ഓഖിയും പിണറായിയും പിന്നെ, നമ്മള്‍ നില്‍ക്കുന്ന നടുക്കടലും
Daily News
ഓഖിയും പിണറായിയും പിന്നെ, നമ്മള്‍ നില്‍ക്കുന്ന നടുക്കടലും
എഡിറ്റര്‍
Monday, 4th December 2017, 10:40 am

തീരദേശ മേഖലകളിലെ വഴിതടയലും കൂക്കിവിളിയും മുഖ്യമന്ത്രിയെ തടയലുമൊക്കെ നടുക്കടലില്‍ നിസ്സഹായരായി നില്‍ക്കുന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതികരണമാണ്. അതിനെയൊക്കെ മനസ്സിലാക്കാനുള്ള ഇരട്ടചങ്കുകൂടി ജനാധിപത്യത്തില്‍ ജനകീയനേതാക്കള്‍ക്ക് വേണ്ടതാണ്. മാധ്യമങ്ങളെയല്ല, ഉറക്കം തൂങ്ങുന്ന ഉദ്യോഗസ്ഥ സംവിധാനങ്ങളെയാണ് സഖാക്കള്‍ വിചാരണ ചെയ്യേണ്ടത്.

കാലാവസ്ഥാ നിരീക്ഷണത്തിന് ഇന്ന് ലോകമെങ്ങും ഏറെക്കുറെ കുറ്റമറ്റ സംവിധാനങ്ങള്‍ ഉണ്ട്. ഈ രംഗത്ത് വിവിധ രാജ്യങ്ങള്‍ തമ്മില്‍ വിപുലമായ അന്താരാഷ്ട്ര സഹകരണം തന്നെയുണ്ട്. സുനാമി ദുരന്തത്തിന് ശേഷം കോടികള്‍ മുടക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുമുണ്ട്.

നമ്മുടെ രാജ്യത്തെ കാലാവസ്ഥാവകുപ്പിന് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും കുറ്റമറ്റ മുഴുവന്‍ സമയ നിരീക്ഷണ സംവിധാനങ്ങളുണ്ട്. ആ സംവിധാനങ്ങളിലൂടെ ഇപ്പോഴത്തെ ഓഖി ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ കൃത്യമായി സംസ്ഥാനത്തിന് മുന്‍കൂട്ടി നല്‍കിയിട്ടുമുണ്ട്.

സംശയമുള്ളവര്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റില്‍ ഒന്നുപോയി നോക്കിയാല്‍ മതി. കാലാവസ്ഥാ വകുപ്പിന് കീഴില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന് മാത്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗം നവംബര്‍ 29 ന് നല്‍കിയ വിശദമായ മുന്നറിയിപ്പ് ഇപ്പോഴും വെബ്സൈറ്റില്‍ കിടപ്പുണ്ട്, മായാതെ.

കടല്‍ക്ഷോഭം മുതല്‍ ഭീകര കൊടുങ്കാറ്റുവരെ ആയേക്കാവുന്ന ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്ന കാര്യവും കേരളം, തമിഴ്നാട് തീരങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അവശ്യകതയുമെല്ലാം അതില്‍ അക്കമിട്ടു പറയുന്നുണ്ട്. അതായത്, നമ്മുടെ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം അവരുടെ പണി കൃത്യമായി ചെയ്തിട്ടുണ്ട്.

പക്ഷെ, അതിനു അനുസരിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനം കേരളത്തിന് ഇല്ലാതെ പോയി. അങ്ങനെ ഇല്ലാത്തത്, പിണറായിയുടെ പോരായ്മയാണ് എന്നുള്ള രാഷ്ട്രീയവാദം ഒക്കെ അവിടെ നില്‍ക്കട്ടെ. ആര് ഭരണത്തില്‍ ഇരുന്നാലും നമ്മുടെ സംവിധാനം ഇങ്ങനെയൊക്കെ തന്നെയാണ്.

580 കിലോമീറ്റര്‍ കടല്‍ത്തീരവും 222 തീരദേശ ഗ്രാമങ്ങളും അവിടെ മീന്‍പിടുത്തം ഉപജീവനമാക്കിയ ലക്ഷക്കണക്കിന് മനുഷ്യരും ഉള്ള സംസ്ഥാനം ആയിട്ടും ഒരു അടിയന്തിര സാഹചര്യം നേരിടേണ്ടത് എങ്ങനെയെന്ന അടിസ്ഥാനധാരണ പോലും നമ്മുടെ ഭരണകൂടത്തിനോ ഉദ്യോഗസ്ഥ സംവിധാനത്തിനോ ഇല്ല.

