| Wednesday, 4th November 2020, 12:57 pm

എം.ജി.ആറിന്റെ ചിത്രമുപയോഗിച്ച് ബി.ജെ.പി; സ്വന്തം നേതാക്കളുടെ ഫോട്ടോ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് എ.ഐ.എ.ഡി.എം.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പിയുടെ വേല്‍ യാത്ര പ്രചരണത്തിനായി തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.ജി.ആറിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധവുമായി എ.ഐ.എ.ഡി.എം.കെ.

പാര്‍ട്ടിയുടെ സ്വന്തം നേതാക്കളുടെ ഫോട്ടോ വേണം ഇത്തരം പ്രചരണങ്ങളില്‍ ഉപയോഗിക്കാനെന്നും എം.ജി.ആറിന്റെ ചിത്രമുപയോഗിക്കാന്‍ ബി.ജെ.പിയ്ക്ക് അവകാശമില്ലെന്നും എ.ഐ.എ.ഡി.എം.കെ നേതാവ് ഡി. ജയകുമാര്‍ പറഞ്ഞു.

അവര്‍ക്ക് സ്വന്തമായി നേതാക്കള്‍ ഇല്ലേ? പിന്നെന്തിനാണ് ഞങ്ങളുടെ നേതാവിന്റെ ചിത്രമുപയോഗിക്കുന്നത്. എം.ജി.ആര്‍ ഞങ്ങളുടെ മാത്രം നേതാവാണ്. എ.ഐ.എ.ഡി.എം.കെ സ്ഥാപിച്ച നേതാവാണ് അദ്ദേഹം. പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ച മനുഷ്യനാണ് എം.ജി.ആര്‍. അദ്ദേഹത്തിന്റെ ചിത്രമുപയോഗിക്കാന്‍ മറ്റൊരു പാര്‍ട്ടിയ്ക്കും അധികാരമില്ല- ജയകുമാര്‍ പറഞ്ഞു.

വേല്‍ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തിറക്കിയ വീഡിയോയിലാണ് എം.ജി.ആറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മോദിയെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം നവംബര്‍ ആറ് മുതല്‍ തമിഴ്‌നാട്ടില്‍ വേല്‍ യാത്ര സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. സംസ്ഥാനത്തെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള മുരുക ഭക്തരാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

വേല്‍ യാത്രയുടെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള പരിപാടിക്ക് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ എല്‍ മുരുകന്‍ നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം എം.ജി.ആറിനെ പോലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ആ പശ്ചാത്തലത്തിലാണ് എം.ജി.ആറിന്റെ ചിത്രമുപയോഗിച്ചതെന്നുമായിരുന്നു സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ എല്‍.മുരുകന്‍ നേരത്തെ പറഞ്ഞത്.

എം.ജി.ആറിന്റെ ചിത്രമുപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നായിരുന്നു മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ അഭിപ്രായം. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒതുങ്ങാന്‍ കഴിയാത്ത ജീവിതമായിരുന്നു എം.ജി.ആറിന്റെതെന്നും അതിനാലാണ് ചിത്രമുപയോഗിച്ചതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: AIADMK Warns bjp for using mgr photo in vel yatra

We use cookies to give you the best possible experience. Learn more