വിനയൻ പറഞ്ഞത് സത്യമെങ്കിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാനായി തുടരാനുള്ള യോഗ്യതയില്ല: നിഷാദ്
Entertainment
വിനയൻ പറഞ്ഞത് സത്യമെങ്കിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാനായി തുടരാനുള്ള യോഗ്യതയില്ല: നിഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th July 2023, 4:47 pm

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ വിനയന്‍ സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് വിനയന്‍ ആരോപിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കുകയായാണ് സംവിധായകൻ എം. എ നിഷാദ്.

വിനയൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന് നിഷാദ് പറഞ്ഞു. ഈ വിഷയം കൂടുതൽ അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ശക്തമായ നിയമ നടപടി ഉണ്ടാകണമെന്നും നിഷാദ് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജൂറിയുടെ തീരുമാനത്തിൽ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയ എല്ലാവർക്കും ആശംസകൾ നേരുന്നു. സത്യം വിനയൻ പറഞ്ഞാലും വിശ്വസിക്കണം. വ്യക്തിപരമായി വിനയനുമായി അടുപ്പമോ അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പുകളോ ഉള്ള ആളല്ല ഞാൻ. പക്ഷെ സിനിമയുടെ കാര്യത്തിൽ ഒരു ജൂറി ഫോം ചെയ്തിട്ടുണ്ടെങ്കിൽ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിക്കോ ചെയർമാനോ ഇടപെടാൻ പാടില്ല എന്നുള്ളതാണ് ലിഖിത നിയമം. എക്സ് ഒഫീഷ്യൽ മെമ്പർ ആയിട്ട് സെക്രട്ടറി അവിടെ നിൽക്കുന്നുണ്ടെങ്കിൽ പോലും ആ സെക്രട്ടറിക്ക് പോലും അഭിപ്രായം പറയാൻ പാടില്ല.

ഇന്നലെ വിനയന്റെ പോസ്റ്റ് എന്റെ ശ്രദ്ധയിൽപെട്ടു. ആ പോസ്റ്റിൽ, ഒരു ജൂറി അംഗവുമായുള്ള ചർച്ചയുടെ ഭാഗമായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് സത്യമാണെങ്കിൽ ഗുരുതരമായ ആരോപണമാണ് വിനയൻ ഉന്നയിച്ചിരിക്കുന്നത്. അത് വലിയ തെറ്റുമാണ്. അങ്ങനെയെങ്കിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിട്ടും അജോയിക്ക് സെക്രട്ടറി ആയിട്ടും തുടരാനുള്ള യോഗ്യതയില്ല.

തീർച്ചയായും ഇതിലെ സത്യങ്ങൾ പുറത്ത് കൊണ്ടുവരണം. പിന്നെ ഇത് കേരളമാണെന്നുള്ള കാര്യം ഇവർ മറന്ന് പോകരുത്. എന്തൊക്കെ കാര്യം ഒളിപ്പിച്ച് വെച്ചാലും ഒരു ദിവസം അത് മറ നീക്കി പുറത്ത് വരും. ഇത് സത്യമാണെങ്കിൽ സത്യം പുറത്ത് വരട്ടെ. അല്ലാത്ത പക്ഷം അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല.

മിസ്റ്റർ വിനയൻ ഇത് പറഞ്ഞിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ നിയമ നടപടികൾ എടുക്കണം,’ നിഷാദ് പറഞ്ഞു.

ജൂറി അംഗത്തോട് തന്റെ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കാമായിരുന്നെന്നും അവാര്‍ഡ് നിര്‍ണയം നടക്കുന്ന വേളയില്‍ രഞ്ജിത്ത് പറഞ്ഞെന്നും സംഗീതത്തിനും ഡബ്ബിങ്ങിനുമായി മൂന്ന് അവാര്‍ഡ് ചിത്രത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അറിഞ്ഞപ്പോള്‍ രഞ്ജിത്ത് കലിപൂണ്ടു വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
കൃത്യമായ തെളിവുകള്‍ കൈയ്യില്‍ വച്ചുകൊണ്ടാണ് താനിതെഴുതുന്നതെന്നും വേണ്ടി വന്നാല്‍ അത് എല്ലാ മാധ്യമങ്ങൾക്കും കൊടുക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: M.A Nishad on Vinayan’s allegation against Renjith