| Wednesday, 21st October 2020, 12:05 am

'ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി എല്ലാം സഹിക്കുന്നു'; വിജയ് യേശുദാസിന് പിന്നാലെ എം.ജയചന്ദ്രനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന ഗായകന്‍ വിജയ് യേശുദാസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്.

അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്ന തീരുമാനം എടുത്തതെന്നുമായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.

വിവാദം ചൂടുപിടിക്കുന്നതിനിടെ മറ്റൊരു നിര്‍ണായക തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍. ജീവിക്കാന്‍ സിനിമാ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ലെന്നാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ എം.ജയചന്ദ്രന്‍ പറഞ്ഞത്.

മലയാള സിനിമയില്‍ ചുരുങ്ങിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ സംഗീത സംവിധായകരാണ്. മലയാള സംഗീതത്തെക്കുറിച്ച് വ്യാവസായികമായി ചിന്തിക്കുമ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അതിലപ്പുറം ചെലവാക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. രണ്ട് വശത്തു നിന്നും ഇതിനെ കാണേണ്ടതുണ്ട്. ജയചന്ദ്രന്‍ പറഞ്ഞു.

കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളൊക്കെ വെച്ചു നോക്കുമ്പോള്‍ അവര്‍ക്കു കിട്ടേണ്ടതിന്റെ പത്തു ശതമാനമെങ്കിലും നമ്മള്‍ക്കും ലഭിക്കേണ്ടേ എന്നും ചിന്തിച്ചുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സിനിമയില്‍ നിന്നുള്ള വരുമാനം തികയാതെ വരുമ്പോഴാണ് റിയാലിറ്റി ഷോകളുള്‍പ്പെടെയുള്ള മറ്റു പരിപാടികള്‍ നോക്കുന്നത്. അത് മലയാളത്തിലെ സംഗീത സംവിധായകരുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ സംഗീത സംവിധായകരുടെ കാര്യമെടുത്ത് നോക്കിയാല്‍ ബാബുരാജ്, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങിയവരെല്ലാം വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയില്‍ ഒരാളും ആവശ്യഘടകമല്ല. എം.ജയചന്ദ്രന്‍ സംഗീതം ചെയ്തില്ലെങ്കില്‍ നഷ്ടം എനിക്കു മാത്രമാണ്. സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നുള്ളതുകൊണ്ട് എല്ലാം സഹിച്ച് മുന്നോട്ടു പോകുന്നു ജയചന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ  

Content Highlight: M Jayachandran reveals financial problem of music directors in malayalam industry

We use cookies to give you the best possible experience. Learn more