കെട്ടിച്ചമച്ച കേസെന്ന് കോടതി തന്നെ കണ്ടെത്തിയതും നാലാം പ്രതിയായ എന്നെ വെറുതെ വിട്ടതുമാണ്; റിയാസിന്റേയും ടി. വി രാജേഷ് എം.എല്‍.എയുടെയും റിമാന്‍ഡില്‍ എം.ഗിരീഷ്
Kerala News
കെട്ടിച്ചമച്ച കേസെന്ന് കോടതി തന്നെ കണ്ടെത്തിയതും നാലാം പ്രതിയായ എന്നെ വെറുതെ വിട്ടതുമാണ്; റിയാസിന്റേയും ടി. വി രാജേഷ് എം.എല്‍.എയുടെയും റിമാന്‍ഡില്‍ എം.ഗിരീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd March 2021, 10:56 pm

കോഴിക്കോട്: 2010ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി. എ മുഹമ്മദ് റിയാസിനെയും ടി. വി രാജേഷ് എം.എല്‍.എയെയും സി.പി.ഐ.എം നേതാവ് കെ. കെ. ദിനേശനെയും റിമാന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവും ഡി.വൈ.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എം.ഗിരീഷ്.

പി എ മുഹമ്മദ് റിയാസ്, ടി വി രാജേഷ്, കെ കെ ദിനേശന്‍ എന്നിവരെ റിമാന്റ് ചെയ്ത സംഭവം തികഞ്ഞ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തുകയും നാലാം പ്രതിയായ തന്നെ ഈ കേസില്‍ കോടതി വെറുതെ വിട്ടതുമാണെന്ന് ഗിരീഷ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോടതി തന്നെ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തി അവസാനിപ്പിക്കുന്ന ഒരു കേസില്‍ വിധി പറയുന്ന ദിവസം ഹാജരായില്ല എന്ന ഒറ്റക്കാരണത്താല്‍ പ്രമുഖരായ പൊതുപ്രവര്‍ത്തകരെ റിമാന്റ് ചെയ്ത സംഭവം സാമാന്യ നീതിക്ക് നിരക്കുന്നതല്ല എന്ന് മാത്രമേ പറയാനാവുവെന്ന് ഗിരീഷ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് പി. എ മുഹമ്മദ് റിയാസിനെയും ടി. വി രാജേഷ് എം.എല്‍.എയെയും സി.പി.ഐ.എം നേതാവ് കെ. കെ. ദിനേശനെയും റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് സി.ജെ.എം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

2010ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2016ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

കേസിന്റെ വിചാരണയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ കോടതി ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

എം.ഗിരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സഖാക്കള്‍ പി എ മുഹമ്മദ് റിയാസ്, ടി വി രാജേഷ്, കെ കെ ദിനേശന്‍ എന്നിവരെ റിമാന്റ് ചെയ്ത സംഭവം തികഞ്ഞ അനീതിയാണ്. പ്രതികള്‍ക്കെതിരെ കേസ്സ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തുകയും നാലാം പ്രതിയായ എന്നെ ഈ കേസ്സില്‍ കോടതി വെറുതെ വിട്ടതുമാണ്.

2010 ല്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിരന്തരം റദ്ദ് ചെയ്യുന്നതിനെതിരെയും വിമാനക്കൂലി അടിക്കടി വര്‍ദ്ധിപ്പിക്കുന്ന എയര്‍ ഇന്ത്യാ മാനേജ്‌മെന്റ് നടപടിയെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കേരളത്തിലാകെ നടന്നത്. ഗള്‍ഫ് മലയാളികള്‍ അടക്കം പ്രവാസികള്‍ വലിയ ദുരിതം അനുഭവിക്കേണ്ടി വന്ന ഘട്ടത്തിലാണ് ഡി വൈ എഫ് ഐ കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിലേക്ക് പ്രതിഷേധ സൂചകമായി ആദ്യഘട്ടം യുവജന മാര്‍ച്ച് സംഘടിപ്പിച്ചത്. അന്നത്തെ എയര്‍ ഇന്ത്യാ ഏരിയാ മാര്‍ക്കറ്റിങ്ങ് മാനേജര്‍ പിടി ഗോവിന്ദന്‍ കുട്ടിയുമായും ചെന്നൈയിലെ സതേണ്‍ റീജിണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ ഷെനുമായും ചര്‍ച്ച നടത്തുകയും ഡല്‍ഹി ഹെഡ്ക്വാട്ടേഴ്‌സുമായി ബന്ധപ്പെട്ട് അടിയന്തിര പരിഹാരം കാണുമെന്ന ഉറപ്പ് രേഖാമൂലം എഴുതി നല്‍കിയാണ് അന്ന് മാര്‍ച്ച് അവസാനിപ്പിച്ചത്.
ഇതിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ ആയിരക്കണക്കായ മലയാളികളെ കണ്ണീരിലാഴ്ത്തിയാണ് എയര്‍ ഇന്ത്യാ ഫ്‌ലൈറ്റ് റദ്ദാക്കല്‍ പരിപാടി തുടങ്ങിയത്. ആ ഘട്ടത്തില്‍ തന്നെ ഡി വൈ എഫ് ഐ എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി.

