കോഴിക്കോട്: കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ വയനാട് എം.പി എം.ഐ.ഷാനവാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് ഷാനവാസ്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടമാര്‍ അറിയിച്ചു.
കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഡയാലിസിസും നടത്തുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണ്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഹൈബി ഈഡന്‍ എം.എല്‍.എ, ടി. സിദ്ധിഖ് എന്നിവരും ഷാനവാസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.
ഈ മാസം രണ്ടിനാണ് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രണ്ട് ദിവസത്തിനു ശേഷം അണുബാധയുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.