| Tuesday, 30th May 2017, 9:48 am

അവസാനത്തെ തീ പടരും മുമ്പ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

“മതമില്ലാത്ത പശുവിനെക്കൊണ്ട് തീപ്പൊരിയുണ്ടാക്കാം” എന്നത് ഒരുകൂട്ടരെ സംബന്ധിച്ച് മോശമല്ലാത്തൊരു കണ്ടെത്തലാണ്. “മതംമാറിയ പെണ്‍കുട്ടിയെ ഉപയോഗിച്ച് വേഗം പടരുന്ന തീപ്പൊരിയുണ്ടാക്കാം” എന്നതും അനന്തമായ വന്യതയുള്ളൊരു കണ്ടെത്തലാണ്.


മതത്തിന്റെയോ സമുദായത്തിന്റെയോ സംസ്‌കാരത്തിന്റെയോ സംരക്ഷണാവകാശം സ്വയം എടുത്തണിഞ്ഞിരിക്കുന്ന എല്ലാ ആക്രമണോത്സുക ആള്‍ക്കൂട്ടങ്ങള്‍ക്കും വേണ്ടത് തീപ്പൊരികളാണ്. തീപ്പൊരി ചെറുതീയായും പിന്നെ കാട്ടുതീയായും പടരുമ്പോള്‍ മാത്രമേ പേടിച്ചരണ്ട മുയലുകളും മാനുകളും വലയില്‍ വന്നു ചാടൂ. അത് വേട്ടക്കാരന്റെ മനഃശാസ്ത്രമാണ്.

ചരിത്രത്തിലെ പല വലിയ കാട്ടുതീകളും ഉണ്ടായത് വേട്ടക്കാര്‍ മനഃപൂര്‍വം ഉരച്ചിട്ട ഒറ്റക്കൊള്ളിയില്‍ നിന്നാണ്!
ഒരു കൊള്ളികൊണ്ട് കാടിനെക്കാള്‍ വേഗം നാട്ടിലും തീപടര്‍ത്താമെന്ന് ഇന്ത്യയില്‍ തെളിയിച്ചത് കടല്‍ കടന്നു വന്ന സാമ്രാജ്യത്വമാണ്. വെളുത്തസായിപ്പന്‍മാര്‍ രണ്ടു നൂറ്റാണ്ടുകൊണ്ട് ഊതിക്കത്തിച്ച തീയില്‍ വെന്തുപിളര്‍ന്നുപോയ പാവം ജനതയാണ് നമ്മള്‍. മതവും രാഷ്ട്രീയവും കൂട്ടിയുരച്ചു കത്തിച്ച അഗ്‌നിയില്‍ പിറന്ന രണ്ടു രാജ്യങ്ങള്‍.


Must Read: ‘കേരളം പാകിസ്ഥാന്‍ അനുകൂലികളുടെ പറൂദീസ, വന്ദേമാതരവും സൈനികരും ഇവര്‍ക്ക് ഹറാം’; മുസ്‌ലിം ഏകോപന സമിതിയുടെ സമരവും വര്‍ഗ്ഗീയതയ്ക്ക് വളമാക്കാന്‍ ശ്രമിച്ച് വീണ്ടും കെ.സുരേന്ദ്രന്‍


എന്നിട്ടും പോയ എഴുപതു വര്‍ഷമായി പിന്നെയും പിന്നെയും ആര്‍ക്കോ വേണ്ടി നാം പോരാട്ടം തുടരുന്നു. വാക്കുകളും ആയുധങ്ങളും സദാ രാകി മിനുക്കി കൂര്‍പ്പിച്ച് ഇന്നല്ലെങ്കില്‍ നാളെ വരുന്ന വലിയയുദ്ധത്തിനായി കാത്തിരിക്കുന്ന ഏഷ്യന്‍ വിഡ്ഢികള്‍! അതുവഴി രണ്ടു പട്ടിണി രാജ്യങ്ങള്‍ ലോകആയുധ കമ്പോളത്തിന്റെ നല്ലൊരു പങ്കിന്റെ വിപണിയാകുന്ന വൈചിത്ര്യം. അദ്ഭുതംതന്നെ, എന്നിട്ടും രണ്ടു രാജ്യങ്ങളിലും അതിന്റെ പേര് “ദേശസ്‌നേഹം” എന്നത്രെ!

ഒത്തിരിയൊത്തിരി പൊള്ളിയിട്ടും ഒന്നും പഠിക്കാത്ത ജനതയാണ് നമ്മള്‍. ഒരു പള്ളിക്കുള്ളില്‍ ഒരു കൊച്ചുവിഗ്രഹം കൊണ്ടുവച്ചുണ്ടാക്കിയ തീപ്പൊരിയില്‍ രണ്ടു മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്രയോ ആയിരങ്ങളാണ് വെന്തെരിഞ്ഞുപോയത്? ഒരു തീവണ്ടിബോഗി കത്തിക്കുകയും ആ തീ നാടാകെ പടരുകയും ആ തീയില്‍നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിവരികയും ചെയ്ത ജനാധിപത്യമാണ് നമ്മുടേത്.

