പ്രിയപ്പെട്ട മോഹന്‍ലാല്‍, നിങ്ങളുടെ പക്ഷങ്ങളെ മറയ്ക്കാന്‍ വേണ്ടി ഗൗതമബുദ്ധനെ നിഷ്പക്ഷനാക്കരുത്
Daily News
പ്രിയപ്പെട്ട മോഹന്‍ലാല്‍, നിങ്ങളുടെ പക്ഷങ്ങളെ മറയ്ക്കാന്‍ വേണ്ടി ഗൗതമബുദ്ധനെ നിഷ്പക്ഷനാക്കരുത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2017, 5:53 pm

abdulഎനിയ്ക്ക് അവനെ ഇടിക്കാന്‍ തോന്നി..!”” നമ്മള്‍ മനസ്സിലാക്കിയിട്ടുള്ള ശ്രീബുദ്ധന്‍ പറയാനിടയുള്ള ഒരു വാചകമല്ല ഇത്. പക്ഷേ, ബുദ്ധന്‍ അങ്ങനെയൊരു വാക്യം പ്രയോഗിച്ചിട്ടുണ്ട്, ജീവിതത്തില്‍ ഒരിക്കല്‍.

ഒരിക്കല്‍ സ്വാസ്തി എന്ന ആട്ടിടയനോട് തന്റെ ബാല്യകാലത്തെ അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു ബുദ്ധന്‍. അതിലൊന്ന് മുറിവേറ്റ ഒരു അരയന്നത്തെ രക്ഷിച്ച സംഭവമായിരുന്നു.

ഒരിക്കല്‍ സായാഹ്നത്തില്‍ പൂന്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ സിദ്ധാര്‍ഥ രാജകുമാരനു മുന്നില്‍ ഒരു അരയന്നം പിടഞ്ഞുവീണു. അതിന്റെ ചിറകിലൊരു കൂരമ്പ് തറഞ്ഞുകയറിയിരുന്നു. സിദ്ധാര്‍ത്ഥന്‍ കരുണയോടെ ആ അമ്പ് ഊരിയെടുത്തു. ആ പാവം പക്ഷി ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു. ചോര വാര്‍ന്നു വിറച്ചുകൊണ്ടിരുന്ന അരയന്നത്തിന്റെ മുറിവില്‍ മരുന്നുപുരട്ടി, അതിനെ ചൂടു കായാന്‍വച്ചു സിദ്ധാര്‍ത്ഥന്‍. അപ്പോഴാണ് ബന്ധുവായ ദേവദത്തന്റെ വരവ്.

mohanlal11

ദേവദത്തനാണ് ആ അരയന്നത്തെ എയ്തുവീഴ്ത്തിയത്. ഓടിവന്നു അരയന്നത്തെ എടുക്കാനാഞ്ഞ ദേവദത്തനെ തടഞ്ഞുകൊണ്ട് മുറിവേറ്റ ജീവന്റെ കാവല്‍ക്കാരനായി നിന്നു സിദ്ധാര്‍ത്ഥന്‍. ദേവദത്തന്‍ തര്‍ക്കിച്ചു. “”ആകാശത്തിലൂടെ പറക്കുകയായിരുന്ന ആ അരയന്നം ആരുടേതുമായിരുന്നില്ല. ഞാന്‍ അതിനെ എയ്തിട്ടു. അതുകൊണ്ട് ഇനി അത് എന്റേതാണ്”” എന്നാണു ദേവദത്തന്റെ വാദം.

ഈ അനുഭവകഥ പാതിയില്‍ നിറുത്തി ബുദ്ധന്‍ ചങ്ങാതിയായ സ്വാസ്തിയോട് പറയുന്നു: “”അത് കേട്ടപ്പോള്‍ എനിക്ക് ദേവദത്തനെ ഇടിക്കാന്‍ തോന്നി. എന്തുകൊണ്ടോ ഞാനതു ചെയ്തില്ല..””

