ഗിരീഷ് പുത്തഞ്ചേരിക്ക് വേണ്ടി പാട്ടെഴുതാന്‍ സംവിധായകന്‍ ഭരതനോട് അവസരം ചോദിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഗാനരചയിതാവ് എം.ഡി രാജേന്ദ്രന്‍. ഓര്‍മയില്‍ എന്നും എന്ന അമൃത ടി.വിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആകാശവാണിയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഞാന്‍ ഒന്നിച്ച് ദേവരാഗത്തിനും സാക്ഷ്യത്തിനും വര്‍ക്ക് ചെയ്യുന്നത്. രണ്ടിന്റേയും റെക്കോഡിങ് എ.വി.എം സ്റ്റുഡിയോയില്‍ ഒന്നിച്ചാണ് നടക്കുന്നത്. ദേവരാഗത്തില്‍ ഭരതന് വേണ്ടി ഞാന്‍ ഏഴ് പാട്ടാണ് ചെയ്യേണ്ടത്. എ.വി.എം സിയില്‍ ജോണ്‍സണ്‍ സംഗീതം ചെയ്യുന്ന പാട്ടിന് വരിയെഴുതണം. അതും മൂന്ന് പാട്ടിന്. മോഹനനാണ് ആ സിനിമയുടെ സംവിധായകന്‍.
അങ്ങനെ ഞാന്‍ എ.വി.എം സ്റ്റുഡിയോയിലേക്ക് പോകാന്‍ വേണ്ടി തീവണ്ടിയില്‍ കയറിയപ്പോള്‍ ഒരു സാധാരണക്കാരാനായ യുവാവ് എന്റെ അടുത്ത് വന്ന് ഇരുന്നിട്ട് ‘സാര്‍ രണ്ട് സിനിമക്കും ഒന്നിച്ച് പാട്ടെഴുതുന്നു എന്ന് ഞാന്‍ പത്രത്തില്‍ വായിച്ചു. ഭരതന്റേയോ മോഹനന്റേയോ പടത്തില്‍ പാട്ടെഴുതണം എന്നുള്ളത് എന്റെ വലിയ ആഗ്രഹമാണ്. അതുകൊണ്ട് ഇതില്‍ രണ്ടില്‍ ആരുടെയെങ്കിലും ഒരു പടത്തില്‍ പാട്ടെഴുതാന്‍ എനിക്ക് അവസരം വാങ്ങി തരണം’ എന്ന് ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു.
ഞാന്‍ പറയാമെന്ന് പറഞ്ഞ് ഭരതേട്ടനോട് ഫോണ്‍ വിളിച്ച്, ഇങ്ങനെ ഒരു പയ്യനുണ്ട്. പാട്ടെഴുതാനാണ് ആഗ്രഹം, എല്ലാ പാട്ടും ഞാന്‍ എഴുതാതെ ഒരെണ്ണം അവനെ കൊണ്ട് എഴുതിപ്പിച്ചാലോ എന്ന് ചോദിച്ചു. ‘നിന്റെ അമ്മാവനാണോ എഴുതാന്‍ പോകുന്നയാള്‍, അല്ലല്ലോ, നിന്നോട് പറഞ്ഞാല്‍ നീ എഴുതിയാല്‍ മതി’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മോഹനന്‍ ആണെങ്കില്‍ ആ ചോദ്യത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല. അങ്ങനെ ഞാന്‍ അയാളോട് അത് നടക്കില്ല എന്ന് പറഞ്ഞു. അദ്ദേഹം വളരെ നിരാശനായി, ദുഃഖിതനായി അവിടെ നിന്ന് പോയി.
ആ ചോദിച്ച ആളുടെ പേരാണ് ഗിരീഷ് പുത്തഞ്ചേരി. പുള്ളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മോഹനന്റേയും ഭരതന്റേയും ചിത്രത്തിന് പാട്ടെഴുത്തുക എന്നുള്ളത്. ഭരതന്‍ നിരാകരിക്കാന്‍ കാരണം, ഇപ്പോള്‍ വന്നിരിക്കുന്നത് തന്നെ ഒരു പുതിയ മ്യൂസിക്ക് ഡയറക്ടര്‍ ആണ്. അതും ഒരു തെലുങ്കന്‍ മലയാളം അറിയില്ല. അതിന്റെ കൂടെ ഒരു പുതിയ പാട്ടെഴുത്തുകാരനെ കൂടി കൊണ്ടുവന്നാലുള്ള ബുദ്ധിമുട്ടാണ് ഭരതന്‍ ആലോചിച്ചത്.
അങ്ങനെ ഗിരീഷിന്റെ ആ ചാന്‍സ് ആരോ തട്ടിക്കളഞ്ഞു. അതിന് ഗിരീഷ് എങ്ങനെയാ പ്രതികാരം ചെയ്തതെന്നറിയുമോ, ഞാന്‍ എഴുതേണ്ട മോഹനന്റെ പദത്തിന് പാട്ടെഴുത്തുകയും ആദ്യത്തെ പാട്ടിന് തന്നെ അവാര്‍ഡ് വാങ്ങിക്കുകയും ചെയ്തു,’ എം.ഡി രാജേന്ദ്രന്‍ പറയുന്നു.
Content Highlight: M D Rajendran Talks About Bharathan And Gireesh Puthanchery