| Sunday, 10th April 2022, 1:41 pm

എം.സി. ജോസഫൈന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്‍ (74) അന്തരിച്ചു. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ  ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയാണ് (2017 2021). ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

വിദ്യാര്‍ഥി-യുവജന-മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ല്‍ സി.പി.ഐ.എം അംഗത്വം. 1984ല്‍ സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലെത്തി.

2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. നിലവില്‍ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി.

1948 ആഗസ്ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര-മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. സി.ഐ.ടി.യു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി.എ. മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി. മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.

Content Highlights: M.C Josephine passed away

We use cookies to give you the best possible experience. Learn more