തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലെയും ജി.എസ്.ടിയിലെയും ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
കേന്ദ്ര സര്‍ക്കാരിന്റെ വളരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് സി.എ.ജി. കണ്ടെത്തിയിരിക്കുന്നത്.സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാര ഇനത്തില്‍ നിയമ പ്രകാരം നല്‍കേണ്ട 47 272 കോടി രൂപ അവര്‍ക്ക് കൊടുക്കാതെ കേന്ദ്രം വകമാറ്റി ചെലവഴിച്ചിരിക്കുകയാണെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേന്ദ്രത്തിന്റെ ഈ ഗുരുതരമായ ക്രമക്കേട് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കുമെന്നറിയാമായിരുന്നു. അത് ഒഴിവാക്കാന്‍ സി.എ.ജി.റിപ്പോര്‍ട്ട് അവസാന ദിവസം സഭ പിരിയുന്നതിന് തൊട്ടുമുമ്പായി മാത്രം പാര്‍ലമെന്റില്‍ വെയ്ക്കുന്ന തന്ത്രമാണ് കേന്ദ്രം ഉപയോഗിച്ചതെന്ന് രാജേഷ് പറഞ്ഞു.
സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചതും നിയമാനുസൃതം അവര്‍ക്ക് നല്‍കേണ്ടതുമായ നികുതി കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വന്തമാക്കി. എന്നിട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം പറഞ്ഞത് നിങ്ങള്‍ പോയി കടം വാങ്ങിക്കൊള്ളാന്‍. ഇങ്ങനെ വകമാറ്റിയ തുക കാണിച്ച് കേന്ദ്രത്തിന്റെ വരുമാനം കൃത്രിമമായി കൂട്ടിക്കാണിച്ചു എന്ന ഗുരുതരമായ കാര്യവും സി.എ.ജി. പറയുന്നു- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മാധ്യമങ്ങളില്‍ ഒരു ദിവസത്തെ വാര്‍ത്തയായി ഈ വിഷയം ചത്തുപോകുമെന്നും ചര്‍ച്ചയും മുഖപ്രസംഗവും ഈ വിഷയത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെ എങ്ങനെ വരുതിയിലാക്കണമെന്ന് ബി.ജെ.പിയ്ക്ക് അറിയാമെന്നും പത്രസമ്മേളനങ്ങളില്‍ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല ഈ വിഷയം കേട്ടതായി തന്നെ ഭാവിക്കില്ലെന്നും രാജേഷ് പറഞ്ഞു.
ഇടതുപക്ഷമായിരുന്നെങ്കില്‍ ഇവരെല്ലാം കൂടി മദിച്ചു പൊളിച്ചേനെ. അധികാരത്തിലുള്ളവരോട് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും, പക്ഷേ കേന്ദ്രത്തോട് ചോദിക്കുകയേ ഇല്ല- എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ചോദ്യം ചോദിക്കുമോ? ഒരിക്കലെങ്കിലും
കേന്ദ്ര സര്‍ക്കാരിന്റെ വളരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് സി.ഏ.ജി. കണ്ടെത്തിയിരിക്കുന്നു.സംസ്ഥാനങ്ങള്‍ക്ക് GST നഷ്ടപരിഹാര ഇനത്തില്‍ നിയമ പ്രകാരം നല്‍കേണ്ട 47 272 കോടി രൂപ അവര്‍ക്ക് കൊടുക്കാതെ കേന്ദ്രം വകമാറ്റി ചെലവഴിച്ചു ! ഇത് നിയമ വിരുദ്ധമാണ് എന്നും സി.ഏ.ജി കണ്ടെത്തി.
സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചതും നിയമാനുസൃതം അവര്‍ക്ക് നല്‍കേണ്ടതുമായ നികുതി കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വന്തമാക്കി. എന്നിട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം പറഞ്ഞത് നിങ്ങള്‍ പോയി കടം വാങ്ങിക്കൊള്ളാന്‍. ഇങ്ങനെ വകമാറ്റിയ തുക കാണിച്ച് കേന്ദ്രത്തിന്റെ വരുമാനം കൃത്രിമമായി കുട്ടിക്കാണിച്ചു എന്ന ഗുരുതരമായ കാര്യവും സി.ഏ.ജി. പറയുന്നു.
