| Sunday, 18th February 2024, 9:40 am

പൂരന്റെ വെടിക്കെട്ട് പൂരം; 'മുംബൈക്ക് കിരീടം'

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരി 17ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഐ.എല്‍ ടി-20 ഫൈനലില്‍ എം.ഐ എമിറേറ്റ്‌സ് ചാമ്പ്യന്മാരായി. ദുബായ് ക്യാപിറ്റല്‍സിനെതിരെ 45 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് നിക്കോളാസ് പൂരനും സംഘവും സ്വന്തമാക്കിയത്. മുംബൈയുടെ ആദ്യ ഇന്റര്‍നാഷണല്‍ ലീഗ് ടി-20 കിരീടമാണ് ഇത്.

മത്സരത്തില്‍ ടോസ് നേടിയ ദുബായ് ക്യാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എമിറേറ്റ്‌സ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഏഴ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമാണ് ദുബായ് ക്യാപിറ്റല്‍സിന് നേടാന്‍ സാധിച്ചത്.

എമിറേറ്റ്‌സിനെ വിജയത്തിലെത്തിച്ചത് ആന്‍ഡ്രി ഫ്‌ലക്ച്ചറിന്റെയും നിക്കോളാസ് പൂരന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ്. ഫ്‌ലക്ച്ചര്‍ 37 പന്തില്‍ നിന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടെ 53 റണ്‍സ് ആണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ 27 പന്തില്‍ നിന്ന് ആറ് സിക്‌സറുകളും രണ്ടു ബൗണ്ടറികളും ഉള്‍പ്പെടെ 57 റണ്‍സ് ആണ് അടിച്ചെടുത്തത്. 211.11 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ദുബായ് ക്യാപിറ്റല്‍സിന്റെ ബൗളര്‍മാരെ താരം അടിച്ചൊടിച്ചത്.

എമിറേറ്റ്‌സിന് വേണ്ടി മുഹമ്മദ് ബഷീറും കുശാല്‍ പെരേരയും മിന്നും തുടക്കമാണ് നല്‍കിയത്. 24 പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 43 റണ്‍സാണ് വസീം നേടിയത്. 179.17 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ പ്രഹര ശേഷി. പെരേര 26 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളടക്കം 38 നേടിയിരുന്നു.

ദുബായിക്ക് വേണ്ടി ഒല്ലി സ്റ്റോണ്‍, സിക്കന്ദര്‍ റാസ, സഹീര്‍ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ തുടക്കം തന്നെ ദുബായിക്ക് പാളിച്ച സംഭവിക്കുകയായിരുന്നു. ഓപ്പണര്‍ ലൂയിസ് ഡു പ്ലോയിയെ ആകെ ഹുസൈന്‍ പൂജ്യം റണ്‍സിന് എല്‍.ബി.ഡബ്ലയുവിലൂടെ പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് ടോം ബാന്‍ഡന്‍ 20 പന്തില്‍ നിന്ന് 35 റണ്‍സ് നേടി താളം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് ടോം ആബല്‍ 14 റണ്‍സിന് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റന്‍ സാം ബില്ലിങ്‌സ് 29 പന്തില്‍ നിന്ന് രണ്ടു സിക്‌സറും മൂന്നു ബൗണ്ടറിയും അടക്കം 40 റണ്‍സ് നേടിയപ്പോള്‍ ഏകപ്രതീക്ഷയായ സിക്കന്ദര്‍ രാസ വെറും 10 റണ്‍സിന് മടങ്ങുകയായിരുന്നു. കരീബിയന്‍ കരുത്തായ റോവ്മാന്‍ പവലും എട്ട് റണ്‍സിന് പുറത്തായതോടെ ജയസണ്‍ ഹോള്‍ഡര്‍ 24 റണ്‍സ് നേടി പിടിച്ചുനിന്നു. സ്‌കോട്ട് 19 റണ്‍സ് നേടിപ്പിടിച്ചു നിന്നെങ്കിലും കിരീടസ്വപ്നം പാഴാക്കുകയായിരുന്നു.

എമിറേറ്റ്‌സിന് വേണ്ടി ട്രെന്‍ ബോള്‍ട്ട്, വിജയകാന്ത് വിയസ്‌കാന്ത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഖാലിദ്, വഖാര്‍ സലാംഖേലി എന്നിവര്‍ ഓരോവിക്കറ്റും നേടി.

ഇതോടെ എം.ഐ ഫ്രാഞ്ചൈസി ആഗോളതലത്തിലെ ടി-ട്വന്റി ലീഗുകളില്‍ വമ്പന്‍ ആധിപത്യമാണ് പുലര്‍ത്തുന്നത്. നിലവില്‍ ഇന്ത്യയിലും അമേരിക്കയിലും ദുബായിലും ഫ്രാഞ്ചൈസി തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ്.

Content Highlight: M.I Emirates became the champions in the I.L.T-20 final\

We use cookies to give you the best possible experience. Learn more