Entertainment
എന്തുകൊണ്ട് കൊയിലാണ്ടി ഭാഷ പറയുന്ന സിനിമകളില്‍ പോലും വെഞ്ഞാറമൂട് ഭാഷ കയറിവരുന്നു? എം. ജി. രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 14, 02:37 pm
Friday, 14th March 2025, 8:07 pm

നാരായണിയുടെ മൂന്നാണ്മക്കള്‍ എന്ന സിനിമയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെ ത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ എം. ജി. രാധാകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. വടക്കേ മലബാറിലെ തീയ സമുദായത്തിന്റെ സ്വത്വം കേന്ദ്രവിഷയമെന്ന് കരുതപ്പെടുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നീ നടന്മാര്‍ തൃശൂര്‍ – തിരുവനന്തപുരം ശൈലിയിലുള്ള മലയാളമാണ് സംസാരിക്കുന്നതെന്ന് എം. ജി. രാധാകൃഷ്ണന്‍ പറയുന്നു.

കൊയിലാണ്ടിക്കാരായ കഥാപാത്രങ്ങളായി വരുന്ന അലന്‍സിയറും സുരാജും സംസാരിക്കുന്നത് തിരുവന്തപുരം മലയാളം ആണെന്നും കൊയിലാണ്ടിയാണെന്ന് ഓര്‍മിപ്പിക്കാന്‍ പുട്ടിന് പീര എന്ന പോലെ ‘ഓനും’ ‘ഓളും’ എന്നുപയോഗിക്കുന്നത് പരിഹാസ്യമായി തോന്നുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിട്ടൂട്ട് ബിരുദധാരിയായ സംവിധായകന്‍ ശരണ്‍ വേണുഗോപാലിനെ പോലൊരു സംവിധായകന് വലിയ നടന്മാരോട് ഭാഷയുടെ കാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ ഭയമുണ്ടായിരുന്നുവോയെന്നും കഥാപാത്രത്തിന് യോജിച്ച ഭാഷ പറയാന്‍ എന്തുകൊണ്ട് നല്ല നടന്‍മാര്‍ പോലും ചെറിയ ശ്രമം പോലും നടത്തുന്നില്ലായെന്നും അദ്ദേഹം ചോദിക്കുന്നു.

ഈയിടെ പുറത്തുവന്ന പല ന്യൂജെന്‍ സംവിധായകരുടെ ചിത്രങ്ങളില്‍ പലതിലും കാസര്‍കോട്ടെയും കണ്ണൂരിലെയും മലപ്പുറത്തെയും പ്രാദേശിക മലയാളം നന്നായി കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാരായണിയുടെ മൂന്നാണ്മക്കളില്‍ ഭാഷ കൈകാര്യം ചെയ്തതില്‍ തമ്മില്‍ ഭേദം ജോജുവാണെന്നും പറഞ്ഞു. വ്യത്യസ്ത ഭാഷകളെ നന്നായി കൈകാര്യം ചെയ്ത നടന്മാരെയും എം. ജി. രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കൊയിലാണ്ടിക്കാരുടെ വെഞ്ഞാറമൂട് ഭാഷ

‘എന്തുകൊണ്ടാണ് പ്രാദേശിക സ്വത്വത്തില്‍ ഊന്നുന്ന ഭേദപ്പെട്ട സിനിമകളില്‍ പോലും പ്രധാന കഥാപാത്രങ്ങള്‍ ആ പ്രദേശവുമായി ഒരു ബന്ധവും ഇല്ലാത്ത മലയാളത്തില്‍ സംസാരിക്കുന്നത്? വടക്കേ മലബാറിലെ തീയ സമുദായത്തിന്റെ സ്വത്വം കേന്ദ്രവിഷയമെന്ന് കരുതപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്‍മക്കളിലെ’ പ്രധാന കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കുന്ന മികച്ച നടന്മാര്‍ മൂന്ന് പേര്‍ ഉടനീളം സംസാരിക്കുന്നത് തൃശൂര്‍ – തിരുവനന്തപുരം മലയാളം.

എന്നാല്‍ നാട്ടുകാര്‍ ആയ മറ്റ് കഥാപാത്രങ്ങള്‍ കുറെയും ഭാഷയില്‍ സ്വാഭാവികമായ വടക്കന്‍ വഴക്കം സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ കൊയിലാണ്ടിക്കാരായ കഥാപാത്രങ്ങളായി അലന്‍സിയറും സുരാജും മറ്റും പറയുന്നത് എല്ലാം തനി തിരുവനന്തപുരം മലയാളം. ഇടയ്ക്ക് ഇടയ്ക്ക് മാത്രം പുട്ടിന് പീര എന്ന പോലെ ഇവര്‍ തട്ടുന്ന ‘ഓനും’ ‘ഓളും’ ഒക്കെ പരിഹാസ്യം. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരാണ് ഇവര്‍ ഒന്ന് പേരും എന്നോര്‍ക്കണം.