ഈ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ അന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്നെയും സഖാക്കള്‍ റിയാസ്, വരൂണ്‍ ഭാസ്‌ക്കര്‍, സി എം ജംഷീര്‍ എന്നീവരെയും 15 ദിവസം റിമാന്റ് ചെയ്യുകയുണ്ടായി. പതിനഞ്ച് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അന്ന് ഞങ്ങള്‍ മോചിതരായത്. എന്നാല്‍ ഫ്‌ലൈറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കലും സര്‍വീസുകള്‍ റദ്ദാക്കലും എയര്‍ ഇന്ത്യ തുടര്‍ന്നപ്പേഴാണ് വീണ്ടും ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തേണ്ടി വന്നത്.

ഈ കേസ്സ് 2010 മുതല്‍ കോഴിക്കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 4ല്‍ നടക്കുന്നത്. കേസ്സില്‍ സാക്ഷികളായ എയര്‍ ഇന്ത്യാ ഓഫീസര്‍മാര്‍ കോടതിയില്‍ ഹാജരാവാത്തതിന്റെ ഭാഗമായാണ് കേസ്സ് നീണ്ടുപോയത്. ഈ കേസ്സിലെ നാലാം പ്രതി ഞാനാണ്. തെളിവുകളുടെ അഭാവത്തില്‍ എന്നെ കോടതി കഴിഞ്ഞ വര്‍ഷം വെറുതെ വിട്ടതാണ്. വിധി പറയുന്ന ദിവസം ഹാജരാവാന്‍ കഴിയാതിരുന്ന സഖാക്കള്‍ റിയാസ്, ടി വി ആര്‍, കെ കെ ദിനേശന്‍, വരൂ ണ്‍ ഭാസ്‌ക്കര്‍, സി എം ജംഷീര്‍ എന്നിവര്‍ക്ക് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു കോടതി.

ഇത് അപൂര്‍വ്വമായ അനുഭവമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സഖാക്കള്‍ വരൂണ്‍ ഭാസ്‌കറും സി എം ജംഷീറും കോടതിയില്‍ ഹാജരായ ഘട്ടത്തില്‍ സഖാക്കളെ ഇതേ നിലയില്‍ റിമാന്റ് ചെയ്യാന്‍ ശ്രമമുണ്ടായി. ജില്ലാ കോടതി ഇടപെട്ടാണ്. രാത്രി ഏഴു മണിയോടെ ഇവരെ മോചിപ്പിച്ചത്. കോടതിയുടെ ഈ നടപടികള്‍ ഒരു സാധാരണ പൗരന് ലഭിക്കേണ്ട നീതിയുടെ ലംഘനമായിരുന്നു. ഡി വൈ എഫ് ഐ ദേശീയ പ്രസിഡണ്ട് സ. റിയാസും സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും എം എല്‍ എ യുമായ ടി വി രാജേഷും കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ. കെ കെ ദിനേശനും സമുന്നതരായ പൊതുപ്രവര്‍ത്തകരാണ്. കോടതി തന്നെ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തി അവസാനിപ്പിക്കുന്ന ഒരു കേസ്സില്‍ വിധി പറയുന്ന ദിവസം ഹാജരായില്ല എന്ന ഒറ്റക്കാരണത്താല്‍ പ്രമുഖരായ പൊതുപ്രവര്‍ത്തകരെ റിമാന്റ് ചെയ്ത സംഭവം സാമാന്യ നീതിക്ക് നിരക്കുന്നതല്ല എന്ന് മാത്രമേ പറയാനാവൂ.

എം ഗിരീഷ്

ഡിവൈഎഫ്‌ഐ മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: M gireesh Facebook Post