ഇടി കൊടുക്കുന്നതിനു പകരം കരുണ നിറഞ്ഞ യുക്തികൊണ്ട് സിദ്ധാര്‍ത്ഥന്‍ ദേവദത്തനെ തോല്പിച്ചു. സിദ്ധാര്‍ത്ഥന്‍ പറഞ്ഞു: “”നോക്കൂ സഹോദരാ, നീ അരയന്നത്തെ കൊല്ലാന്‍ ശ്രമിച്ചു. അതുകൊണ്ട് ആ പക്ഷിയും നീയും ശത്രുക്കളാണ്. ഞാന്‍ അതിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ഞങ്ങള്‍ സ്‌നേഹിതരാണ്. ആ പക്ഷിക്ക് ശത്രുവിനെയല്ല, മിത്രത്തെയാണ് വേണ്ടത്. അതുകൊണ്ട് അതിനെ ഞാന്‍ വിട്ടുതരില്ല..””

han

തിച് നാത് ഹാന്‍ എന്ന വിയറ്റ് നാം ബുദ്ധ സന്യാസി എഴുതിയ ഗൗതമ ബുദ്ധന്റെ ജീവിതകഥയില്‍ ഈ സംഭവം വിവരിക്കുന്നു. പുസ്തകത്തിന്റെ പേര് “Old Path White Clouds”. നമ്മുടെ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തന്റെ ബ്ലോഗ് കുറിപ്പില്‍ ഉദ്ധരിക്കുന്നത് തിച് നാത് ഹാന്റെ മറ്റൊരു പുസ്തകത്തെയാണ്.

അടുത്തിടെ ചില വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ ഉയര്‍ത്തിയ വിവാദങ്ങളും മറ്റു ചില വിഷയങ്ങളില്‍ താന്‍ പാലിച്ച നിശബ്ദതയും ന്യായീകരിക്കാന്‍ തിച് നാത് ഹാനെയാണ് മോഹന്‍ലാല്‍ കൂട്ടുപിടിക്കുന്നത്. “”ബുദ്ധാവസ്ഥയിലേക്ക് ഉയരണമെങ്കില്‍ പക്ഷമോ മറുപക്ഷമോ ഇല്ലാതെ മധ്യമപാതയില്‍ നില്‍ക്കണം. അപ്പോള്‍ ജീവിതത്തില്‍ ആനന്ദം തിരിച്ചറിയാനാകും. ഞാന്‍ ഒരു മധ്യമ മനുഷ്യനാണ്..”” ലാല്‍ പറയുന്നു.

തീര്‍ച്ചയായും ഒരാള്‍ക്ക് തന്റെ പക്ഷം പ്രകടിപ്പിക്കാനും തനിക്കു ആവശ്യമുള്ളതില്‍ മാത്രം പ്രതികരിക്കാനും അതല്ലാത്തതില്‍ നിശബ്ദത പാലിക്കാനും ഇതിനെയെല്ലാം ചേര്‍ത്ത് ഒടുവില്‍ “”മധ്യമപക്ഷം”” എന്ന് സ്വയം വിശേഷിപ്പിക്കാനും അവകാശമുണ്ട്. അതുകൊണ്ട് സൂപ്പര്‍താരങ്ങള്‍ അവര്‍ക്കു തോന്നുന്നതില്‍ മാത്രം പ്രതികരിച്ചും പലപ്പോഴും തന്ത്രപരമായ മൗനം പാലിച്ചും അവിടെ നിന്നോട്ടെ. അത് അവരുടെ കാര്യം.

നമുക്ക് ബുദ്ധനിലേക്കു പോകാം.
ചോദ്യം ഇതാണ്: ബുദ്ധാവസ്ഥ ലാല്‍ പറയുന്നതുപോലെ, ഒന്നിലും പക്ഷമോ മറുപക്ഷമോ ഇല്ലാത്ത മധ്യമ നിലപാടാണോ?

അതിരുകളില്ലാത്ത സ്‌നേഹവും അഗാധമായ കാരുണ്യവും ഇടകലര്‍ന്ന ജീവിതമായിരുന്നു ഗൗതമബുദ്ധന്റേത്. ആ ജീവിതത്തെയൊന്നു പഠിച്ചാല്‍, നമുക്ക് തിരിച്ചറിയാനാകും അതൊരു മധ്യമ നിലപാട് ആയിരുന്നില്ല.

ശരിക്കും തെറ്റിനും ഇടയില്‍, നീതിക്കും അനീതിക്കും ഇടയില്‍, രാഷ്ട്രത്തിന്റെ ശരികേടിനും പൗരന്റെ ശരിക്കും ഇടയില്‍ കേവലം മധ്യമ മനുഷ്യന്‍ ആയിരുന്നില്ല ഗൗതമബുദ്ധന്‍. ബുദ്ധന്‍ എപ്പോഴും ഒരു പക്ഷത്തായിരുന്നു, ശരിയുടെ പക്ഷത്ത്, നീതിയുടെ പക്ഷത്ത്, ദരിദ്രന്റെ പക്ഷത്ത്.

