| Monday, 2nd December 2024, 4:47 pm

സൂക്ഷ്മദര്‍ശിനിയില്‍ നസ്രിയയെ എടുക്കാം എന്ന് തീരുമാനിച്ചപ്പോള്‍ വെല്ലുവിളിയായത് ആ കാര്യം: സംവിധായകന്‍ എം.സി. ജിതിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് സൂക്ഷ്മദര്‍ശിനി. ബേസില്‍ ജോസഫ്, നസ്രിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നോണ്‍സെന്‍സിന് ശേഷം ജിതിന്‍ സംവിധാനം ചെയ്ത ചിത്രം പ്രിയദര്‍ശിനി എന്ന വീട്ടമ്മയുടെയും അയല്‍വാസിയായ മാനുവലിന്റെയും കഥയാണ് പറയുന്നത്.

സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എം.സി. ജിതിന്‍. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് ആരാധകനാണ് താനെന്നും ഹിച്ച്‌കോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂക്ഷ്മദര്‍ശിനിയുടെ കഥ പറഞ്ഞതെന്നും ജിതില്‍ പറഞ്ഞു. സിനിമയുടെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ വനിതാ ഡിറ്റക്ടീവായിരുന്നു മനസിലെന്നും നസ്രിയയുടെ പേര് പറയുന്നത് നിര്‍മാതാക്കളില്‍ ഒരാളായ സമീര്‍ താഹിര്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഥാപാത്രത്തിന്റെ പ്രായഘടനയിലേക്ക് നസ്രിയയെ കൊണ്ടുവരിക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ജിതിന്‍ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു എം.സി. ജിതിന്‍.

‘മലയാളത്തില്‍ കൂടുതലും നമ്മള്‍ കണ്ടു ശീലിച്ചിരിക്കുന്നത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രങ്ങളാണ്. ഒരു ക്രൈം നടക്കുന്നു, അത് തെളിയിക്കാനുള്ള അന്വേഷണം എന്ന പാറ്റേണ്‍. ഞാനൊരു ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് ആരാധകനാണ്. അദ്ദേഹത്തിന്റെ കഥകളില്‍ നിന്നുള്ള പ്രചോദനമാണ് ഈ രീതിയില്‍ കഥ പറയാന്‍ എന്നെ സഹായിച്ചത്.

പരമാവധി വിവരങ്ങള്‍ മുന്‍കൂറായി നല്‍കുകയും അതേസമയം കഥാഗതിയുടെ നിഗൂഢത നിലനിര്‍ത്തുകയും ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ശൈലിയിലുള്ള ചിത്രങ്ങളില്‍ എന്തുകൊണ്ട് മിസ്റ്ററി പറഞ്ഞുകൂടാ എന്ന ചിന്തയും ഒരു വനിതാ ഡിറ്റക്ടീവിനെ അവതരിപ്പിക്കണമെന്ന ആഗ്രഹവും സൂക്ഷ്മദര്‍ശിനിയുടെ ആശയത്തിന് കരുത്തേകി.

സിനിമയുടെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഇതു സ്ത്രീ കഥാപാത്രങ്ങളുടെ വീക്ഷണകോണില്‍ പറയണമെന്നും എല്ലാ സ്ത്രീ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം ഉറപ്പാക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ പൂര്‍ണമായും മുന്നോട്ടു പോകുന്നത്.

ഇതില്‍ ബേസില്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി മറ്റൊരു നടനെയാണ് ആദ്യം സമീപിച്ചത്. അതു പക്ഷേ നടന്നില്ല. പിന്നാലെയാണ് നായികയെ അന്വേഷിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ നിര്‍മാതാക്കളില്‍ ഒരാളായ സമീര്‍ താഹിറാണ് നസ്രിയയുടെ പേരു പറയുന്നത്. കഥാപാത്രത്തിന്റെ പ്രായഘടനയിലേക്ക് നസ്രിയയെ കൊണ്ടുവരിക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ബേസിലിന് മിന്നല്‍ മുരളിയുടെ സമയം മുതല്‍ ഈ കഥ അറിയാമായിരുന്നു,’ എം.സി. ജിതിന്‍ പറയുന്നു.

Content Highlight: M.C Jithin Talks About Casting Nazriya Nazim In Sookshmadarshini Movie

We use cookies to give you the best possible experience. Learn more