വേണ്ട രീതിയില്‍ പരസ്യം നല്‍കാതെയാണ് പ്രവേശനം നടത്തിയതെന്ന് ജയിംസ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവേശന നടപടികള്‍ ആദ്യഘട്ടം മുതല്‍ തുടങ്ങാനും കമ്മിറ്റി നിര്‍ദേശിച്ചു.
ഏകപക്ഷീയമായാണ് പ്രവേശനം നടത്തിയതെന്നും പരീക്ഷ എഴുതാനോ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനോ സാധിച്ചിട്ടില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനത്തിലെ ക്രമക്കേടുകളെക്കുറിച്ച് പരിശോധിക്കുന്ന സമിതിയാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റി.
പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങളും അപേക്ഷകളുമടക്കം കമ്മിറ്റി പരിശോധിച്ചാണ് പ്രവേശനം റദ്ദാക്കാനുള്ള തീരുമാനം എടുത്തത്.
പ്രാഥമിക പരിശോധനയില്‍ തന്നെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
സ്വാശ്രയ ഡെന്റല്‍കോളേജ് കണ്‍സോര്‍ഷ്യത്തില്‍ അംഗമല്ലാത്ത എം.ഇ.എസ്, കണ്‍സോര്‍ഷ്യത്തിനായി നടത്തിയ പരീക്ഷയില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിച്ചെന്ന് കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിച്ച നിരവധി കുട്ടികളുടെ അപേക്ഷകള്‍ തള്ളിക്കളഞ്ഞെന്നും കണ്ടെത്തി.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാ ഫലം വരുന്നതിന് മുന്‍പ് പ്രവേശനം പൂര്‍ത്തിയാക്കാന്‍ സമര്‍പ്പിച്ച ഷെഡ്യൂള്‍ ജെയിംസ് കമ്മിറ്റി പുന:ക്രമീകരിച്ചതിനെത്തുടര്‍ന്നാണ് എം.ഇ.എസ് ഹൈക്കോടതിയെ സമീപിച്ചത്.
ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ജയിംസ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.