ബോധോദയത്തിന് മുന്‍പും ശേഷവും ബുദ്ധന്‍ മധ്യമ മനുഷ്യന്‍ അല്ല. മറിച്ച്, ധര്‍മത്തിന്റെ പക്ഷംപിടിച്ച മനഃസാക്ഷിയുടെ ആള്‍രൂപമാണ്. ജീവിതത്തില്‍ സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒന്നും ബുദ്ധന്‍ മൗനിയായില്ല. മുറിവേറ്റ ഒരു കുഞ്ഞുപക്ഷിക്കുവേണ്ടി പോലും അദ്ദേഹം ഉറക്കെ സംസാരിച്ചു.

തിച് നാത് ഹാന്‍ എഴുതിയ ബുദ്ധന്റെ ജീവിതകഥയില്‍ ഒരിടത്ത് സിദ്ധാര്‍ത്ഥന്‍ തന്റെ അനുയായികളോട് പറയുന്നു: “”ഈ ലോകത്തു ശക്തന്‍ ദുര്‍ബലനെ എല്ലായിപ്പോഴും മര്‍ദ്ദിച്ചൊതുക്കുന്നു. എന്നാല്‍ സത്യം സത്യമാണ്, ഭൂരിപക്ഷം അതിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും. സത്യത്തെ സംരക്ഷിക്കാനും അതിനുവേണ്ടി നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനും അതിയായ ധൈര്യം വേണം…”

ആ ധൈര്യം തന്റെ ജീവിതത്തിലുടനീളം ബുദ്ധന്‍ പുലര്‍ത്തി. രാജാധികാരമടക്കം വ്യവസ്ഥാപിതമായ പലതിലെയും ശരികേടുകളെ സിദ്ധാര്‍ത്ഥന്‍ തുറന്നെതിര്‍ത്തു. കപിലവസ്തുവിലെ ശുദ്ധോധന രാജാവിന്റെ സദസ്സില്‍പ്പോലും വലിയ അധര്‍മ്മങ്ങള്‍ സിദ്ധാര്‍ത്ഥന്‍ കാണുന്നുണ്ട്. രാജസദസ്സിനെയും അതിന്റെ അധികാര ഘടനയെയും നിര്‍ദാക്ഷിണ്യം ചോദ്യം ചെയ്യുന്നുണ്ട് സിദ്ധാര്‍ത്ഥന്‍ പലപ്പോഴും.

അതുവരെ എല്ലാവരും ധരിച്ചുവെച്ചിരുന്ന മോക്ഷത്തിന്റെയും പുണ്യത്തിന്റെയും പഴകിയ സങ്കല്‍പ്പങ്ങളെ ബുദ്ധന്‍ അനായാസം പൊളിച്ചുകളഞ്ഞു.

“”ശരീരത്തെ പീഡിപ്പിച്ചതുകൊണ്ട് ഒരാള്‍ക്ക് ശാന്തി കിട്ടില്ല. ശരീരം വെറുമൊരു ഉപകരണം മാത്രമല്ല, അത് ആത്മാവിന്റെ ക്ഷേത്രമാണ്…” എന്ന് ശിഷ്യയായ സുജാതയോട് സിദ്ധാര്‍ത്ഥന്‍ പറയുന്നു. ഉപവാസത്തില്‍ തളര്‍ന്ന ബുദ്ധന് ജീവജലം പകര്‍ന്നുനല്‍കുന്നത് സുജാതയാണ്. ശരീരത്തെ പീഡിപ്പിക്കുന്ന ഒരു ആരാധനയ്ക്കും ഇനി താന്‍ ഇല്ലെന്ന് അപ്പോള്‍ സിദ്ധാര്‍ത്ഥന്‍ അവളോട് പറയുന്നു.