അതേസമയം പതിവില്ലാതെ പുതുമുഖ നടന്‍ തോമസ് മാത്യു അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മലയാളി അത്യാവശ്യം അവിടുത്തെ ശൈലിയില്‍ ഇംഗ്ലീഷ് പറയുന്നുമുണ്ട്. ഒരു പാതിരാ സ്വപ്നം പോലെ എന്ന ദേശീയ അവാര്‍ഡ് നേടിയ ഷോര്‍ട്ട് ഫിലിം എടുത്ത ആളും കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിട്ടൂട്ട് ബിരുദധാരിയും ഒക്കെയായ സംവിധായകന്‍ ശരണ്‍ വേണുഗോപാല്‍ അടക്കം യുവാക്കളായ പ്രതിഭാധനരാണ് ഈ ചിത്രത്തിന്റെ ശില്‍പികള്‍ എന്നുമോര്‍ക്കണം. വലിയ നടന്മാരോട് ഭാഷയുടെ കാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ പുതുമുഖ സംവിധായകര്‍ക്ക് ഭയം ഉണ്ടോ? അതേ സമയം ഈയിടെ പുറത്തുവന്ന പല ന്യൂജെന്‍ സംവിധായകരുടെ ചിത്രങ്ങളില്‍ പലതിലും കാസര്‍കോട്ടെയും കണ്ണൂരിലെയും മലപ്പുറത്തെയും പ്രാദേശിക മലയാളം നന്നായി നിറഞ്ഞു നിന്നത് ഓര്‍ക്കുന്നു.

ഏതെങ്കിലും ഒരു പ്രദേശത്തിന്റെ ഭാഷയുടെ ഗുണത്തെയോ ദോഷത്തെയോ പറ്റിയല്ല പറയുന്നത്. എല്ലാ പ്രാദേശിക വഴക്കത്തിനും അതിന്റെ ശക്തിയും ദൗര്‍ബല്യവും ഉണ്ടാകാം. കുറച്ച് മുമ്പ് മലയാള സിനിമയില്‍ സവര്‍ണ അധിനിവേശം വന്ന വരിക്കാശേരിക്കാലത്ത് എല്ലാ കഥാപാത്രങളും വള്ളുവനാടന്‍ സവര്‍ണ ഭാഷ പറഞ്ഞിരുന്നത് ഓര്‍ക്കുന്നു. വള്ളുവനാട്ടുകാരായ ജഗന്നാഥനും ഇന്ദുചൂഡനും തൃശൂര്‍ക്കാരനായ ജയകൃഷ്ണനും ഒക്കെ ആയി തിളങ്ങിയെങ്കിലും മോഹന്‍ലാല്‍ തന്നെയും ഇക്കാര്യത്തില്‍ അല്‍പം കഷ്ടപ്പെട്ടിരുന്നു. അതുല്യ നടിമാരായിരുന്ന ആറന്മുള പൊന്നമ്മ, കവിയൂര്‍ പൊന്നമ്മ, സുകുമാരി എന്നിവര്‍ക്കും ഉണ്ടായിരുന്നു ഈ പ്രശ്‌നം.

കഥാപാത്രത്തിന് യോജിച്ച ഭാഷ പറയാന്‍ എന്തുകൊണ്ട് നല്ല നടന്‍മാര്‍ പോലും ചെറിയ ശ്രമം പോലും നടത്തുന്നില്ല? ഈ ചിത്രത്തില്‍ തമ്മില്‍ ഭേദം സ്വന്തം ഭാഷയുടെ സ്വാധീനം നന്നായി ഉണ്ടെങ്കിലും ജോജു ജോര്‍ജ് ആണ്. പണ്ട് പ്രേം നസീറും തിക്കുറിശ്ശിയും ഒക്കെ ഇങ്ങനെ ആയിരുന്നു. അവര്‍ സിനിമയില്‍ ഇംഗ്ലീഷ് വാക്ക് പറയുമ്പോള്‍ പോലും തിരുവനന്തപുരം കടന്നു വന്നു. അവരുടെ ‘ബാംബെ’യും ‘വൊയ്ഫും’ ഒക്കെ ഓര്‍ക്കുക. എങ്കിലും ഇപ്പോഴത്തെ കാര്യം ആലോചിക്കുമ്പോള്‍ അവര്‍ ഒക്കെ വളരെ ഭേദം എന്ന് തോന്നുന്നു .

ഗംഭീര നടനായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന വള്ളുവനാട്ടുകാരനെക്കൊണ്ട് കഥാപുരുഷനിലെ ആനക്കാരന്റെ റോളില്‍ അനായാസം ഓണാട്ടുകര ഭാഷ പറയിച്ച കാര്യം ഈയിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഒടുവില്‍ കുറച്ചു കാലം KPAC യില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത് അദ്ദേഹത്തിന് കഴിഞ്ഞതത്രേ. മണിച്ചിത്രത്താഴില്‍ തനി കോഴിക്കോടനായ കുതിരവട്ടം പപ്പു തിരുവിതാംകൂര്‍ ഭാഷ ശ്രമിച്ചത് ഓര്‍ക്കുന്നു.

ഇപ്പോഴും ഈ പ്രാഥമിക കാര്യം എന്തു കൊണ്ട് മികച്ച അഭിനേതാക്കളും സംവിധായകരും പോലും ശ്രദ്ധിക്കുന്നില്ല? കഥാപാത്രങളുടെ തദ്ദേശീയ ഭാഷാ വഴക്കത്തില്‍ കാര്യമായി ശ്രദ്ധിക്കുന്ന നമ്മുടെ ചുരുക്കം നടന്മാരില്‍ പെട്ട മമ്മുട്ടിക്കും ബിജു മേനോനും ഒക്കെ നന്ദി പറയാതെ വയ്യ,’ എം. ജി. രാധാകൃഷ്ണന്‍ കുറിച്ചു.

നവാഗതനായ ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. തിയേറ്ററില്‍ കാര്യമായ രീതിയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒ.ടി.ടിയില്‍ ഇറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിവിധതരത്തിലുള്ള ചര്‍ച്ചകളുയരുകയാണ്.

Content highlight: M G Radhakrishnan’s face book post about criticism of Narayaneente Moonnaanmakkal movie