മലയാള സിനിമയ്ക്ക് മികച്ച ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. തൊണ്ണൂറുകളുടെ അവസാനം തന്റെ സംഗീത കരിയർ ആരംഭിച്ച അദ്ദേഹം രണ്ടായിരത്തിന്റെ തുടക്കത്തോടെ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളായി മാറി. മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് പലവട്ടം നേടിയ അദ്ദേഹം ദേശീയ അവാർഡിലും മുത്തമിട്ടിട്ടുണ്ട്.
പ്രണയം, എന്ന് നിന്റെ മൊയ്‌തീൻ, സെല്ലുലോയ്ഡ് തുടങ്ങിയ മികച്ച സിനിമകൾക്കായി സംഗീതം ഒരുക്കിയ അദ്ദേഹം പുതിയ തലമുറയിലെ സംഗീത സംവിധായകരെ കുറിച്ച് സംസാരിക്കുകയാണ്. സുഷിൻ ശ്യാം, വിഷ്ണു വിജയ്, ജസ്റ്റിൻ വർഗീസ് തുടങ്ങി ഒരുപിടി മികച്ച മ്യൂസിക് ഡയറക്‌ടേഴ്‌സ് ഇന്ന് മലയാളത്തിനുണ്ട്.
ഇപ്പോൾ കേൾക്കുന്ന മ്യൂസിക്കുകളിൽ സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ സുഷിന്റെ ഗാനങ്ങളെക്കാൾ ഇഷ്ടമാണെന്ന് ജയചന്ദ്രൻ പറയുന്നു. ജസ്റ്റിൻ വർഗീസിന്റെയും ഹിഷാം അബ്ദുൾ വഹാബിന്റെയും പാട്ടുകൾ ഇഷ്ടമാണെന്ന് പറഞ്ഞ അദ്ദേഹം വിഷ്ണു വിജയിയെ കുറിച്ചും സംസാരിച്ചു. അമ്പിളി എന്ന ചിത്രത്തിൽ വിഷ്ണു വിജയ് ഒരുക്കിയ ആരാധികേ എന്ന പാട്ടിന്റെ ആരാധകനാണ് താനെന്നും ആം.ജയചന്ദ്രൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോൾ ഞാൻ കേൾക്കുന്ന മ്യൂസിക്കുകളിൽ സുഷിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ എനിക്ക് വളരെ ഇഷ്ടമാണ്. പാട്ടുകൾ എന്നതിനുപരി സുഷിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ് കൂടുതലിഷ്ടം.
അതുപോലെ ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക്കുകൾ എനിക്ക് വളരെയിഷ്ടമാണ്. പിന്നെ ഹിഷാം, അവനൊരു മിടുക്കനാണ്. ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്.
പല കാര്യങ്ങളെ കുറിച്ചും അവനെന്നോട് ചോദിക്കാറുണ്ട്. പിന്നെ വിഷ്ണു വിജയ്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു മ്യൂസിക് കമ്പോസറാണ്. വിഷ്ണുവിന്റെ ആരാധികേ എന്ന പാട്ടിന്റെ ആരാധകനാണ് ഞാൻ. ആ രീതിയിൽ പുതിയ തലമുറയിൽ ഒരുപാട് മികച്ച സംഗീത സംവിധായകരുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയാണ്,’ജയചന്ദ്രൻ പറയുന്നു.
Content Highlight: M.JAYACHANDRAN ABOUT MALAYALAM MUSIC DIRCTORS