വയലുഴവ് ആചാരവേളയില്‍ വിരസമായ വേദമന്ത്രങ്ങള്‍ മടുത്തു സിദ്ധാര്‍ത്ഥന്‍ ഒറ്റയ്ക്ക് ഞാവല്‍ മരത്തിന്റെ തണലിലേക്ക് പോകുന്നുണ്ട്. വേദങ്ങള്‍ ചൊല്ലാന്‍ ഒരു വര്‍ഗത്തിന് മാത്രമുള്ള അവകാശത്തെ അവിടെ കൊച്ചു ബുദ്ധന്‍ ചോദ്യംചെയ്യുന്നു. മറ്റൊരിക്കല്‍, “”ഗംഗയിലെ വെള്ളത്തിന് പാപങ്ങള്‍ ഒഴുക്കി കളയാന്‍ കഴിയുമെങ്കില്‍ പ്രപഞ്ചത്തില്‍ ഏറ്റവും ശുദ്ധിയുള്ളവര്‍ ഗംഗയിലെ മീനുകള്‍ ആവില്ലേ..?”” എന്ന് സിദ്ധാര്‍ത്ഥന്‍ ചോദിക്കുന്നു.

പറഞ്ഞുവന്നത് ഇതാണ്. നിലനിന്ന വ്യവസ്ഥിതിയിലെ കൊടിയ ചൂഷണവും അസമത്വവും ഒപ്പം മനുഷ്യന്റെ വേദനകളോടുള്ള അഗാധമായ കാരുണ്യവുമാണ് സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കുന്നത്. ഒന്നിലും ഇടപെടാതെ, നിഷ്പക്ഷനായി, എങ്ങോട്ടും ചായാതെ നിന്നാല്‍ ഉണ്ടാകുന്നതല്ല ബുദ്ധന്റെ മനസ്സ്. മനുഷ്യന്റെ സങ്കടങ്ങളുടെ പക്ഷത്തേക്ക് കഴിയുന്നത്ര ചാഞ്ഞു നില്‍ക്കുമ്പോഴാണ് ചരിത്രത്തില്‍ ബുദ്ധന്മാര്‍ ഉണ്ടാകുന്നത്. അത്തരം പക്ഷപാതിത്വത്തില്‍ നിന്നുകൊണ്ടാണ് ബുദ്ധന്‍ തന്റെ ശരികള്‍ രൂപപ്പെടുത്തിയത്.

ബുദ്ധന്റെ ഉള്ളില്‍ വലിയ തീപ്പൊരികള്‍ ഉണ്ടായിരുന്നു. ചാതുര്‍വര്‍ണ്യത്തെ ചാമ്പലാക്കുന്ന, വ്യവസ്ഥിതിയെ കൊളുത്തുന്ന, അധര്‍മത്തെ ചെറുക്കുന്ന തീപ്പൊരികള്‍. ആ തീപ്പൊരികളെ ബുദ്ധന്‍ ജീവിതത്തില്‍ ഉടനീളം ഊതിത്തെളിച്ചു.

ജീവിതത്തിന്റെ ഉത്തരങ്ങള്‍ തേടി കൊട്ടാരം വിട്ടിറങ്ങുന്ന സിദ്ധാര്‍ത്ഥന്‍ ആദ്യം കാണുന്നത് സന്യാസിയുടെ വേഷം ധരിച്ച ഒരു വേട്ടക്കാരനെയാണ്.

“”നായാട്ടുകാരനായ നിങ്ങള്‍ എന്തിനാണ് സന്യാസിയുടെ വേഷം ധരിച്ചിരിക്കുന്നത്..? എന്ന ചോദ്യത്തിന് വേട്ടക്കാരന്റെ ഉത്തരം ഇതാണ്: “”ഈ വസ്ത്രം കാരണം മൃഗങ്ങള്‍ക്ക് എന്നെ ഭയമില്ല. എനിക്ക് അവരുടെ അടുത്തുചെന്നു വളരെ എളുപ്പത്തില്‍ അവരെ അമ്പെയ്തു കൊല്ലാം…”

അപ്പോള്‍തന്നെ തന്റെ രാജകീയ വസ്ത്രങ്ങള്‍ ഊരിനല്‍കി വേട്ടക്കാരന്റെ സന്യാസവേഷം പകരം വാങ്ങുകയാണ് സിദ്ധാര്‍ത്ഥന്‍. വിലകൂടിയ രാജകീയ വേഷങ്ങള്‍ കണ്ടു കണ്ണഞ്ചിയ വേട്ടക്കാരന്‍ വേഗം ആ വെച്ചുമാറലിന് സമ്മതിക്കുന്നു. ബുദ്ധന്റെ സന്യാസവേഷംപോലും വെറും അലങ്കാരമല്ല, ഒരായിരം ജീവനുകള്‍ രക്ഷിച്ചെടുത്ത പരമമായ കാരുണ്യമാണത്.