അതിപ്പോ ഉമ്മന്‍ചാണ്ടി ആയാലും പിണറായി ആയാലും കാര്യമായ മാറ്റമൊന്നും ഇല്ല. സുനാമി എന്ന വന്‍ദുരന്തത്തില്‍നിന്നുപോലും നമ്മള്‍ ഒരു ചുക്കും പഠിച്ചിട്ടില്ല.

അതായത്, ശക്തമായ ഒരു കൊടുങ്കാറ്റു കേരളതീരത്തു സംഭവിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര മുന്നറിയിപ്പ് വരുമ്പോഴും അതൊന്നും അറിയാതെ കടലിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു പൂന്തുറയിലെയും വിഴിഞ്ഞത്തേയും ബേപ്പൂരിലെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കോടികള്‍ ഫണ്ടുള്ള ദുരന്തനിവാരണ അതോറിറ്റിയൊക്കെ ഒന്നാന്തരം കോമഡിയായിപ്പോയ സന്ദര്‍ഭം.

അതിശക്തമായ കൊടുങ്കാറ്റില്‍ തെക്കന്‍ ജില്ലകള്‍ ആടിയുലയുമ്പോള്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ ആയിരുന്നു. ഒരു അവധി പ്രഖ്യാപിക്കല്‍ സംവിധാനംപോലും പ്രവര്‍ത്തിച്ചില്ല.

സ്‌കൂളുകളുടെ മരങ്ങളും പന്തലുകളും മതിലുകളുമൊക്കെ പൊളിഞ്ഞിട്ടും ഭാഗ്യത്തിന് കുഞ്ഞുങ്ങള്‍ എല്ലാവരും സുരക്ഷിതരായി വീടുകളില്‍ എത്തി. മിക്കയിടത്തും ഉപജില്ലാ കലോത്സവം നടക്കുന്ന സമയംകൂടി ആയിരുന്നു എന്നോര്‍ക്കണം.
കുട്ടികളുമായി പോയ ഓട്ടോയുടെ മുന്നിലേയ്ക്ക് മരംവീണ കഥ ഇന്നലെ ഒരു ഓട്ടോക്കാരന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
ദുരന്തത്തിന് ശേഷവും സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നില്ല. മുഖ്യമന്ത്രി എത്തണോ വേണ്ടയോ എന്നതൊന്നുമല്ല പ്രശ്‌നം, ജനത്തെ വിശ്വാസത്തില്‍ എടുത്തുള്ള രക്ഷാപ്രവര്‍ത്തനം ഉണ്ടായില്ല.

ഒരു കണ്‍ട്രോള്‍ റൂം പോലും സമയത്തു തുറന്നില്ല. കൃത്യമായ ഏകോപനം ഉണ്ടായില്ല. പട്ടാളമുണ്ട്, പൊലീസുണ്ട്, കലക്ടറുണ്ട്… പക്ഷെ ജനങ്ങളുടെ ആശങ്ക ശമിപ്പിക്കാന്‍ കാര്യമായ നടപടി ഉണ്ടായില്ല. ഇപ്പോള്‍, സൈബര്‍ സഖാക്കളുടെ രോഷം മുഴുവന്‍ മാധ്യമങ്ങളോടാണ്. കൊടുങ്കാറ്റ് ഉണ്ടാക്കിയതുതന്നെ മാധ്യമങ്ങള്‍ എന്ന മട്ടിലാണ് പ്രചാരണം.

മാധ്യമങ്ങള്‍ ജനവികാരം വാര്‍ത്തയാക്കുക മാത്രമാണ് ചെയ്യുന്നത്. ഉറ്റവരുടെ പ്രാണന്‍ നടുക്കടലില്‍ എവിടെയോ മുങ്ങിത്താഴുമ്പോള്‍ ലോകത്തെ ഏതു ജനതയും കാണിയ്ക്കുന്ന വികാര വിക്ഷോഭം മാത്രമാണ് തീരദേശങ്ങളില്‍ ഉണ്ടാകുന്നത്. അത് മാധ്യമങ്ങള്‍ സൃഷ്ടിയ്ക്കുന്നതല്ല. ക്യാമറകള്‍ തുറന്നിരിയ്ക്കുന്നതുകൊണ്ട് അത് ലോകം കാണുന്നു എന്നേയുള്ളൂ.