അതുകൊണ്ട് നമ്മള്‍ പഠിക്കേണ്ട പാഠം, ഈ കാട്ടുതീകള്‍ സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും മാത്രം ജീവനേയെടുക്കൂ എന്നതാണ്. പുക കാണുമ്പോഴേ വലിയമൃഗങ്ങള്‍ കാടുവിടും. സ്വാതന്ത്ര്യാനന്തരമുണ്ടായ എല്ലാ ഇന്ത്യന്‍ കലാപങ്ങളുടെയും ഒരു പാഠമാണിത്. കാട്ടുതീയില്‍ ഭയന്നോടിയ മാനും മുയലും വേട്ടക്കാരന്റെ വലയിലാവുകയും സൂത്രത്തില്‍ രക്ഷപ്പെട്ട സിംഹങ്ങള്‍ പിന്നെ രാജാവാകുകയും ചെയ്യും.

ഇനിയുമിനിയും തീയുണ്ടാക്കാന്‍ കഴിയുമോയെന്ന അന്വേഷണങ്ങള്‍ പല കോലത്തില്‍ എല്ലായിടത്തും തുടരുകയാണ്. ചെറിയ കൂട്ടങ്ങളും വലിയ കൂട്ടങ്ങളും പലതരത്തില്‍ കല്ലും കൊള്ളിയും ഉരച്ചിറങ്ങിയിട്ടുണ്ട്. “മതമില്ലാത്ത പശുവിനെക്കൊണ്ട് തീപ്പൊരിയുണ്ടാക്കാം” എന്നത് ഒരുകൂട്ടരെ സംബന്ധിച്ച് മോശമല്ലാത്തൊരു കണ്ടെത്തലാണ്. “മതംമാറിയ പെണ്‍കുട്ടിയെ ഉപയോഗിച്ച് വേഗം പടരുന്ന തീപ്പൊരിയുണ്ടാക്കാം” എന്നതും അനന്തമായ വന്യതയുള്ളൊരു കണ്ടെത്തലാണ്.

രണ്ടാമത്തേതിന് വന്യത കുറവല്ലേയെന്നും പടരാനുള്ള കാറ്റില്ലല്ലോയെന്നും സംശയിക്കുന്ന നിഷ്‌കളങ്കര്‍ക്കുള്ള ഉത്തരം ഒരു പാവം മനുഷ്യന്റെ മുറിഞ്ഞറ്റുവീണ കൈപ്പത്തിയാണ്. അതും നിസ്സാരമായൊരു വരിയില്‍നിന്ന് അവര്‍ ബുദ്ധിമുട്ടി ഊതിപ്പടര്‍ത്തിയെടുത്ത കാട്ടുതീയായിരുന്നു! ഒടുവിലവര്‍, മുറിച്ചിട്ടത് ഈ നാടിന്റെയാകെ സമാധാനമായിരുന്നു!

കായികശക്തിയിലോ ആള്‍ക്കൂട്ട ബലത്തിലോ വിശ്വസിക്കാത്ത ഒരു സാധാരണ ഹിന്ദുവായോ മുസ്‌ലിമായോ മതമില്ലാത്തവനായോ മതേതരനായോ ഒക്കെ നിന്നുപോവുകയെന്നതാവും ഇനിയുള്ള കാലം അസാധ്യം. കാരണം, തീപ്പൊരി തിരഞ്ഞുനടക്കുന്നവന്റെ ആദ്യത്തെ ഉന്നം ഒറ്റപ്പെട്ടു നില്‍ക്കുന്ന നിങ്ങളാണ്.


Don”t Miss: ”സൈന്യത്തിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്തു, ആത്മവിശ്വാസമില്ലാത്തതിനാലാണ് അര്‍ണബ് പൊട്ടിത്തെറിക്കുന്നതും കുരയ്ക്കുന്നതും’; അര്‍ണബിനെ വലിച്ചുകീറി എം.ബി രാജേഷിന്റെ തുറന്ന കത്ത് 


ശത്രുസംഘത്തോട് അവര്‍ അല്പംകൂടി ക്ഷമിച്ചേക്കാം. പക്ഷേ, കൂട്ടത്തില്‍ ചേരാതെ, ആള്‍ക്കൂട്ട ബഹളങ്ങളില്‍പ്പെടാതെ, ആവേശജാഥയില്‍ ചേരാതെ ഒരു വെറും മനുഷ്യനായി നില്‍ക്കുന്ന നിങ്ങളെ അവര്‍ വെറുതെവിടുകയില്ല.

അപ്പോള്‍ ചെയ്യാനാവുന്നത് എന്താണ്? തീപ്പൊരികളെ നമ്മളായി ഊതിപ്പടര്‍ത്താതിരിക്കുക എന്നതു മാത്രം. കാട്ടുതീ എന്തായാലും സംഭവിക്കും. പക്ഷേ, നമ്മളൂതുന്ന തീപ്പൊരിയില്‍നിന്ന് അതുവേണ്ട എന്ന് നമുക്ക് തീരുമാനിച്ചുകൂടേ?

ദൈവംപോലും നാണിച്ചുപോകുന്ന പമ്പരവിഡ്ഢിത്തമാകരുതല്ലോ നമ്മള്‍!

ഫോട്ടോ കടപ്പാട്: കേരളകൗമുദി

Latest Stories

We use cookies to give you the best possible experience. Learn more