തന്റെ ബോധോദയം ബുദ്ധന്‍ ആദ്യമായി പങ്കുവെയ്ക്കുന്നത് കുട്ടികളോടും ആട്ടിടയരോടുമാണ്. ബുദ്ധന്‍ അവരോട് ഒരു കഥ പറയുന്നുണ്ട്:

കാട്ടില്‍ ഒരിടത്ത് കലമാനും ആമയും പക്ഷിയും ചങ്ങാതിമാരായി ജീവിച്ചിരുന്നു. ഒരു ദിവസം കലമാന്‍ വേട്ടക്കാരന്റെ കെണിയില്‍പെട്ടു. ആമയും പക്ഷിയും കലമാനെ രക്ഷിക്കാന്‍ ഉപായം തിരഞ്ഞു.

ആമ കെണിയുടെ കയറ് കടിച്ചുചതയ്ക്കാന്‍ തുടങ്ങി. പക്ഷി വേഗം പറന്നുപോയി വേട്ടക്കാരന്റെ വീടിനുമുന്നില്‍ കാത്തിരുന്നു. വേട്ടക്കാരന്‍ പുറത്തിറങ്ങിയപ്പോള്‍ പക്ഷി അയാളുടെ മുഖത്ത് ചിറകുകൊണ്ട് അടിച്ചു. ദുശ്ശകുനം എന്ന് കരുതി വേട്ടക്കാരന്‍ വീടിനുള്ളിലേക്ക് തിരിച്ചുപോയി. ഈ സമയമത്രയും ആമ ചങ്ങാതിയെ രക്ഷിക്കാന്‍ കയര്‍ ചവച്ചുകൊണ്ടിരുന്നു. ആമയുടെ വായ മുറിഞ്ഞു ചോര പൊടിഞ്ഞു. എന്നിട്ടും ആമ ശ്രമം ഉപേക്ഷിക്കില്ല.

“ദുശ്ശകുനം” കാരണം ഇറങ്ങാന്‍ വൈകിയ വേട്ടക്കാരന്‍ എത്തിയപ്പോഴേക്കും ആമ വളരെ പ്രയാസപ്പെട്ട് കെണിയുടെ കയര്‍ മുറിച്ചു. കലമാന്‍ രക്ഷപ്പെട്ടു. പക്ഷെ ആമയ്ക്ക് രക്ഷപ്പെടാനായില്ല. വേഗതയില്ലാത്ത പാവം ആമയെ വേട്ടക്കാരന്‍ പിടിച്ചു സഞ്ചിയിലാക്കി.

കലമാന്‍ അത് കണ്ടു. അവന്‍ പേടിയില്ലാതെ വേട്ടക്കാരനു മുന്നിലെത്തി മുടന്തനായി അഭിനയിച്ചു. “ഈ അവശനായ കലമാനിനെ വേഗം പിടികൂടാം” എന്ന് കരുതി വേട്ടക്കാരന്‍ പിന്നാലെ കുതിച്ചു. വേട്ടക്കാരന്‍ വളരെ അകലെയായപ്പോള്‍ പക്ഷി വന്നു സഞ്ചി തുറന്ന് ആമയെ രക്ഷിച്ചു. കലമാന്‍ ഓടി രക്ഷപ്പെട്ടു.

നിസ്സാരമായ ഈ കുട്ടിക്കഥ തീരുമ്പോള്‍ ബുദ്ധന്‍ ചോദിക്കുന്നു: നിങ്ങളില്‍ ആര്‍ക്കാണ് ആ ആമയാവാന്‍ കഴിയുക? മുറിഞ്ഞു ചോരയിറ്റുന്ന വായ്‌കൊണ്ട് ചങ്ങാതിയെ രക്ഷിയ്ക്കാന്‍ കയര്‍ ചവച്ചു മുറിയ്ക്കുന്ന ആമ!

