കോഴിക്കോട്: ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷനേതാവിനെ പ്രസിഡന്റായി തെരഞ്ഞെടുത്ത കൊളംബിയയിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം. തീവ്രവലതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ച കൊളംബിയയില്‍ കുറച്ചുവര്‍ഷങ്ങളായി ജനങ്ങള്‍ പ്രക്ഷോഭരംഗത്താണെന്നും എം.എ. ബേബി പറഞ്ഞു.
തെക്കെ അമേരിക്കയിലെ കൊളംബിയയിലെ ഏകാധിപത്യഭരണം അവസാനിപ്പിച്ചുകൊണ്ട് ഇടതുപക്ഷ നേതാക്കള്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടു. തെക്കേ അമേരിക്കയുടെ വിമോചകന്‍ സിമോണ്‍ ബൊളിവറുടെ കാലം മുതല്‍ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച കൊളംബിയയില്‍ പക്ഷേ ആദ്യമായാണ് ഇടതുപക്ഷം അധികാരത്തില്‍ വരുന്നത്.
സ്വതന്ത്ര കൊളംബിയയുടെ ആദ്യ പ്രസിഡന്റ് സൈമണ്‍ ബൊളിവര്‍ ആയിരുന്നു. പക്ഷേ വളരെക്കാലമായി കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ യു.എസ.എ പിന്തുണയ്ക്കുന്ന കക്ഷികളാണ് കൊളംബിയന്‍ തലസ്ഥാനം ബൊഗോട്ടൊയിലിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. അതിനെതിരെ വിവിധ ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഗറില്ലാ യുദ്ധം നടത്തുകയായിരുന്നു. അത് അവസാനിപ്പിച്ചുകൊണ്ട് ഒരു ഗറില്ലാ പോരാളി ആയിരുന്ന ഗുസ്താവോ പെട്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെക്കേ അമേരിക്കയുടെ രാഷ്ട്രീയത്തില്‍ ചരിത്രപ്രധാനമായ ഒരു വിജയമാണിതെന്നും എം.എ. ബേബി പറഞ്ഞു.
1980കളില്‍ എം 19 എന്ന ഗറില്ലാ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുസ്താവോ പെട്രോ ആയുധം കയ്യില്‍ വച്ചിരുന്നതിന് ജയിലിലടയ്ക്കപ്പെട്ടു. അദ്ദേഹം പിന്നീട് തലസ്ഥാനമായ ബൊഗോട്ടൊയുടെ മേയറും സെനറ്റ്, കോണ്‍ഗ്രസ് എന്നിവയിലെ അംഗവും ഒക്കെ ആയി. സമത്വമുള്ള ഒരു സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നു പറഞ്ഞ പെട്രോ സൗജന്യ സര്‍വകലാശാലാ വിദ്യാഭ്യാസം, പെന്‍ഷന്‍ പരിഷ്‌കാരം, ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിക്ക് ഉയര്‍ന്ന നികുതി എന്നിവയാണ് പ്രധാനമായും വാഗ്ദാനം ചെയ്തിരിക്കുന്നത്.
കെട്ടിടനിര്‍മാണമുതലാളിയായ റൊഡോള്‍ഫോ ഹെര്‍ണാണ്ടസിനെയാണ് അദ്ദേഹം ഏഴുലക്ഷം വോട്ടിന് തോല്പിച്ചത്. ഒരു ആം ആദ്മി- ട്വന്റി ട്വന്റി തരം രാഷ്ട്രീയമാണ് ഈ മുതലാളി പറഞ്ഞിരുന്നത്. ടിക് ടോക് എന്ന സാമൂഹ്യമാധ്യമം വഴിയായിരുന്നു പ്രധാന പ്രചാരണം.
ഗുസ്താവോ പെട്രോയ്‌ക്കൊപ്പം മത്സരിച്ചുജയിച്ചിരിക്കുന്ന ഫ്രാന്‍സിയ മാര്‍ക്വേസ് കൊളംബിയയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്. മുമ്പ് വീട്ടുവേലക്കാരിയായി ജോലി ചെയ്തിരുന്ന ഇവര്‍ ഒരു സിംഗിള്‍ മദര്‍ ആണെന്നും ബേബി പറഞ്ഞു.