| Monday, 3rd June 2019, 10:01 pm

'പ്രകാശ് അംബേദ്ക്കറും സഖ്യവും പരോക്ഷമായി ബിജെപിയെ സഹായിച്ചു'; ദളിത് സമൂഹത്തിനിടയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രകാശ് അംബേദ്ക്കറിന്റെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ അഘാഡി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യത്തെ പരോക്ഷമായി സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് ദളിത് സമൂഹത്തെ ബോധ്യപ്പെടുത്തുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന്റെ ഭാഗമായി ദളിത് സമൂഹത്തിനിടയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്തെ ദളിത് സമൂഹത്തെ തങ്ങളോടൊപ്പം നിര്‍ത്താനാവശ്യമായ നടപടികളെ കുറിച്ച് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. വഞ്ചിത് ബഹുജന്‍ അഘാഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനുണ്ടാക്കിയ ക്ഷീണത്തെ കുറിച്ച് കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ യോഗത്തില്‍ വിശദീകരിച്ചു.

‘ഞങ്ങള്‍ സംസ്ഥാനത്തെ ദളിത് സമൂത്തോട് വിശദീകരിക്കും, ഡോ. ബിആര്‍ അംബേദ്ക്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ എങ്ങനെയാണ് പരോക്ഷമായി വഞ്ചിത് ബഹുജന്‍ അഘാഡി സഹായിച്ചതെന്ന്. കോണ്‍ഗ്രസിന് മാത്രമേ ഭരണഘടനയെ സംരക്ഷിക്കാന്‍ ആവൂ എന്ന്. അതിനാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങളെ സഹായിക്കണമെന്ന്’- ഇന്നലെ യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. യോഗത്തില്‍ നിതിന്‍ റാവത്ത്, എക്‌നാത് ഗെയ്ക്കവാദ്, വര്‍ഷ ഗെയ്ക്ക്‌വാദ് എന്നീ നേതാക്കളും പങ്കെടുത്തു.

കോണ്‍ഗ്രസ് സഖ്യത്തിന്റെ 11 സീറ്റുകളിലെ പരാജയത്തിന് വഞ്ചിത് ബഹുജന്‍ അഘാഡി കാരണമായെന്നാണ് കരുതുന്നത്. ഏഴ് ശതമാനം വോട്ട് വഞ്ചിത് ബഹുജന്‍ അഘാഡിക്ക് ലഭിച്ചു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ അശോക് ചവാന്‍, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ തോല്‍വിയ്ക്കും വഞ്ചിത് ബഹുജന്‍ അഘാഡി കാരണമായി.

We use cookies to give you the best possible experience. Learn more