പിന്നെ ബുദ്ധന്‍ പറയുന്നു: ഞാന്‍ പോയ ജന്മത്തില്‍ ആ കലമാനായിരുന്നു. കെണിയിലാവുകയും പിന്നെ മറ്റുള്ളവരുടെ കരുണയാല്‍ രക്ഷപ്പെടുകയും ശേഷം ലോകത്തിനും സ്‌നേഹത്തിനും വേണ്ടി മുടന്തിയോടുകയും ചെയ്ത ഒരു പാവം കലമാന്‍!

ബുദ്ധന്‍ ഓരോ മനുഷ്യനോടും പറഞ്ഞത്, ആ ആമയൊ പക്ഷിയോ കലമാനോ ആകാനാണ്. എന്നുകരുതി, വേട്ടക്കാരന്റെ കെണികളെ ശ്രീബുദ്ധന്‍ ജീവിതത്തില്‍ ഒരിക്കലും കാണാതിരുന്നതുമില്ല.

സത്യത്തില്‍ ബുദ്ധന് നിഷ്പക്ഷനാവാനും നിശ്ശബ്ദനാവാനും വളരെ എളുപ്പമായിരുന്നു. ശുദ്ധോധന രാജാവിന്റെ കൊട്ടാരം അത്രയൊന്നും ചെറുതായിരുന്നില്ല. അവിടെ സിദ്ധാര്‍ഥനെ കാത്ത് കപിലവസ്തുവിന്റെ സിംഹാസനം ഉണ്ടായിരുന്നു. യശോധര അവളുടെ മനസുകൊണ്ടും പ്രണയംകൊണ്ടും സിദ്ധാര്‍ത്ഥനെ ചുറ്റിപ്പിടിച്ചിരുന്നു. അവര്‍ക്കിടയില്‍ രാഹുലന്റെ കൊഞ്ചലുകളുമുണ്ടായിരുന്നു.

പക്ഷേ, അതിനെയെല്ലാം ഉപേക്ഷിച്ചിറങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഒരു പക്ഷപാതിത്വം സിദ്ധാര്‍ഥന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അത്, മനുഷ്യന്റെ ഒടുങ്ങാത്ത സങ്കടങ്ങളോടുള്ള പക്ഷപാതിത്വമായിരുന്നു. അതുകൊണ്ടാണ് ഞ്ജാനവൃക്ഷത്തിന്റെ ചുവടുതേടി ആ രാജകുമാരന്‍ നടന്നുപോയത്. എല്ലാം വിട്ടു സിദ്ധാര്‍ത്ഥന്‍ ഇറങ്ങിപ്പോയത് മനുഷ്യരുടെ കണ്ണീരിനും വേദനകള്‍ക്കും ഇടയിലേക്കാണ്.

ഏതോ അജ്ഞാത രോഗം ക്ഷയിപ്പിച്ച ശരീരവുമായി തെരുവില്‍ പിടയുന്ന ഒരാള്‍ക്ക് അരികില്‍ തേര് നിര്‍ത്തി സിദ്ധാര്‍ത്ഥന്‍ അയാളുടെ കൈ പിടിക്കുന്നുണ്ട്, ഒരിക്കല്‍. തേരാളി വിലക്കുന്നു: “”അരുത് കുമാരാ, മരുന്നില്ലാത്ത ആ മാറാവ്യാധി പകരാനിടയുണ്ട്..””

സിദ്ധാര്‍ത്ഥന്‍ പിടിവിട്ടില്ല. ആ രോഗിയുടെ അവസാനത്തെ പിടച്ചില്‍ സിദ്ധാര്‍ത്ഥന്‍ ഉള്ളംകൈയുടെ ചൂടില്‍ അറിഞ്ഞു. കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു. അവിടുന്നങ്ങോട്ട് സിദ്ധാര്‍ത്ഥന്‍ മനുഷ്യ ജീവിതത്തിന്റെ മരുന്നില്ലാത്ത സങ്കടങ്ങള്‍ക്ക് മരുന്നുതേടുകയായിരുന്നു. അതെ, ബുദ്ധന്‍ മനുഷ്യപക്ഷത്തിന്റെ കരുണയൂറുന്ന വൈദ്യന്‍ ആയിരുന്നു!

പ്രിയപ്പെട്ട മോഹന്‍ലാല്‍,
നിങ്ങളുടെ പക്ഷങ്ങളെ മറയ്ക്കാന്‍ വേണ്ടി ഗൗതമബുദ്ധനെ നിഷ്പക്ഷനാക്കരുത്..!