കോഴിക്കോട്: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്ത യു.പി. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. റാഞ്ചിയില്‍ പ്രവാചക നിന്ദയെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തെയും അദ്ദേഹം അപലപിച്ചു.
ജനാധിപത്യത്തെ ബുള്‍ഡോസര്‍ ചെയ്യുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബേബിയുടെ പ്രതികരണം.
‘ഉത്തര്‍പ്രദേശിലെ സഹാറന്‍പുറില്‍ ‘സാമൂഹ്യവിരുദ്ധരുടെ’ എന്ന് ആരോപിച്ച് വീടുകള്‍ ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചുനിരത്തുകയാണ് യു.പി പൊലീസ്. കേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചുനിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു.
പ്രവാചകന്‍ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകള്‍ ആണ് ഇടിച്ചുനിരത്തുന്നത്. കാണ്‍പൂരിലും ഒരു വീട് ബുള്‍ഡോസര്‍ പ്രയോഗത്തിനിരയായി.
റാഞ്ചിയില്‍ പ്രതിഷേധത്തിനുനേരെ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലും തെലങ്കാനയിലെ ഹൈദരാബാദിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങളെ വലിയ വര്‍ഗീയ സംഘര്‍ഷത്തില്‍ എത്തിക്കാനും അതുവഴി സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആര്‍.എസ്.എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരെ ഒരുമിച്ചു നിന്നില്ല എങ്കില്‍ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവും,’ എം.എ. ബേബി പറഞ്ഞു.
അതേസമയം, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് നഗരത്തിലെ തെരുവുകളിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തത്.
പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. അനധികൃത നിര്‍മാണം എന്ന് ആരോപിച്ചാണ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്.
റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്.
റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 12 പൊലീസുകാര്‍ക്കും പരിക്കേറ്റു.
Content Highlights: M.A. Baby Criticize bulldozer raj Fire attack on UP Police