അവര്‍ക്കും ആത്മാഭിമാനമുണ്ട്; സര്‍ക്കാര്‍ നല്‍കുന്ന വീടുകളില്‍ കേന്ദ്രസര്‍ക്കാര്‍ ചാപ്പകുത്തരുത്: എം.ബി രാജേഷ്
Kerala News
അവര്‍ക്കും ആത്മാഭിമാനമുണ്ട്; സര്‍ക്കാര്‍ നല്‍കുന്ന വീടുകളില്‍ കേന്ദ്രസര്‍ക്കാര്‍ ചാപ്പകുത്തരുത്: എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2023, 8:13 pm

കോഴിക്കോട്: നിര്‍ധനരായ ആളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് നിര്‍മിക്കുന്ന വീടുകളില്‍ ചാപ്പകുത്തരുതെന്ന് മന്ത്രി എം.ബി. രാജേഷ്. കേരള സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച വീടുകളിലൊന്നും തന്നെ ലൈഫ് പദ്ധതിയുടെയോ മുഖ്യമന്ത്രിയോ ഫോട്ടോ പതിപ്പിക്കുന്നില്ലെന്നും ഈ രീതി കേന്ദ്രസര്‍ക്കാറും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട് നല്‍കുന്നത് സര്‍ക്കാറുകളുടെ ഔദാര്യമല്ലെന്നും വീട്ടില്ലാത്ത ജനങ്ങളുടെ അവകാശമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വീട് വെക്കാന്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ്. കേരളം കൊടുക്കുന്നതിന്റെ പകുതിയെങ്കിലും കൊടുക്കുന്ന ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേര് പറയാന്‍ സാധിക്കുമോ? കേന്ദ്രസര്‍ക്കാര്‍ പഞ്ചായത്തില്‍ വീട് വെക്കാന്‍ നല്‍കുന്നത് വെറും 72,000 രൂപയാണ്. 72,000 രൂപയ്ക്ക് ഒരു ശൗചാലയം നിര്‍മിക്കാന്‍ കഴിയുമോ?

കേവലം 32,171 വീടുകള്‍ക്കാണ് കേന്ദ്രം 72,000 രൂപ നല്‍കുന്നത്. കേരളം നല്‍കുന്നത് 4,81,000 പേര്‍ക്കും. കേവലം 32170 വീടുകള്‍ക്ക് 72,000 വെച്ച് നല്‍കുന്ന കേന്ദ്രം ആവശ്യപ്പെടുന്നത് എല്ലാ വീടിന്റെ മുകളിലും PMYA എന്ന് എഴുതി വെക്കാനാണ്. എഴുതി വെച്ചാല്‍ മാത്രം പോര പ്രധാനമന്ത്രിയുടെ ചിത്രം കൂടി വെയ്ക്കണം.

കേന്ദ്രം നല്‍കുന്നത് വെറും 72000 രൂപയാണ് എന്നാല്‍ 4,00,000 രൂപ അനുവദിക്കുന്ന കേരളം ഇതുവരെ വീടുകളില്‍ മുകളില്‍ ലൈഫ് എന്നോ മുഖ്യമന്ത്രിയുടെ ചിത്രവും പതിപ്പിച്ചിട്ടില്ല. വീടുകള്‍ നല്‍കുന്നത് ഔദാര്യമോ സമ്മാനമാ ആയല്ല സര്‍ക്കാര്‍ കാണുന്നത് മറിച്ച് വീടില്ലാത്ത ജനങ്ങളുടെ അവകാശം സാധ്യമാക്കി കൊടുക്കുകയാണ് തങ്ങളു ഉത്തരവാദിത്തം. അതാണ് തങ്ങള്‍ നിറവേറ്റുന്നത്,’ മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നടപ്പിടിയോടുള്ള എതിര്‍പ്പ് കേരളം അറിയിച്ചിട്ടുണ്ട് നടപടി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടന്നും വേദിയില്‍ മന്ത്രി പറഞ്ഞു. വീടുകളില്‍ ചാപ്പകുത്തിയാല്‍ ആ വീട്ടിലെ മനുഷ്യരുടെയും കുട്ടികളുടെയും അത്മാഭിമാനത്തെയും അന്തസ്സിനെയുമാണ് അത് മുറിവേല്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 റൈട് ടു ലൈഫ് എന്നാണ്. ജീവിക്കാനുള്ള അവകാശം എന്നത് അന്തസ്സായി ജീവിക്കാനുള്ള ആവകാശമാണെന്ന് സുപ്രീം കോടതി വ്യഖ്യാനിച്ചിട്ടുണ്ട്. അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിനെതിരാണ് വീടിന്റെ എല്ലാം മുന്നില്‍ ഇത് സര്‍ക്കാര്‍ ഔദാര്യം നല്‍കുന്നത് എന്ന് ചാപ്പകുത്തുന്നത്,’ മന്ത്രി പറഞ്ഞു.

content highlight : M.B Rajesh criticize central govenment for keeping emblem on government provided house