| Friday, 19th July 2024, 5:07 pm

ലജ്ജാവതിയേ പാട്ട് പ്ലേ ചെയ്താല്‍ കൈതപ്രം സാറിന് ഇഷ്ടമാകില്ലെന്ന് അയാള്‍ പറഞ്ഞു: എം. ജയചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1995ല്‍ ചന്ത എന്ന ചിത്രത്തിന് സംഗീത നല്‍കി സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് എം.ജയചന്ദ്രന്‍. 29 വര്‍ഷത്തെ കരിയറില്‍ 100നടുത്ത് സിനിമകള്‍ക്ക് സംഗീതം നല്‍കിയ ജയചന്ദ്രന്‍ ഒരു ദേശീയ അവാര്‍ഡും ഒമ്പത് സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. ഗാനരചയിതാവ് കൈതപ്രവുമായി തനിക്ക് നല്ല ബന്ധമാണെന്ന് പറയുകയാണ് ജയചന്ദ്രന്‍. ലജ്ജാവതിയേ എന്ന പാട്ടിനെക്കുറിച്ച് ഗാനരചയിതാവ് കൈതപ്രം തന്നോട് പറഞ്ഞ അനുഭവം ജയചന്ദ്രന്‍ പങ്കുവെച്ചു.

യൂട്യൂബും സോഷ്യല്‍ മീഡിയയും ഒന്നും ഇല്ലാതിരുന്ന കാലത്ത് കേരളത്തിലൊട്ടാകെ തരംഗമായി മാറിയ പാട്ടായിരുന്നു ഫോര്‍ ദ പീപ്പിളിലെ ലജ്ജാവതിയേ എന്ന ഗാനം. ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകന്‍ തന്റെ സാന്നിധ്യമറിയിച്ച പാട്ടായിരുന്നു ലജ്ജാവതിയേ. 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പാട്ടിനോടുള്ള ഇഷ്ടം ആര്‍ക്കും കുറഞ്ഞിട്ടില്ല.

കൈതപ്രം ഒരിക്കല്‍ പരിപാടി കഴിഞ്ഞ് കാറില്‍ പോകുമ്പോളായിരുന്നു സംഭവമെന്ന് ജയചന്ദ്രന്‍ പറഞ്ഞു. കാറിലെ ഡ്രൈവര്‍ ലജ്ജാവതിയേ എന്ന പാട്ട് വെക്കാന്‍ പോയ സമയത്ത് വണ്ടിയിലുണ്ടായിരുന്ന മാനേജര്‍ ഡ്രൈവറെ ചീത്ത പറഞ്ഞെന്നും കൈതപ്രം സാറിന് ആ പാട്ട് ഇഷ്ടമാകില്ലെന്ന് പറയുകയും ചെയ്‌തെന്ന കഥ കൈതപ്രം സാര്‍ തന്നോട് പറഞ്ഞെന്ന് ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടെഴുതിയ കൈതപ്രം സാര്‍ തന്നെയാണ് പൈനാപ്പിള്‍ പെണ്ണേ ചോക്ലേറ്റ് പീസേ ഒക്കെ എഴുതിയത് എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ എന്ന പാട്ടെഴുതിയതും. ആ പാട്ടിനെപ്പറ്റി രസകരമായ ഒരു കഥ കൈതപ്രം സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ അദ്ദേഹം എവിടെയോ പരിപാടി കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്നു. വണ്ടിയില്‍ ഒരു മാനേജറും കൂടെയുണ്ട്. രാത്രിയായതുകൊണ്ട് ഏതെങ്കിലും പാട്ട് വെക്കാന്‍ പറഞ്ഞു. അത് കേട്ടതും ഡ്രൈവര്‍ ലജ്ജാവതിയേ ഇടാന്‍ പോയി. ഇത് കണ്ട മാനേജര്‍ ഡ്രൈവറോട് ചൂടായി. തിരുമേനി ഇരിക്കുമ്പോഴാണോ ഈ പാട്ടൊക്കെ വെക്കുന്നത്. ഇതൊന്നും അദ്ദേഹത്തിന് ഇഷ്ടമാകില്ല എന്ന് മാനേജര്‍ പറയുന്നത് കൈതപ്രം സാര്‍ കേട്ടു. ആ പാട്ടെഴുതിയത് കൈതപ്രമാണെന്ന് മാനേജര്‍ അറിഞ്ഞില്ല,’ ജയചന്ദ്രന്‍ പറഞ്ഞു.

Content Highlight: M Jayacahandran sharing the story told by Kaithapram Damodaran Namboothiri

We use cookies to give you the best possible experience. Learn more