| Thursday, 7th November 2024, 3:53 pm

പ്രതിപക്ഷ നേതാവിന്റെ തൊപ്പിക്ക് ചേര്‍ന്ന ഒരലങ്കാരവും എന്റെ തലയില്‍ ചാര്‍ത്തരുത്: എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് കെ.പി.എം ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന റെയ്ഡിലെ ഗൂഢാലോചന സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. കോണ്‍ഗ്രസില്‍ നടന്ന ഗൂഢാലോചന മറച്ചുവെക്കാനാണ് സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവിന്റെ തൊപ്പിക്ക് ചേര്‍ന്ന ഒരലങ്കാരവും തന്റെ തലയില്‍ ചാര്‍ത്തേണ്ടതില്ലെന്നും അതിന്‍ പ്രായോഗികമായ തല അദ്ദേഹത്തിന്റേതാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ തിരക്കഥയിലെ റോള്‍ ഷാനിമോള്‍ ഉസ്മാന്‍ ഭംഗിയായി ചെയ്തുവെന്നും വനിതാ പൊലീസ് വന്നിട്ടും നേതാക്കള്‍ മുറിക്കകത്ത് പൊലീസ് കയറുന്നതിന് തടസം നിന്നുവെന്നും എന്തിനാണ് കുറ്റം ചെയ്തില്ലെങ്കില്‍ പൊലീസിനെ ഇവര്‍ പേടിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊലീസ് വരുമെന്നും വന്നാല്‍ വാതില്‍ തുറക്കരുതെന്നുമുള്ള നിര്‍ദേശം നേതാക്കള്‍ക്ക് നേരത്തെ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഭീഷണി കേട്ടുവെന്നും വഴി നടക്കാന്‍ സമ്മതിക്കില്ലെന്നും ചെവിയില്‍ നുളളിക്കോ എന്നിങ്ങനെയുള്ള ഭീഷണി കേട്ടാല്‍ ഭയക്കുന്ന ആളല്ല താനെന്നും അത് അദ്ദേഹം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

നിയമാനുസൃതമല്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ല എന്ന ബോധ്യം തനിക്കുള്ളപ്പോള്‍ ഭീഷണിയൊന്നും തന്റെടുത്ത് വില പോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവിന്റെ ഭീഷണിയുടെ ഭാഷ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഷയാണോ അതോ ഭീഷണിയുടെ ഗുണ്ടാ ഭാഷയാണോ എന്നത് ജനം പരിശോധിക്കുമെന്നും അരോചകമായതും ധാര്‍ഷ്ട്യത്തിന്റെയും ഭാഷയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിനെ പോലെ അഹങ്കാരത്തിന്റെ ഭാഷ തനിക്ക് വശമില്ലെന്നും തനിക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ഗൂഢാലോചന ആരോപണങ്ങള്‍ പാലക്കാട്ടില്‍ വില പോകില്ലെന്നും തന്റെ പ്രവര്‍ത്തന മണ്ഡലമാണ് പാലക്കാടെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ ആക്ഷേപിച്ചുവെന്ന് പറയുന്ന പ്രതിപക്ഷം, സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് കള്ളപ്പണ ഇടപാടില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ഇതുവരെ നടത്തിയിട്ടുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പോലെ താന്‍ ഇതുവരെ ആരെയും അധിക്ഷേപിച്ചിട്ടില്ല. ശ്രീമതി ടീച്ചറെ പരനിന്ദയോടെ ആക്ഷേപിക്കുകയും കല്ല്യാണി കൂട്ടിയമ്മയെ അധിക്ഷേപിച്ച കുട്ടി സതീശനായ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ശരിവെച്ച് പ്രതിപക്ഷ നേതാവാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Content Highlight: m.b Rajesh about opposition leader vd satheeshan

We use cookies to give you the best possible experience. Learn more