ഏപ്രില്‍ മാസത്തിലാണ് പ്രമുഖ വ്യവസായിയായ യൂസഫലി യാത്ര ചെയ്ത ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നത്. പിന്നീട് രണ്ടരമാസത്തോളം യൂസഫലി ചികിത്സയിലായിരുന്നു. നട്ടെല്ലിന് പരിക്കേറ്റിരുന്ന അദ്ദേഹം ശസ്ത്രക്രിയയിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നത്.
അന്നുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചും മനസ്സുതുറക്കുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസഫലി.
‘ഒരു ദിവസത്തേക്ക് നാട്ടിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഭാര്യ ഷാബിറയും സെക്രട്ടറിയും പി.എയും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. കടവന്ത്രയിലെ വീട്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുപൊങ്ങി അഞ്ച് മിനുട്ടേ ആയി കാണൂ. അപ്പോഴാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ ഭൂമിയില്‍ വീണ് കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായത്.
അപകടമുണ്ടായപ്പോള്‍ അയല്‍വക്കത്തെ ഒരു സഹോദരനും ഭാര്യയുമാണ് ആദ്യം ഓടിയെത്തിയത്. ഞാന്‍ ആരാണെന്നൊന്നും അവര്‍ക്ക് മനസ്സിലായില്ല. നല്ല മഴയുണ്ടായിരുന്നു. അവര്‍ ഒരു കുട കൊണ്ട് വന്നു. ആ സഹോദരി ഫോണ്‍ ചെയ്ത് അറിയിച്ചാണ് പൊലീസ് എത്തിയതും എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും. ഇനി നാട്ടില്‍ പോകുമ്പോള്‍ അവരെ ചെന്നുകണ്ട് നന്ദി പറയണം. അത് കടമയാണ്,’ യൂസഫലി പറയുന്നു.