| Tuesday, 17th January 2023, 11:15 am

വമ്പന്‍ താരനിരയുമായി അയ്യര് കണ്ട ദുബായ്; എം.എ നിഷാദ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മിച്ച് എം.എ നിഷാദ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന് അയ്യര് കണ്ട ദുബായ് എന്ന് പേരിട്ടു. തിങ്കളാഴ്ച നടന്ന ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ദുബായില്‍ തുടങ്ങും. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ആണ് ‘അയ്യര് കണ്ട ദുബായ്’ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ എന്നാണ് സൂചന.

എം.എ നിഷാദ് നിര്‍മാണം നിര്‍വഹിച്ച ആദ്യ ചിത്രമായ ഒരാള്‍ മാത്രം ഇറങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ ആദരിച്ചു. ട്രെന്റുകള്‍ അല്ല സിനിമയുടെ കഥ നല്ലതാണെങ്കിലും മലയാളി പ്രേക്ഷകര്‍ തീയ്യേറ്ററില്‍ വരുമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

സിനിമയുടെ ടൈറ്റില്‍ ലോഞ്ച് സംവിധായകന്‍ സിബി മലയിലാണ് നിര്‍വഹിച്ചത്. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ലോഗോ സംവിധായകന്‍ ജോഷിയും സിനിമയുടെ കാസ്റ്റ് ആന്‍ ക്രൂ ലിസ്റ്റ് പ്രമുഖ നിര്‍മാതാവ് സിയാദ് കോക്കറുമാണ് പുറത്തിറക്കിയത്. നിര്‍മാതാവ് വിഘ്നേഷ് വിജയകുമാര്‍ സ്വാഗതം പറയുകയും ചെയ്തു.

നടന്‍ മുകേഷ്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, സുനില്‍ സുഗത, പ്രജോദ് കലാഭവന്‍, ദിവ്യ എം. നായര്‍, രശ്മി അനില്‍, തെസ്‌നി ഖാന്‍ തുടങ്ങി ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളെല്ലാം ചിത്രത്തെക്കുറിച്ച് സംസാരിച്ചു. നടന്‍ ഇര്‍ഷാദ്, കൈലാഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എം.എ നിഷാദിന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ സിനിമകളിലെ നിര്‍മാതാക്കളെയും സംവിധായകരെയും എഴുത്തുകാരെയും ആദരിച്ചു. 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന സിനിമ നിര്‍മിച്ചു കൊണ്ടാണ് എം.എ നിഷാദ് സിനിമ രംഗത്തേക്ക് എത്തുന്നത്.

വെല്‍ത്ത് ഐ സിനിമയുടെ ബാനറില്‍ വരുന്ന ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് രാമസ്വാമി ആണ്. സംഗീതം ആനന്ദ് മധുസൂദനന്‍. എഡിറ്റര്‍- ജോണ്‍കുട്ടി. ശബ്ദലേഖനം രാജകൃഷ്ണന്‍. കലാസംവിധാനം- പ്രദീപ് എം. വി. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബിനു മുരളി, മേക്കപ്പ് സജീര്‍ കിച്ചു. കോസ്റ്റ്യും അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ. മധു. ഗാനങ്ങള്‍- പ്രഭാ വര്‍മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്, സ്റ്റില്‍സ് നിദാദ്, സൗണ്ട് ഡിസൈന്‍, രാജേഷ് പി.എം. പി.ആര്‍.ഒ – എ. എസ്. ദിനേഷ്, മാര്‍ക്കറ്റിങ്- കണ്ടന്റ് ഫാക്ടറി, ഡിജിറ്റല്‍ പ്രമോഷന്‍ ആന്‍ ഡിസൈന്‍- യെല്ലോടൂത്ത്.

content highlight: m.a nishad new movie tittle out

We use cookies to give you the best possible experience. Learn more