| Thursday, 14th April 2016, 1:17 pm

കഴക്കൂട്ടത്ത് താമര വിരിയുമെന്ന് എം. ജി. ശ്രീകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചലചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വേദിയില്‍. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടന വേദിയിലാണ് ബി.ജെ.പിക്ക് വോട്ടഭ്യര്‍ത്ഥിച്ചും മോദിയെ സ്തുതിച്ചും എം.ജി ശ്രീകുമാര്‍ രംഗത്തെത്തിയത്.

കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പി വിജയം കൈവരിക്കുമെന്ന് ചലച്ചിത്ര പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍. കഴക്കൂട്ടത്തിന് യോജിച്ച സ്ഥാനാര്‍ത്ഥി വി. മുരളീധരനാണ്. സംസാരവും സംസ്‌കാരവും പ്രവര്‍ത്തിയും കൊണ്ട് മുരളീധരന്‍ അതു തെളിയിച്ചു കഴിഞ്ഞതായും എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

കഴക്കൂട്ടം തിരുവനന്തപുരത്തെ ഏറ്റവും ഐശ്വര്യപ്രദമായ സ്ഥലമാണെന്ന് എം.ജി. ശ്രീകുമാര്‍ പറഞ്ഞു. തന്റെ സംഗീത ജീവിതത്തിന് നിര്‍ണ്ണായകമായ വഴിത്തിരിവു നല്‍കിയത് നാടാണ് കഴക്കൂട്ടമെന്നും ഈ പ്രദേശത്തിന് യോജിച്ച സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ വി. മുരളീധരനാണെന്നും ശ്രീകുമാര്‍ പറഞ്ഞു.

ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ ഭരണത്തിന് കരുത്തുപകരാന്‍ കേരളത്തില്‍ താമര വിരിയണമെന്നും ശ്രീകുമാര്‍ പറഞ്ഞു.

പരവൂരില്‍ വെടിക്കെട്ടപകടം ഉണ്ടായപ്പോള്‍ വിത്തിന്‍ സെക്കന്‍ഡ്‌സ് മോദി സര്‍ ഇവിടെയെത്തി ഒരു സെക്യൂരിറ്റിയുമില്ലാതെ  അദ്ദേഹം എത്തിയതില്‍ താന്‍ അതിശയിച്ചുപോയെന്നും എം.ജി ശ്രീകുമാര്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.

We use cookies to give you the best possible experience. Learn more