മലയാളിയായ കേന്ദ്രമന്ത്രിയോട് ഒറ്റചോദ്യം, കേരളത്തിനെതിരായ ഈ വിദ്വേഷ പ്രചരണത്തിന് കാരണക്കാരനായതില്‍ കേരള ജനതയോട് മാപ്പ് പറയുമോ?
Kerala News
മലയാളിയായ കേന്ദ്രമന്ത്രിയോട് ഒറ്റചോദ്യം, കേരളത്തിനെതിരായ ഈ വിദ്വേഷ പ്രചരണത്തിന് കാരണക്കാരനായതില്‍ കേരള ജനതയോട് മാപ്പ് പറയുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2023, 4:47 pm

തിരുവനന്തപുരം: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തെ തുടര്‍ന്നുണ്ടായ വിദ്വേഷ പ്രചരണങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നേതാവും മന്ത്രിയുമായ എം.ബി രാജേഷ്. സംഭവത്തിന് പിന്നാലെ ഒരു പ്രത്യേക സമുദായത്തെയും ഇടത് സര്‍ക്കാരിനെയും കേരളത്തെയും സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ക്രൂരമായ വിദ്വേഷ പ്രചരണം ചിലര്‍ അഴിച്ചുവിട്ടതായി എം. ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

വിദ്വേഷ പ്രചരണത്തിന് നേതൃത്വം നല്‍കിയത് കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖരാണെന്നും തുടര്‍ന്ന് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനും അവരുടെ സൈബര്‍ സൈന്യവും അദ്ദേഹത്തിന്റെ വര്‍ഗീയ വീക്ഷണം ഏറ്റെടുത്ത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എം.ബി രാജേഷ് പറഞ്ഞു.

ദൗര്‍ഭാഗ്യവശാല്‍ കേന്ദ്രമന്ത്രി ഒരു മലയാളിയായി പോയെന്നും കേന്ദ്ര ഏജന്‍സികളടക്കമുള്ള അന്വേഷണ വിഭാഗങ്ങളുടെ ആദ്യ പ്രതികരണം പോലും കേള്‍ക്കാന്‍ തയ്യാറാകാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം വിദ്വേഷ പ്രചരണം നടത്തിയതെന്നും രാജേഷ് വിമര്‍ശിച്ചു.

മലയാള മാധ്യമങ്ങളില്‍ ഭൂരിപക്ഷവും വര്‍ഗീയ ശക്തികള്‍ക്കും സമൂഹവിരുദ്ധര്‍ക്കും വിദ്വേഷ പ്രചാരണം നടത്താന്‍ അവസമൊരുക്കാതെ അവരുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സുകള്‍ അടച്ചിട്ടതായും സന്ദര്‍ഭത്തിന് അനുയോജ്യമായ മിതത്വവും പക്വതയും പാലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് സമയോചിതമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സംഭവത്തില്‍ ജനങ്ങള്‍ മാതൃകാപരമായ വിധത്തിലാണ് ഇടപെട്ടതെന്നും രാജേഷ് കുറിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിച്ചവരും അപവാദ പ്രചാരണം നടത്തിയവരും സമൂഹത്തിന് മുന്നില്‍ ഒറ്റപെട്ടുവെന്നും വര്‍ഗീയ വിദ്വേഷികളെ തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞെന്നും എം.ബി രാജേഷ് സൂചിപ്പിച്ചു. തന്റെ നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കേരളത്തിനെതിരായ വിദ്വേഷ പ്രചരണത്തിന് കാരണക്കാരനായതില്‍ കേന്ദ്രമന്ത്രി കേരള ജനതയോട് മാപ്പ് പറയുമോയെന്നും എം.ബി രാജേഷ് ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ എന്തൊരു ദിവസമായിരുന്നു!
രാവിലെ കൊച്ചിക്കടുത്ത് കളമശ്ശേരിയില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് രാവിലെ കേട്ടത്. കുറഞ്ഞ നിമിഷങ്ങള്‍ കൊണ്ട് സംസ്ഥാനമാകെ പരിഭ്രാന്തിയില്‍ മുങ്ങി. ഉടന്‍തന്നെ ബഹു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങള്‍ക്ക് ആശ്വാസവും ധൈര്യവും നല്‍കി. കുറ്റവാളികള്‍ ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.

ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. ഉച്ചയോടെ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍, താനാണ് സ്ഫോടനത്തിന് ഉത്തരവാദിയെന്ന് അവകാശപ്പെട്ട് പൊലീസിന് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയും ചില തെളിവുകള്‍ കൈമാറുകയും ചെയ്തു. അതേസമയം ഒരു പ്രത്യേക സമുദായത്തിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനുമെതിരെയും സംസ്ഥാനത്തെയാകെയും അപകീര്‍ത്തിപ്പെടുത്താനുള്ള ക്രൂരമായ വിദ്വേഷ പ്രചാരണം ചിലര്‍ അഴിച്ചുവിട്ടു.

സ്‌ഫോടനം നടന്ന വാര്‍ത്ത പുറത്തുവന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിദ്വേഷ പ്രചരണത്തിന് നേതൃത്വം നല്‍കിയത് മറ്റാരുമല്ല, കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജന്‍സികളടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനില്‍ക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും അവരുടെ സൈബര്‍ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടര്‍ന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു.

എന്നാല്‍ മേല്‍പറഞ്ഞ അപവാദങ്ങള്‍ ഒഴികെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങളാകെയും മാധ്യമങ്ങളില്‍ വലിയൊരു വിഭാഗവും അഭിനന്ദനീയമായ പക്വതയും സന്ദര്‍ഭത്തിന് അനുയോജ്യമായ മിതത്വവും പാലിച്ചു. അപവാദപ്രചാരകര്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്തു.

പൊലീസ് സമയോചിതമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ മാതൃകാപരമായ വിധത്തിലാണ് ഇതിനോട് പ്രതികരിച്ചത്. മലയാള മാധ്യമങ്ങളില്‍ ഭൂരിപക്ഷവും വര്‍ഗീയ ശക്തികള്‍ക്കും സമൂഹവിരുദ്ധര്‍ക്കും വിദ്വേഷ പ്രചാരണത്തിന് ഇടയാക്കാതെ അവരുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സുകള്‍ അടച്ചു.

കേരളം സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും നാടാണ്. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ഭമായി ആ ദിവസം മാറി. ഒരു പ്രതിസന്ധി ഘട്ടത്തില്‍ നാടിനെ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുന്നവരാരെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടി. സ്ഫോടനത്തില്‍ ഉണ്ടായ ജീവനഷ്ടത്തില്‍ അതിയായ ദുഃഖമുണ്ടെങ്കിലും അവസാനം ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ് ഇന്നലെ വൈകുന്നേരമാകുമ്പോഴേക്കും ഉണ്ടായത്.

കേരളമേ നന്ദി!
മലയാളിയും കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറോട്, ഇന്ന് നടത്തിയ വിശദീകരണത്തിനു ശേഷവും, ചോദിക്കാനുള്ള ചോദ്യം ഇതാണ്.
തന്റെ നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കേരളത്തിനെതിരായ വിദ്വേഷ പ്രചരണത്തിന് കാരണക്കാരനായതില്‍ താങ്കള്‍ കേരള ജനതയോട് മാപ്പ് പറയുമോ?

Content Highlight: M. B Rajesh against Union Minister Rajeev Chandrasekhar