തീരദേശ മേഖലകളിലെ വഴിതടയലും കൂക്കിവിളിയും മുഖ്യമന്ത്രിയെ തടയലുമൊക്കെ നടുക്കടലില്‍ നിസ്സഹായരായി നില്‍ക്കുന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതികരണമാണ്. അതിനെയൊക്കെ മനസ്സിലാക്കാനുള്ള ഇരട്ടചങ്കുകൂടി ജനാധിപത്യത്തില്‍ ജനകീയനേതാക്കള്‍ക്ക് വേണ്ടതാണ്. മാധ്യമങ്ങളെയല്ല, ഉറക്കം തൂങ്ങുന്ന ഉദ്യോഗസ്ഥ സംവിധാനങ്ങളെയാണ് സഖാക്കള്‍ വിചാരണ ചെയ്യേണ്ടത്.

ആഗോളതാപനത്തിന്റെ കാലത്ത് ലോകമാകെ കാലവസ്ഥ കീഴ്‌മേല്‍ മറിയുകയാണ്. ഇത്രയും കാലം നമ്മള്‍ ചുഴലികൊടുങ്കാറ്റു കണ്ടത് ഇംഗ്ലീഷ് സിനിമയില്‍ മാത്രമാണ്. ഇനിയുള്ള കാലം അതാവില്ല അവസ്ഥ. ഒരു ഓഖി പോയി. നാളെ ഇതിലും വലിയ ഒന്ന് വരാം.

ഇപ്പോഴത്തെ ദുരന്തത്തില്‍നിന്നും പഠിച്ച എന്തൊക്കെ പാഠങ്ങള്‍ നാളെ വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തെ നേരിടാനായി നാം ഓര്‍ത്തു വെയ്ക്കുന്നു എന്നതാണ് പ്രധാനം. ഭൂകമ്പങ്ങളും സൂനാമികളുമൊക്കെ പതിവായ പല ലോകരാജ്യങ്ങളിലും ഇന്ന് അവയെയൊക്കെ വിജയകരമായി, മനുഷ്യ ജീവന്‍ പന്താടാതെ അതിജീവിക്കുന്നുണ്ട്. അത് നമുക്കും പാഠമാണ്.

കടലില്‍ പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെ സ്ഥാനം ജി.പി.എസ് സാങ്കേതികതയിലൂടെ പിന്തുടരാന്‍ ഇപ്പോള്‍ പല രാജ്യങ്ങള്‍ക്കും കഴിയുന്നുണ്ട്. കടലില്‍ എത്ര മത്സ്യത്തൊഴിലാളികളുണ്ട് എന്നറിയാനുള്ള കൃത്യമായ രജിസ്ട്രേഷന്‍ സംവിധാനം പല രാജ്യങ്ങളിലേയും മത്സ്യബന്ധന തുറമുഖങ്ങളില്‍ ഉണ്ട്.

എത്ര മനുഷ്യര്‍ കടലിലുണ്ട് എന്ന അടിസ്ഥാന വിവരംപോലും ഇല്ലാതെ ഇരുട്ടില്‍തപ്പി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇപ്പോഴത്തെ നമ്മുടെ ഈ ദൈന്യതയുണ്ടല്ലോ, അതെങ്കിലും ഭാവിയില്‍ ഒഴിവാക്കാന്‍ കഴിയണം.

എത്ര പേര്‍ ഇനിയും കടലിലുണ്ട് എന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മുന്നില്‍ തപ്പിതടയുന്ന ദിവ്യ അയ്യരെ കണ്ടപ്പോള്‍ ശരിക്കും പുച്ഛം തോന്നി. സബ്കളക്ടറോടല്ല, നമ്മുടെ സംവിധാനത്തോട്.

ഓഖിയില്‍നിന്ന്, അതുണ്ടാക്കിയ കണ്ണീരില്‍നിന്ന്, നേതാക്കള്‍ക്ക് കിട്ടിയ കൂക്കുവിളിയില്‍നിന്നുപോലും കേരളത്തിന് പഠിയ്ക്കാന്‍ പലതുമുണ്ട്. അത് നമ്മള്‍ പഠിയ്ക്കുമോ എന്നതാണ് ചോദ്യം.

അതോ, ഈ ഭീകര ദുരന്തത്തെപ്പോലും വെറുമൊരു കേരള-കേന്ദ്ര തര്‍ക്കമായോ പിണറായി-മാധ്യമ യുദ്ധമായോ ഒക്കെ കണ്ട് ചര്‍ച്ച ചെയ്ത് സായൂജ്യം നേടി നമ്മള്‍ എല്ലാവരും പതിവുപോലെ ഉറങ്ങാന്‍ പോകുമോ? അത് മാത്രമാണ് കേരളം സ്വയം ചോദിക്കേണ്ട ചോദ്യം.