ഏപ്രില്‍ മാസത്തിലാണ് പ്രമുഖ വ്യവസായിയായ യൂസഫലി യാത്ര ചെയ്ത ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നത്. പിന്നീട് രണ്ടരമാസത്തോളം യൂസഫലി ചികിത്സയിലായിരുന്നു. നട്ടെല്ലിന് പരിക്കേറ്റിരുന്ന അദ്ദേഹം ശസ്ത്രക്രിയയിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നത്.
അന്നുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് യൂസഫലി. അപകടം നടന്ന ശേഷം പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ സഹായി ഷാഹിദിനോട് താന്‍ ആദ്യം അന്വേഷിച്ചത് കൂളിങ് ഗ്ലാസ് ആയിരുന്നുവെന്നാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസഫലി പറയുന്നത്.
‘ഞാന്‍ അന്വേഷിച്ചത് എന്റെ മേബെക്ക് കൂളിങ് ഗ്ലാസ് ആണ്. ഒരു രാജാവിന്റെ മകന്റെ സമ്മാനമാണത്. ഏറ്റവും പ്രിയപ്പെട്ടവര്‍ തരുന്നതായതുകൊണ്ട് അതെനിക്കത്രയും പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് അപകടസമയത്തായിട്ടും കൂളിങ് ഗ്ലാസിനെക്കുറിച്ച് ചോദിച്ചത്. വീഴ്ചയുടെ ഷോക്കില്‍ ഓര്‍മയ്‌ക്കോ മനസ്സിനോ ഒരു പോറലും പറ്റിയിട്ടില്ലായിരുന്നു എന്നതാണ് സത്യം,’ യൂസഫലി പറഞ്ഞു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചും അഭിമുഖത്തില്‍ യൂസഫലി പറഞ്ഞു.
‘ഒരു ദിവസത്തേക്ക് നാട്ടിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഭാര്യ ഷാബിറയും സെക്രട്ടറിയും പി.എയും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. കടവന്ത്രയിലെ വീട്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുപൊങ്ങി അഞ്ച് മിനുട്ടേ ആയി കാണൂ. അപ്പോഴാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ ഭൂമിയില്‍ വീണ് കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായത്.
അപകടമുണ്ടായപ്പോള്‍ അയല്‍വക്കത്തെ ഒരു സഹോദരനും ഭാര്യയുമാണ് ആദ്യം ഓടിയെത്തിയത്. ഞാന്‍ ആരാണെന്നൊന്നും അവര്‍ക്ക് മനസ്സിലായില്ല. നല്ല മഴയുണ്ടായിരുന്നു. അവര്‍ ഒരു കുട കൊണ്ട് വന്നു. ആ സഹോദരി ഫോണ്‍ ചെയ്ത് അറിയിച്ചാണ് പൊലീസ് എത്തിയതും എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും. ഇനി നാട്ടില്‍ പോകുമ്പോള്‍ അവരെ ചെന്നുകണ്ട് നന്ദി പറയണം. അത് കടമയാണ്,’ യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: M A Yusuff Ali shares experience about helicopter accident