|

മോഹന്‍ലാലും ശോഭനയും തിമിര്‍ത്താടുന്ന മറ്റൊരു വേല്‍മുരുകന്‍... ആ പാട്ട് അധികം വൈകാതെ നിങ്ങളിലേക്കെത്തും: എം.ജി. ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിനെ താരപരിവേഷമില്ലാതെ സാധാരണക്കാനായി അവതരിപ്പിക്കുന്ന ചിത്രമാണ് തുടരും.

ഷണ്മുഖന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായകന്‍ എം.ജി. ശ്രീകുമാര്‍. സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ താന്‍ കണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞു.

വളരെ മനോഹരമായ സിനിമയാണ് അതെന്നും 100 ശതമാനം ഹിറ്റാകുമെന്ന് ഉറപ്പാണെന്നും എം.ജി. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. വികാരഭരിതമായ ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും കൂടുതലൊന്നും പറയാന്‍ തനിക്ക് അനുവാദമില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു. ചിത്രത്തിലെ ആദ്യഗാനം അതിന്റെ ഉദാഹരണമാണെന്നും ശ്രീകുമാര്‍ പറയുന്നു.

ചിത്രത്തിനായി ഒരു പ്രൊമോ സോങ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നും വേല്‍മുരുക പോലെ ഒരു ഫാസ്റ്റ് നമ്പറാണ് അതെന്നും എം.ജി. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ പാട്ട് ആദ്യം കേട്ടപ്പോള്‍ തന്നെ ഷൂട്ടിനായി എത്രദിവസം വേണമെങ്കിലും തരാന്‍ തയാറാണെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും അത് കേട്ട് ശോഭനയും സമ്മതിച്ചെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ പാട്ട് ചിത്രീകരിക്കുമെന്നും മോഹന്‍ലാലും ശോഭനയും തിമിര്‍ത്താടുന്ന മറ്റൊരു വേല്‍മുരുക ആയിരിക്കും ആ പാട്ടെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇനി ഒരു വര്‍ഷത്തേക്ക് വേറെ പാട്ടൊന്നും പാടേണ്ടി വരില്ലെന്നാണ് മോഹന്‍ലാല്‍ തന്നെ വിളിച്ച് പറഞ്ഞതെന്നും ശ്രീകുമാര്‍ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എം.ജി. ശ്രീകുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘വളരെ മനോഹരമായ സിനിമയാണ് തുടരും. 100 ശതമാനം ഹിറ്റാണെന്ന് എനിക്ക് പറയാന്‍ സാധിക്കും. ആ പടത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കണ്ടതുകൊണ്ടാണ് ഇത് പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ എനിക്ക് അനുവാദമില്ല. വികാരഭരിതമായ ഒരുപാട് രംഗങ്ങള്‍ പടത്തിലുണ്ട്. ആദ്യത്തെ പാട്ട് കേട്ടപ്പോള്‍ തന്നെ അത് പലര്‍ക്കും മനസിലായി കാണും. വേല്‍മുരുക പോലെ ഒരു അടിച്ചുപൊളി പാട്ടും പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പ്രൊമോ സോങ്ങായാണ് ഷൂട്ട് ചെയ്യുന്നത്.

ആ പാട്ട് കേട്ടപ്പോള്‍ തന്നെ ലാലിന് ഇഷ്ടമായി. ‘എത്രദിവസത്തെ ഡേറ്റ് വേണമെങ്കിലും ആ പാട്ട് ഷൂട്ട് ചെയ്യാന്‍ തരാം’ എന്നായിരുന്നു പാട്ട് കേട്ടപ്പോള്‍ ലാല്‍ പറഞ്ഞത്. ശോഭനക്കും അത് സമ്മതമായി. അടുത്ത ദിവസങ്ങളില്‍ തന്നെ അത് ഷൂട്ട് ചെയ്യും. പാട്ട് കേട്ട ശേഷം ലാല്‍ എന്നെ വിളിച്ചിരുന്നു. ‘ശ്രീക്കുട്ടാ, ഇനി നിങ്ങള്‍ ഒരു വര്‍ഷത്തേക്ക് വേറെ പാട്ടൊന്നും പാടിയില്ലെങ്കിലും കുഴപ്പമില്ല’ എന്നായിരുന്നു പുള്ളി പറഞ്ഞത്. ലാലും ശോഭനയും തിമിര്‍ത്താടുന്ന മറ്റൊരു വേല്‍മുരുക ആയിരിക്കും ആ പാട്ട്,’ എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

Content Highlight: M G Sreekumar about the promo song of Thudarum movie