മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ബേസിൽ ജോസഫും നസ്രിയയും പ്രധാന വേഷത്തിൽ എത്തിയ സൂക്ഷ്മദർശിനി. ഒരു ഇട്ടാവട്ടത്തെ നാട്ടുകാരുടെ കഥയും അയൽപക്ക ജീവിതവും പറയുന്ന സിനിമയാണ് സൂക്ഷ്മ ദർശനി. അതിൽ ത്രില്ലർ കൂടി ചേർത്താണ് സംവിധായകൻ എം.സി. ജിതിൻ സിനിമ ഒരുക്കിയിട്ടുള്ളത്.
നോൺസെൻസ് എന്ന സിനിമയ്‌ക്ക് ശേഷം എം.സി സംവിധാനം ചെയ്ത സിനിമ നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണ്. സൂക്ഷ്മദർശിനി ഹിന്ദിയിൽ ഒരു നടിയെ വെച്ച് ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാൽ പിന്നീടത് ഡ്രോപ്പായെന്നും എം.സി ജിതിൻ പറയുന്നു. സമീർ താഹിർ പറഞ്ഞിട്ടാണ് നസ്രിയയെ കുറിച്ച് ആലോചിക്കുന്നതെന്നും മിന്നൽ മുരളിയുടെ ടൈമിൽ തന്നെ ബേസിൽ കഥ കേട്ടിട്ടുണ്ടെന്നും എം.സി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നോൺസെൻസിൻ്റെ റീമേക്ക് ചെയ്യാനായി ഹിന്ദിയിൽ നിന്ന് വിളിച്ചിരുന്നു. എന്നാൽ, നിർമാതാവുമായുള്ള പ്രശ്‌നങ്ങൾ കാരണം അതിന് കഴിയുമായിരുന്നില്ല. തുടർന്ന്, സൂക്ഷ്മദർശിനിയുടെ ആശയം പറഞ്ഞു. അവിടെയുള്ള ലേഡി സൂപ്പർ സ്റ്റാറിനെ വച്ച് പ്ലാൻ ചെയ്തു.
പക്ഷേ, ഡ്രോപ്പായി. തുടർന്ന് അവരാണ് മലയാളത്തിൽ ചെയ്യാൻ നിർദേശിച്ചത്. പലരോടും കഥ പറഞ്ഞശേഷമാണ് ഹാപ്പി അവേഴ്‌സിനോട് പറയുന്നത്. കൊവിഡ് സമയത്ത് ചെയ്യാൻ പറ്റുന്ന പടം എന്നതുകൂടിയാണ് അവരെ ആകർഷിച്ചത്.
2021ൽ ഒരു സ്റ്റാറിനെ വച്ചാണ് മലയാളത്തിൽ തീരുമാനിച്ചത്. എന്നാൽ, നടന്നില്ല, അപ്പോഴാണ് സമീറിക്ക (സമീർ താഹിർ) നസ്രിയയെക്കുറിച്ച് പറയുന്നത്. സിനിമയുടെ ആലോചന നടക്കുന്ന ഘട്ടത്തിൽ ബേസിൽ ഫ്ലാറ്റിൽ വരാറുണ്ട്. മിന്നൽ മുരളിയുടെ ക്യാമറ സമീറിക്കയായിരുന്നു. അങ്ങനെ ബേസിലിന് കഥ അറിയാം.
ജയ ജയ ജയ ഹേ ഹിറ്റായ ശേഷമാണ് ബേസിലിനെ വച്ച് ചെയ്യാമെന്ന് നോക്കിയത്. ബേസിലിന് കഥ നേരത്തേതന്നെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് നസ്രിയ- ബേസിൽ കൂട്ടുകെട്ട് ഉണ്ടാകുന്നത്,’എം.സി. ജിതിൻ പറയുന്നു.
Content Highlight: M.C.Jithin About Sookshma darshiny Movie First Casting