GST മാത്രമല്ല മറ്റു സെസ്സുകളും ഇതുപോലെ കേന്ദ്രം കയ്യിട്ടുവാരിയതായി സി.ഏ.ജി കണ്ടെത്തി
1. ക്രൂഡ് സെസ് 1.24 ലക്ഷം കോടി ബോര്‍ഡിന്ന് കൈമാറാതെ കേന്ദ്രം ഉപയോഗിച്ചു.
2. ആരോഗ്യ-വിദ്യാഭ്യാസ സെസ്സായി പിരിച്ചത് 413 09 കോടി. പക്ഷേ ആരോഗ്യ മേഖലക്ക് ചില്ലിക്കാശ് കൊടുത്തില്ല !
3. റോഡ്‌സെസ് പിരിച്ചത് 10 157 കോടി. അത് റോഡ്, പശ്ചാത്തല സൗകര്യത്തിന് വിനിയോഗിച്ചില്ല.
4. സാമുഹിക ക്ഷേമ സര്‍ചാര്‍ജ് പിരിച്ചത് 8871 കോടി. അത് പ്രത്യക കരുതല്‍ നിധിയില്‍ സൂക്ഷിക്കണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിച്ചു.കരുതല്‍ നിധിപോലും ആരംഭിച്ചില്ല.
ആകെ ഏതാണ്ട് 2.33 ലക്ഷം കോടിയുടെ ക്രമക്കേട്.നിയമവും ചട്ടവും വ്യവസ്ഥയുമെല്ലാം ചവിട്ടിമെതിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഈ കബളിപ്പിക്കല്‍ പുറത്തു കൊണ്ടുവന്നത് ഭരണഘടനാ സ്ഥാപനമായ സി.എ.ജി.
ഈ ഗുരുതരമായ ക്രമക്കേട് പാര്‍ലിമെന്റിനെ പ്രക്ഷുബ്ധമാക്കുന്നത് ഒഴിവാക്കാന്‍ സി.ഏ.ജി.റിപ്പോര്‍ട്ട് അവസാന ദിവസം പിരിയുന്നതിന് തൊട്ടുമുമ്പായി മാത്രം പാര്‍ലിമെന്റില്‍ വെയ്ക്കുന്ന കുടില കൗശലം ഉപയോഗിച്ചു. മാദ്ധ്യമങ്ങളില്‍ ഒരു ദിവസത്തെ വാര്‍ത്തയായി ഇത് ചത്തു പോകും. ചര്‍ച്ചയും മുഖപ്രസംഗവും പരമ്പരയും തുടര്‍ച്ചയായ വന്‍ തലക്കെട്ടുകളും കാര്‍ട്ടൂണുകളും നിങ്ങള്‍ക്ക് കാണാനാവില്ല. ആഘോഷം ഒട്ടുമുണ്ടാവില്ല. മാദ്ധ്യമങ്ങളെ എങ്ങിനെ വരുതിക്ക് നിര്‍ത്തണമെന്ന് ബി.ജെ.പിക്ക് അറിയാം. മീഡിയാ മാനിയ ഒട്ടുമില്ലാത്ത ചെന്നിത്തല പത്രസമ്മേളനത്തില്‍ ഇത് കേട്ടതായി ഭാവിക്കില്ല.കേന്ദ്രത്തിന്റെ വെറും 2.33 ലക്ഷം കോടിയുടെ ക്രമക്കേടായി പോയില്ലേ? ഇടതുപക്ഷമായിരുന്നെങ്കില്‍ ഇവരെല്ലാം കൂടി മദിച്ചു പൊളിച്ചേനെ.
അധികാരത്തിലുള്ളവരോട് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും, പക്ഷേ കേന്ദ്രത്തോട് ചോദിക്കുകയേ ഇല്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: M B rajesh face book post CAG report