'മോദി സര്‍ക്കാരിനോട്, എല്ലാ എഴുത്തുകാരെയും നിങ്ങള്‍ക്ക് എന്നും ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ നിര്‍ത്താമെന്ന് കരുതരുത്'
കണ്ണൂര്‍: ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ 13 വര്‍ഷം പഴയ കേസില്‍ വിചാരണ ചെയ്യാന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള മറ്റൊരു കൈകടത്തലാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
എല്ലാ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരെയും നിങ്ങള്‍ക്ക് എന്നും ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ നിര്‍ത്താമെന്ന് മോദി സര്‍ക്കാര്‍ കരുതരുതെന്നും എം.എ. ബേബി പറഞ്ഞു.
‘2010 ഒക്ടോബര്‍ 28ന് ദല്‍ഹിയിലെ എല്‍.ടി.ജി ഓഡിറ്റോറിയത്തില്‍ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള സമിതി ഒരു യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അരുന്ധതി റോയിയെയും കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി എന്ന പേരില്‍ വിചാരണ ചെയ്യാന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അനുമതി നല്‍കിയിരിക്കുന്നത്.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കല്‍, പൊതുശല്യം ഉണ്ടാക്കല്‍ എന്നിവയെക്കുറിച്ചുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും യു.എ.പി.എ പ്രകാരമുള്ള വകുപ്പുകളും ചേര്‍ത്താണ് കേസെടുക്കുക. ഈ കേസിലെ മറ്റ് പ്രതികളായിരുന്ന കാശ്മീര്‍ വിഘടനവാദി നേതാവായ സെയ്ദ് അലി ഷാ ഗീലാനിയും ദല്‍ഹി സര്‍വകലാശാല ലെക്ചററായിരുന്ന സെയ്ദ് അബ്ദുള്‍ റഹ്മാന്‍ ഗീലാനിയും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ പ്രസംഗം കുപ്രസിദ്ധമായ രാജ്യദ്രോഹച്ചട്ടപ്രകാരമുള്ള(124 എ) കേസിന് വകയുള്ളതാണെങ്കിലും ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത് 2022 ല്‍ സുപ്രീംകോടതി വിലക്കിയിരിക്കുന്നതിനാല്‍ അത് ചാര്‍ത്തേണ്ടതില്ല എന്നാണ് ഗവര്‍ണര്‍ സക്‌സേന തീരുമാനിച്ചത്.
ഒരു വ്യാഴവട്ടം മുമ്പുണ്ടായ സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ പെട്ടെന്ന് വിചാരണാനുമതി നല്‍കുന്നത് അര്‍ത്ഥഗര്‍ഭമാണ്. മോദി സര്‍ക്കാരിന്റെ അര്‍ധ ഫാസിസ്റ്റ് നടപടികളുടെ അതിനിശിതവിമര്‍ശകയാണ് അരുന്ധതി റോയി. ഒരു മാസം മുമ്പ്, സെപ്തംബര്‍ 12ന് യൂറോപ്യന്‍ എസ്സേ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ, ‘ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നാശം ലോകത്തെയാകെ ബാധിക്കും’ എന്ന പ്രസംഗം മോദി ഭക്തരെ വിറളി പിടിപ്പിച്ചിരിക്കും എന്നതുറപ്പാണ്. അത്രയേറെ ഭയരഹിതവും ശക്തവുമായ വാദങ്ങള്‍ നിറഞ്ഞതുമായിരുന്നു മനോഹരമായ ആ പ്രസംഗം. നമ്മളെല്ലാം നാത്സികളായി മാറിയിരിക്കുന്നു എന്നാണ് ആ പ്രസംഗത്തില്‍ അരുന്ധതി പറഞ്ഞത്.
മോദി സര്‍ക്കാരിനോട് പറയാനുള്ളത് ഒന്നു മാത്രമാണ്, എല്ലാ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരെയും നിങ്ങള്‍ക്ക് എന്നും ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ നിര്‍ത്താമെന്നു കരുതരുത്,’ എം.എ. ബേബി പറഞ്ഞു.
Content Highlight: M.A. Baby responded to the Delhi Lt. Governor’s permission to try Arundhati Roy in a 13-year-old case.