| Sunday, 11th October 2020, 9:55 am

'പരിഭ്രാന്തരായ മോദി സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയുടെ തെളിവ്'; ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് 84 വയസ്സുകാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

ഇന്ത്യയിലെ എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പാക്കിയ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും തുറന്നു കാട്ടുന്നതാണ് അദ്ദേഹത്തിന്റെ അറസ്റ്റെന്നും എം.എ ബേബി പറഞ്ഞു.

”സ്റ്റാന്‍ സ്വാമി റാഞ്ചിയിലാണ് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയിലെ ഭീമ-കൊറഗാവ് സംഭവവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല എന്നും ആ സ്ഥലത്തു പോയിട്ടുപോലും ഇല്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.

പക്ഷേ, എന്നിട്ടും കോവിഡ് കാലത്ത് ഈ വന്ദ്യ വയോധികനായ പുരോഹിതനെ അറസ്റ്റ് ചെയ്തു ബോംബെയ്ക്കു കൊണ്ടു പോയത് ഇന്ത്യയിലെ എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കാന്‍ ഉറപ്പാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും തുറന്നു കാട്ടുന്നതാണ്” എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദി എന്ന് ആരോപിച്ച് ജയിലില്‍ ഇട്ടിരിക്കുന്ന മിക്ക ആദിവാസികളും അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നു സ്ഥാപിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടില്‍ പറയുന്ന അയ്യായിരത്തോളം ഗോത്രസമുദായാംഗങ്ങള്‍ക്കായി നിയമസഹായം എത്തിക്കാനുള്ള ശ്രമവും നടത്തി. ഇതാണ്, ഖനി ഉടമകളുടെ താല്പര്യത്തിനായി നില്ക്കുന്ന സര്‍ക്കാരിന് സ്വാമി കണ്ണിലെ കരടായിത്തീരാന്‍ കാരണമെന്നും എം.എ ബേബി പറഞ്ഞു.

ജാര്‍ഖണ്ഡിലെ ക്രിസ്തീയ സമൂഹത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ സമൂഹം ഉണരണമെന്ന കെ.സി.ബി.സിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എം.എ ബേബി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് എണ്‍പത്തിനാലു വയസ്സുകാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി കേന്ദ്രീകരിച്ച് ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈശോ സഭ പുരോഹിതനാണ് സ്റ്റാന്‍ സ്വാമി.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈ പുരോഹിതനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

തീവ്രവാദി എന്ന് ആരോപിച്ച് ജയിലില്‍ ഇട്ടിരിക്കുന്ന മിക്ക ആദിവാസികളും അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നു സ്ഥാപിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടില്‍ പറയുന്ന അയ്യായിരത്തോളം ഗോത്രസമുദായാംഗങ്ങള്‍ക്കായി നിയമസഹായം എത്തിക്കാനുള്ള ശ്രമവും നടത്തി. ഇതാണ്,ഖനി ഉടമകളുടെ താല്പര്യത്തിനായി നില്ക്കുന്ന സര്‍ക്കാരിന് സ്വാമി കണ്ണിലെ കരടായിത്തീരാന്‍ കാരണം.

ഗോത്രജനതയെക്കുറിച്ചു പഠനം നടത്തുകയോ അവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന നിയമസഹായം എത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതു തീവ്രവാദം ആണെന്നാണ് ഇന്നത്തെ ഇന്ത്യയിലെ സര്‍ക്കാര്‍ കരുതുന്നത്. സ്റ്റാന്‍ സ്വാമി റാഞ്ചിയിലാണ് പ്രവര്‍ത്തിക്കുന്നത്.

മഹാരാഷ്ട്രയിലെ ഭീമ-കൊറഗാവ് സംഭവവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല എന്നും ആ സ്ഥലത്തു പോയിട്ടുപോലും ഇല്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.

പക്ഷേ, എന്നിട്ടും കോവിഡ് കാലത്ത് ഈ വന്ദ്യ വയോധികനായ പുരോഹിതനെ അറസ്റ്റ് ചെയ്തു ബോംബെയ്ക്കു കൊണ്ടു പോയത് ഇന്ത്യയിലെ എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കാന്‍ ഉറപ്പാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും തുറന്നു കാട്ടുന്നു.
ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് കേരള കത്തോലിക്ക മെത്രാന്‍ സമിതി അപലപിച്ചതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

ഈ അറസ്റ്റിനെതിരെയും ജാര്‍ഖണ്ഡിലെ ക്രിസ്തീയസമൂഹത്തെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും മതനിരപേക്ഷ സമൂഹം ഉണരണമെന്ന കെ സി ബി സിയുടെ ആഹ്വാനത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും , ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ജനാധിപത്യ നിഷേധത്തിനെതിരെയും അടിച്ചമര്‍ത്തല്‍നയങ്ങള്‍ക്കെതിരെയും ഒരുമിക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M.A Baby response to Fr. Stan Swamy Arrest in Jharkhand

We use cookies to give you the best possible experience. Learn more