Advertisement
Kerala News
ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തുടക്കം; മേള ഫലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമെന്ന് എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 26, 04:25 pm
Friday, 26th July 2024, 9:55 pm

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. അതിജീവനത്തിനായി പോരാട്ടം നടത്തുന്ന ഫലസ്തീന്‍ ജനതയ്ക്കുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യമാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മേളയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

കണ്ണില്‍ ചോരയില്ലാത്ത വിവേചനത്തിനെതിരായ പോരാട്ടമാണ് ഫലസ്തീന്‍ ജനതയുടെത്. അതിനുള്ള പിന്തുണയാണ് ഈ മേളയിലെ ഫലസ്തീന്‍ പ്രത്യേക പാക്കേജെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ലോകത്തെ ഉണങ്ങാത്ത മുറിവാണ്. ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് സമാനതകളില്ലാത്തതാണ്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നാല് ഹ്രസ്വചിത്രങ്ങള്‍ ഫലസ്തീനെ കുറിച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ജനാധിപത്യ മാതൃകയാണ് മേളയിലെ തുറന്ന സംവാദ വേദികളെന്നും മന്ത്രി പറയുകയുണ്ടായി. അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന സമൂഹത്തില്‍ ഈ തുറന്ന വേദി സുപ്രധാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ ഹ്രസ്വചിത്രങ്ങള്‍ക്കായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിന്റെ ചലച്ചിത്ര സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ഐ.എഫ്.എഫ്.കെയും ഐ.ഡി.എസ്.എഫ്.എഫ്.കെയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാമൂഹിക പ്രശ്‌നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യൂമെന്ററികളായിരിക്കും മേളയില്‍ പ്രദര്‍ശിപ്പിക്കുകയെന്നും എം.ബി. രാജേഷ് പറഞ്ഞു. രാകേഷ് ശർമയുടെയും ആനന്ദ് പട്‌വര്‍ധന്റെയും ഡോക്യൂമെന്ററികള്‍ വര്‍ഗീയത്തോടുള്ള ചെറുത്തുനില്‍പ്പാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ആറുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 54 രാജ്യങ്ങളില്‍ നിന്നുള്ള 335 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ക്യുറേറ്റര്‍ ആര്‍.പി. അമുദന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Content Highlight: M.B. Rajesh says 16th IDSFFK stands in solidarity with the Palestinian people