എം.ജി വി.സിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം
Kerala
എം.ജി വി.സിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2014, 11:40 am

[share]

[]കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി ജോര്‍ജിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ സാധ്യത.

വി.സിയെ തത്സ്ഥാനത്ത് നിന്നും നീക്കുന്നതിന് നിയമതടസങ്ങളില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. രണ്ടു ദിവസത്തിനകം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

1968ലെയും 1999ലെയും സമാനമായ കേസുകള്‍ പരിഗണിച്ചാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്.

നിയമനത്തിന് അധികാരമുള്ള ഗവര്‍ണര്‍ക്ക് വിസിയെ നീക്കുന്നതിനും അധികാരമുണ്ട്. ഇതില്‍ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു

1968ല്‍ കുരുക്ഷേത്ര സര്‍വകലാശാല വൈസ് ചാന്‍സലറുടേയും 1999ല്‍ കര്‍ണാടക സര്‍വകലാശാല വൈസ് ചാന്‍സിലറുടേയും കാര്യത്തില്‍ സുപ്രീം കോടതിയെടുത്ത തീരുമാനവും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

വി.സിക്കെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേയും ഉന്നത വിദ്യാഭ്യാസവകുപ്പിന്റേയും റിപ്പോര്‍ട്ടുണ്ട്.

എ.വി. ജോര്‍ജിനെ വി.സിയായി നിയമിച്ചത് ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടാണെന്ന പരാതിയിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

ഡോ. എ. വി ജോര്‍ജിനോട് ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടിയിരുന്നു. ജോര്‍ജ് സമര്‍പ്പിച്ച ബയോഡാറ്റ പ്രകാരം കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്നാണ് കാണിച്ചിരുന്നത്. ഇതുപ്രകാരമാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ വെറും മൂന്നരമാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് നവംബര്‍ 30 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തന്നെ എത്തുകയായിരുന്നു.

എന്നാല്‍ ഡിസംബര്‍ 26 ന് ഒപ്പിട്ടു നല്‍കിയ ബയോഡാറ്റയില്‍ കേന്ദ്രസര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ക്രൈസ്റ്റ് കോളേജിലെ ജിയോളജി സെര്‍ച്ച് ഡിപ്പാര്‍ട്‌മെന്റില്‍ 30 വര്‍ഷക്കാലം പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടത്. എന്നാല്‍ ഈ കോളേജില്‍ പ്രസ്തുവിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ അനുവദിച്ചിട്ട് തന്നെ 10 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നതാണ് സത്യം.