തിരുവനന്തപുരം: കേരളത്തില്‍ മാധ്യമവേട്ടയാണെന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് നടന്നിട്ടുള്ള മാധ്യമവേട്ടകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ആഴ്ചകളോളം ജയിലിലിട്ട് പീഡിപ്പിച്ചതും ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് കൊണ്ടു പോയതും കേരളത്തിലായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തില്‍ പതിമൂന്ന് ചോദ്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.
രാജ്ദീപ് സര്‍ദേശായിയും വിനോദ് കെ.ജോസുമടക്കമുള്ള വിഖ്യാതരായ പത്രാധിപന്മാര്‍ക്കും അനേകം മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതും, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷത്തിലധികം ജയിലിലിട്ടതിനെയും, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള കോവിഡ് റിപ്പോര്‍ട്ട്, പെഗാസസ് റിപ്പോര്‍ട്ട്, സ്റ്റാന്‍ സ്വാമിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവയുടെ പേരില്‍ ഔട്ട്‌ലുക്ക് എഡിറ്റര്‍ റുബേന്‍ ബാനര്‍ജിയെയും സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ തന്നെ പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോബി ഘോഷിനെയും പുറത്താക്കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
മാധ്യമപ്രവര്‍ത്തകരെ പ്രസ്റ്റിറ്റിയൂട്ട്‌സ് (Prestitutse) എന്നുവിളിച്ച് ആക്ഷേപിച്ച കേന്ദ്ര മന്ത്രി ബി.ജെ.പിക്കാരനല്ലേയെന്നും തങ്ങള്‍ക്കിഷ്ടമല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഈ വിശേഷണം ഉപയോഗിക്കുന്നതും ബി.ജെ.പിക്കാരല്ലേയെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് 12 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും മന്ത്രി ചൂണ്ടിക്കാട്ടി. എന്‍.ഡി.ടി.വി, ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും സംപ്രേഷണം തടഞ്ഞതും കേരള സര്‍ക്കാരായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള മാധ്യമവേട്ടകള്‍ കേരളത്തില്‍ നടന്നിട്ടുണ്ടോയെന്നും എന്നിട്ടാണ് കേരളത്തില്‍ മാധ്യമവേട്ടയാണെന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് പ്രകാശ് ജാവദേക്കറുടെ വകയാണ്. കേരളത്തില്‍ മാധ്യമവേട്ടയെന്നാണ് ജാവദേക്കറുടെ കണ്ടുപിടുത്തം. താഴെ പറയുന്ന കാര്യങ്ങള്‍ നടന്നത് എവിടെയാണ് ?
1. പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോ?
2. ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ആഴ്ചകളോളം ജയിലിലിട്ട് പീഡിപ്പിച്ചതും ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് കൊണ്ടുപോയതും കേരളത്തിലായിരുന്നോ?
3. രാജ്ദീപ് സര്‍ദേശായിയും വിനോദ് കെ. ജാസുമടക്കമുള്ള വിഖ്യാതരായ പത്രാധിപന്മാര്‍ക്കും അനേകം മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കേരള സര്‍ക്കാരായിരുന്നോ? യു.പിയിലെ ഹാത്രസ്സില്‍ കൂട്ട ബലാല്‍സംഗവും തുടര്‍ന്നുണ്ടായ മരണവും റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷത്തിലധികം ജയിലിലിട്ടത് കേരള സര്‍ക്കാരാണോ?
4.കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള കോവിഡ് റിപ്പോര്‍ട്ട്, പെഗാസസ് റിപ്പോര്‍ട്ട്, സ്റ്റാന്‍ സ്വാമിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവയുടെ പേരില്‍ ഔട്ട്‌ലുക്ക് എഡിറ്റര്‍ റുബേന്‍ ബാനര്‍ജിയെയും സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ തന്നെ പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോബി ഘോഷിനെയും പുറത്താക്കാന്‍ കാരണം കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നോ?
5. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ എ.ബി.പി ന്യൂസ് വാര്‍ത്താ അവതാരകരായ പ്രസൂന്‍ ബാജ്പൈയെയും അഭിസാര്‍ ശര്‍മയേയും പിരിച്ചുവിടാന്‍ കാരണം കേരള സര്‍ക്കാരായിരുന്നോ?
6. എ.ബി.പി ന്യൂസില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന തന്റെ പരിപാടി യൂട്യൂബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതിന് അഭിസാര്‍ ശര്‍മയെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചത് എവിടെയായിരുന്നു?
7.ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍, 74 കാരനായ പ്രബീര്‍ പുര്‍കായസ്ഥയുടെ വീട്ടില്‍ അദ്ദേഹത്തെയും ഭാര്യയേയും തടഞ്ഞുവെച്ച് 114 മണിക്കൂര്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയത് കേരള സര്‍ക്കാരായിരുന്നോ?
8.വിഖ്യാത വനിതാ മാധ്യമ പ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, റാണ അയൂബ്, ഫയെ ഡിസൂസ എന്നിവരെ തൂക്കിലേറ്റണമെന്ന ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്ന പ്രൗഡ് ഹിന്ദു, സ്വയം സേവക് എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റേതാണോ ?
9. മാധ്യമപ്രവര്‍ത്തകരെ Prestitutes എന്നുവിളിച്ച് ആക്ഷേപിച്ച കേന്ദ്ര മന്ത്രി ബി.ജെ.പിക്കാരനല്ലേ?
10. Prestitutes എന്ന വിശേഷണം ഇപ്പോഴും തങ്ങള്‍ക്കിഷ്ടമില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത് പ്രകാശ് ജാവദേക്കറുടെ പാര്‍ട്ടിക്കാരല്ലേ?
11. കേന്ദ്ര ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് 12 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിയാണോ?
12. എന്‍.ഡി.ടി.വി, ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും സംപ്രേഷണം തടഞ്ഞതും കേരള സര്‍ക്കാരായിരുന്നോ ?
13. മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിനിടയില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് ‘Press Freedom in India under attack’ എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്തതിന് ഉത്തരവാദി കേരള സര്‍ക്കാരാണോ?
പ്രകാശ് ജാവദേക്കറും കൂട്ടരും ഇന്ത്യയില്‍ മുഴുവന്‍ മാധ്യമസംരക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പട്ടികയാണ് മുകളില്‍ കണ്ടത്. ഇതുപോലെ ഏതെങ്കിലുമൊരു സംഭവം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? എന്നിട്ടാണ് കേരളത്തില്‍ മാധ്യമവേട്ടയെന്ന് പറയുന്നത്.
Content Highlight: M B Rajesh criticise prakash javadekkar statement on media