‘അമ്മ മഴക്കാറിന്’ എന്ന ഗാനം താൻ അമ്മക്ക് വേണ്ടി കംപോസ് ചെയ്തതാണെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തിനായി ആദ്യം തയ്യാറാക്കിയ ഈണം നിർമാതാവിന് ഇഷ്ടമായില്ലെന്നും പിന്നീട് പത്തുമിനിട്ടിൽ താൻ വീണ്ടും ആ ഗാനം കംപോസ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇന്നലെ എന്റെ നെഞ്ചിലെ’ എന്ന ഗാനത്തിന് വേണ്ടി നേരത്തെ ഒരു ഈണം റെഡിയാക്കിയിരുന്നു. അത് എനിക്കും ഗിരീഷ് ചേട്ടനുമൊക്കെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡ്യൂസർ അരോമ മണി സാർ അത് കേട്ടപ്പോൾ മറ്റൊരെണ്ണം നോക്കുന്നത് നല്ലതായിരിക്കും എന്ന് പറഞ്ഞു. ആ സമയത്ത് എനിക്ക് അതിനോട് ഒരു എതിർ അഭിപ്രായം ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും എനിക്കറിയില്ല. ‘ഇന്നലെ എന്റെ നെഞ്ചിലെ’ എന്ന ഗാനം ഒരു പത്ത് മിനിട്ടിൽ ഉണ്ടായതാണ്,’ എം. ജയചന്ദ്രൻ പറഞ്ഞു.
ഹിന്ദോളം എന്ന രാഗം ഡയറക്ടർ ബി. ഉണ്ണികൃഷ്ണന് വളരെ ഇഷ്ടമാണെന്നും ആ രാഗം ”അമ്മ മഴക്കാറിന്’ എന്ന ഗാനത്തിൽ ഉൾപ്പെടുത്തിയാൽ മനോഹരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും എം. ജയചന്ദ്രൻ പറഞ്ഞു.
‘മാടമ്പി എന്ന ചിത്രത്തിലെ ‘അമ്മ മഴക്കാറിന്’ എന്ന ഗാനം ചെയ്യുമ്പോൾ ഉണ്ണിച്ചേട്ടൻ പറഞ്ഞിരുന്നു ഹിന്ദോളം എന്ന രാഗം ആ ഗാനത്തിൽ ഉൾപ്പെടുത്തണം എന്ന്. ഈ രാഗത്തിന്റെ ഛായകൾ ഗാനത്തിൽ ഉണ്ടെങ്കിൽ കുറച്ചുകൂടി ഭംഗി തോന്നിയേക്കുമെന്ന സജഷനാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
അന്ന് ആ ഗാനം ചെയ്തപ്പോൾ വയ്യാതെ കിടക്കുന്ന എന്റെ അമ്മയെ ആണ് എനിക്ക് ഓർമ വന്നത്. കാരണം ആ പാട്ട് അമ്മയെക്കുറിച്ച് തന്നെയാണല്ലോ. ഒരു മകന് ജീവിതത്തിൽ ഒരമ്മക്ക് ഒന്നും തിരികെ നൽകാൻ കഴിയില്ല. ഈ പാട്ടെങ്കിലും അമ്മയുടെ കാൽക്കീഴിൽ സമർപ്പിക്കാമെന്ന് വിചാരിച്ചു,’എം. ജയചന്ദ്രൻ പറഞ്ഞു.