| Saturday, 30th November 2024, 8:07 am

ഈ ചിത്രം റീമേക്ക് ചെയ്യുന്നത് നടക്കില്ലെന്ന് ഞാൻ പറഞ്ഞു, പിന്നെ എന്തിനാണ് വന്നതെന്ന് അവർ ചോദിച്ചു: എം.സി.ജിതിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ബേസിൽ ജോസഫും നസ്രിയയും പ്രധാന വേഷത്തിൽ എത്തിയ സൂക്ഷ്മദർശിനി. ഒരു ഇട്ടാവട്ടത്തെ നാട്ടുകാരുടെ കഥയും അയൽപക്ക ജീവിതവും പറയുന്ന സിനിമയാണ് സൂക്ഷ്മദർശനി. അതിൽ ത്രില്ലർ കൂടി ചേർത്താണ് സംവിധായകൻ എം.സി. ജിതിൻ സിനിമ ഒരുക്കിയിട്ടുള്ളത്.

നോൺസെൻസ് എന്ന സിനിമയ്‌ക്ക് ശേഷം എം.സി സംവിധാനം ചെയ്ത ചിത്രം നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന പടം കൂടിയാണ്. നോൺസെൻസ്‌ എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരു പ്രൊഡക്ഷൻ ഹൗസ് സമീപിച്ചിരുന്നുവെന്നും എന്നാൽ നിർമാതാക്കളുടെ ചില പ്രശ്നങ്ങൾ കാരണം അത് നടന്നില്ലെന്നും എം.സി പറയുന്നു. സൂക്ഷ്മദർശിനിയുടെ കഥ അന്ന് താൻ പറഞ്ഞപ്പോൾ അവർക്ക് നന്നായി വർക്കായെന്നും മൂവി വേൾഡ് മീഡിയയോട് ജിതിൻ പറഞ്ഞു.

‘ഞാൻ സംവിധാനം ചെയ്ത നോൺസെൻസ്‌ കണ്ടിട്ട് ഹിന്ദിയിലെ ഒരു പ്രൊഡക്ഷൻ ഹൗസിലെ ഒരാൾ എന്നെ വിളിച്ചിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചത് നോൺസെൻസ്‌ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ പറ്റുമോയെന്നായിരുന്നു. കാരണം ആ സിനിമയ്ക്ക് ഹിന്ദിയിൽ ഒരു പൊട്ടെൻഷ്യലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ബൈസിക്കിൾ പരിപാടിക്കും ബി.എം.എക്സിനുമൊക്കെ നോർത്തിലാണ് കുറച്ചുകൂടെ മാർക്കറ്റ്. നമുക്ക് കഥയൊന്ന് മാറ്റിപ്പിടിച്ച് സിനിമ ഇവിടെ ചെയ്താലോയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു, കാരണം എന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ ഹൗസ് ഇങ്ങോട്ട് വിളിക്കുകയായിരുന്നു. എനിക്ക് വേറൊരു വഴിത്തിരിവ് ജീവിതത്തിൽ ഉണ്ടായിട്ടില്ല. അങ്ങനെ ഞാൻ മുംബൈയിലേക്ക് പോയി.

ഞാൻ അവരോട് നോൺസെൻസ്‌ റീമേക്ക് ചെയ്യുന്നത് നടക്കില്ലെന്ന് പറഞ്ഞു. അതിന്റെ നിർമാതാക്കൾ കുറച്ച് പ്രശ്നത്തിലാണെന്ന് ഞാൻ പറഞ്ഞു. പിന്നെ എന്തിനാണ് വന്നതെന്ന് എന്നോട് ചോദിച്ചപ്പോൾ, വേറെ വഴിയില്ലാത്തതുകൊണ്ടാണ് വന്നതെന്ന് പറഞ്ഞു. വേറെ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ കയ്യിലുള്ള ഒരു മൂന്ന് സ്ക്രിപ്റ്റുകളെ കുറിച്ച് പറഞ്ഞു.

അവിടെ നിന്ന് ഇറങ്ങാൻ നേരത്താണ് സൂക്ഷ്മദർശിനിയുടെ ഐഡിയ ഞാൻ പറഞ്ഞത്. അതവർക്ക് നന്നായി വർക്കായി. ഇവിടെ ഒരു നടിയുടെ ഒഴിവുണ്ട്. ഒരു ട്രീറ്റ്മെന്റ് സെറ്റ് ചെയ്തു വന്നാൽ നമുക്കത് പിടിക്കാമെന്ന്. 2019ൽ ആയിരുന്നു. പിന്നെയത് മുടങ്ങിപ്പോയി,’ജിതിൻ പറയുന്നു.

Content Highlight: M.C.Jithin About Nonsense Movie And Sookshmadharshini

We use cookies to give you the best possible experience. Learn more