊക്കെയോ അപവാദം പറഞ്ഞ് പരത്തുകയാണ്. അത്തരത്തിലൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. ഞാന്‍ എന്തെങ്കിലും തുടങ്ങുന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ നിങ്ങളോട് പറയും. ആറുമാസത്തോളമായി ഞാന്‍ എന്റെ വിശ്വസ്തരോട് ഒന്നും ഇതുവരെ സംസാരിച്ചിട്ടില്ല. അതിനൊക്കെ ഇനിയും സമയമുണ്ട്,’ അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അത്തരം തീരുമാനങ്ങള്‍ ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ നവംബര്‍ 21ന് ചെന്നൈയിലെത്തുന്ന അമിത്ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തള്ളിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

‘കലൈഞ്ജര്‍ ഡി.എം.കെ’അഥവാ ‘കെ.ഡി.എം.കെ’ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അഴഗിരിയുടെ മകന്‍ ദയാനിധിയും പുതിയ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദയാനിധിയും ഈ റിപ്പോര്‍ട്ടുകളെ തള്ളി രംഗത്തെത്തി.

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അഴഗിരി ഒരു കാലത്ത് ഡി.എം.കെയുടെ ശക്തനായ നേതാവും സംസ്ഥാനത്തെ തെക്കന്‍ ജില്ലകളുടെ ചുമതലക്കാരനുമായിരുന്നു. 2014 പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ഡി.എം.കെ അഴഗിരിയെ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു അഴഗിരി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M K Alagiri denies the reports that he could form a new party

We use cookies to give you the best possible experience. Learn more