| Monday, 27th June 2022, 7:55 pm

എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാന്‍ വയനാട്ടിലേക്കുവരുന്ന രാഹുല്‍ ഗാന്ധി ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതില്‍ മിണ്ടാത്തതെന്ത്? എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാന്‍ മുന്ന് ദിവസത്തേക്ക് വയനാട്ടിലേക്കുവരുന്ന കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യം. താങ്കള്‍ ടീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്താണെന്ന് എം.എ. ബേബി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.

അചഞ്ചലയായ മനുഷ്യാവകാശപ്പോരാളിയായ ടീസ്ത സെതല്‍വാദിനെയും ഗുജറാത്തിലെ മുന്‍ എ.ഡി.ജി.പി ആയിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ഐ.പി.എസിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തകാര്യം താങ്കള്‍ അറിഞ്ഞുകാണുമല്ലോ. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ തീവെച്ചു കൊല്ലപ്പെട്ടത് താങ്കളുടെ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം ആയിരുന്ന ഇഹ്‌സാന്‍ ജാഫ്രി അടക്കമുള്ള ആളുകളാണ്. മുസ്‌ലിങ്ങളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുന്നതുകണ്ട് മുന്‍ എം.പി ആയ ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം പ്രാപിച്ച 69 പേരെയാണ് തീവെച്ചും വെട്ടിയും കൊന്നത്. സഹായത്തിനു വേണ്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ ഇഹ്‌സാന്‍ ജാഫ്രി വിളിച്ചു.

ആരും സഹായിച്ചില്ല. ഭരണകൂടം അക്രമികളെ സഹായിച്ചു എന്ന് അന്ന് ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ.ആര്‍. നാരായണന്‍ നാനാവതി കമ്മീഷന് കത്തെഴുതി. ഇക്കാര്യത്തില്‍ നീതിക്കായി താങ്കളുടെ പാര്‍ട്ടി ഒന്നും ചെയ്തില്ല. യു.പി.എ 2 സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമനടപടി എടുക്കാമായിരുന്നു. ചെയ്തില്ല. കോണ്‍ഗ്രസുകാരനായ ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഇക്കാര്യത്തില്‍ സുപ്രീം കോടതി വരെ കേസ് നടത്തി. ഈ കേസിലെ വിവാദപരമായ വിധി കാണിച്ച്, ടീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും പ്രതിയാക്കി കേസ് എടുത്തു. തീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും ബേബി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ കൊലയ്ക്ക് നീതി തേടി കോടതിയില്‍ പോരാടിയവരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ അപമാനിച്ചു കൊണ്ട്, താങ്കളുടെ പാര്‍ട്ടിയുടെ വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞത് ഇങ്ങനെയാണ്, ‘ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍ നടന്ന വ്യാജരേഖ ചമയ്ക്കല്‍, കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കോണ്‍ഗ്രസിനു സാധിക്കില്ല,’

ഇഹ്‌സാന്‍ ജാഫ്രിയുടെ കേസില്‍ നീതിക്കായി പോരാടിയ ടീസ്തയെ സംഘപരിവാറിനൊപ്പം ചേര്‍ന്നുനിന്ന് അപമാനിക്കുകയാണ് കോണ്‍ഗ്രസ്.
താങ്കളാണെങ്കില്‍ ഇക്കാര്യത്തില്‍ മിണ്ടുകയില്ല എന്ന വാശിയിലും. കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം ആയിരുന്ന ആളാണെങ്കിലും മുസ്‌ലിം ആയതിനാല്‍ ഇഹ്‌സാന്‍ ജാഫ്രിയുടെ ജീവന് നീതി ചോദിക്കില്ല എന്നുവാശിയുള്ള താങ്കളുടെ ഹിന്ദുത്വ പ്രീണനം കഴിഞ്ഞ് എന്ത് മതേതരത്വത്തെക്കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്? ആര്‍.എസ്.എസിന്റെയും മോദിയുടെയും ഹിന്ദു രാഷ്ട്രത്തിനുപകരം ഹിന്ദു രാജ്യം വരണം എന്നാണല്ലോ താങ്കളുടെ ആഗ്രഹം!
അപ്പോള്‍ ഈ കാലത്ത് എസ്.എഫ്.ഐക്കാരോട് കണക്ക് ചോദിക്കുക മുന്‍ഗണനയില്‍ വരിക സ്വാഭാവികമാണെന്നു എം.എ. ബേബി.

CONTENT HIGHLIGHTS: CPI M politburo member M.A. Baby has come fire against Congress leader Rahul Gandhi

We use cookies to give you the best possible experience. Learn more