| Saturday, 21st August 2021, 9:25 am

വാരിയംകുന്നത്തിന്റെ സ്ഥാനം ഭഗത് സിംഗിനൊപ്പം: സ്പീക്കര്‍ എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂരങ്ങാടി: മലബാര്‍ സമര നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിനൊപ്പമെന്ന് സപീക്കര്‍ എം.ബി. രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നത്തിന്റെ സ്ഥാനം ഭഗത് സിംഗിനൊപ്പം തന്നെയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുണ്ടാക്കിയ നാടിന്റെ പേര് മാപ്പിളരാജ്യമെന്നല്ല, മലയാളരാജ്യമെന്നായിരുന്നുവെന്നും പുതുതലമുറയെ ഈ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കാന്‍ ചരിത്രവായനകള്‍ അനിവാര്യമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഇത്തരം ചരിത്രവസ്തുതകള്‍ ജനങ്ങളിലെത്തിക്കാനുള്ള ലൈബ്രറി കൗണ്‍സിലിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

മലബാര്‍ കലാപം ഹിന്ദുവിരുദ്ധ കലാപാമാണെന്ന രീതിയില്‍ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.ടി. ജലീല്‍ എം.എല്‍.എയും സംസാരിച്ചു.

മലബാര്‍ കലാപം ഹിന്ദുവിരുദ്ധ കലാപമായിരുന്നെങ്കില്‍ 1925ല്‍ രൂപീകരിച്ച ആര്‍.എസ്.എസിന് ഏറ്റവും വളര്‍ച്ചയുള്ള മണ്ണ് ഏറനാടും വള്ളുവനാടുമാകുമായിരുന്നെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നുമായിരുന്നു കെ.ടി. ജലീല്‍ പറഞ്ഞത്.

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അന്നത്തെ മദ്രാസ് പ്രഡിഡന്‍സിയുടെ ഭാഗമായിരുന്ന ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ ഒരു നൂറ്റാണ്ടിനടുത്ത് കാലം തുടര്‍ച്ചയായി നടന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളാണ് മലബാര്‍ സമരം എന്നറിയപ്പെടുന്നത്.

ഈ പ്രക്ഷോഭങ്ങളുടെയെല്ലാം ഒടുവിലെത്തെയും ഐതിഹാസികവുമായ അധ്യായമായിട്ട് കൂടിയാണ് 1921ലെ മലബാര്‍ വിപ്ലവത്തെ വിലയിരുത്തുന്നത്. പോരാട്ടങ്ങളുടെ ധീരനായ അമരക്കാരനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും ചരിത്രരേഖകള്‍ അടയാളപ്പെടുത്തുന്നു.

എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാര്‍ സമരത്തെയും ഹിന്ദുവിരുദ്ധ കലാപവും അക്രമവുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി ശക്തമായിരുന്നു.

വാരിയംകുന്നന്‍ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പ്രചരണങ്ങള്‍ ശക്തമാവുകയും ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ വാരിയംകുന്നനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വലിയ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു.

ഇതിന് പിന്നാലെ ചരിത്രകാരന്മാരായ എം.ജി.എസ് നാരായണനടക്കമുള്ളവര്‍ കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനായിരുന്നില്ലെന്നും ബ്രിട്ടീഷ് ഭരണത്തിനെതിരായി നിന്ന പോരാളിയായിരുന്നു അദ്ദേഹമെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തുവന്നിരുന്നു.

കുഞ്ഞഹമ്മദ് ഹാജിയുടെ വാക്കുകളും ആ സമയത്ത് ചര്‍ച്ചയായിരുന്നു. ‘ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാന്‍ സ്നേഹിക്കുന്നത്. ഈ മണ്ണില്‍ മരിച്ചു ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ സ്വതന്ത്രമാണ് ഈ മണ്ണ്,’ എന്നായിരുന്നു ബ്രിട്ടീഷുകാരില്‍ നിന്നും ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നതിന് ശേഷവും കുഞ്ഞഹമ്മദ് ഹാജി പറഞ്ഞിരുന്നതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് വിളിച്ചുകൊണ്ട് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നത്തെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. വാരിയംകുന്നത്തിനെ മഹത്വവത്കരിക്കുന്ന സി.പി.ഐ.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ വിമര്‍ശനമായിരുന്നു ഈ പ്രസ്താവനെക്കിരെ ഉയര്‍ന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: M B Rajesh about Variyan Kunnathu Kunjahammed Haji and 1921 Malabar Revolt

Latest Stories

We use cookies to give you the best possible experience. Learn more