തിരുവനന്തപുരം: പന്തിരങ്കാവ് യു.എ.പി.എ കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ജാമ്യം നല്‍കിയതിനെ സ്വാഗതം ചെയ്ത് സി.പി.ഐ.എം പൊളിറ്റ് ബ്യുറോ അംഗം എം.എ ബേബി. അലന്‍ ശുഐബിനും താഹാ ഫസലിനും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
‘രാഷ്ട്രീയ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സി.പി.ഐ.എം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്‍കണ്ടതാണ്’, എം.എ ബേബി പറഞ്ഞു.
ഉപാധികളോടെയാണ് ഇരുവര്‍ക്കും ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചു. എല്ലാ മാസവും സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തണം. അറസ്റ്റ് ചെയ്ത് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.
തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇരുവരും ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തില്‍ തെളിവുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം.
2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെ അലനേയും താഹയേയും അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖയും ബാനറും വീട്ടില്‍ നിന്ന് കണ്ടെടുത്തെന്നായിരുന്നു പൊലീസ് പറഞ്ഞത്.
ഏപ്രില്‍ 27 നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇരുവര്‍ക്കുമെതിരായ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.
എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ ശുഐബിനും താഹാ ഫസലിനും എന്‍ ഐഎ കോടതി ജാമ്യം അനുവദിച്ചതില്‍ അതിയായ സന്തോഷം.
വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ഇരുവരുടെയും പേരില്‍ പോലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനല്‍പ്രവര്‍ത്തനം നടത്തിതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്.
ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്‌കേണ്ടതാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