| Wednesday, 19th October 2022, 6:11 pm

അപമാനം താങ്ങി അവിടെത്തന്നെ തുടരുമോ; ശശി തരൂര്‍ ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശശി തരൂര്‍ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ, അതോ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരാനാണെങ്കില്‍ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീര്‍ക്കാന്‍ മാത്രമാണോ ഉദ്ദേശമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ബേബിയുടെ പ്രതികരണം.

‘കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ആകെ പോള്‍ ചെയ്ത വോട്ടിന്റെ പത്തുശതമാനം നേടി അഭിമാനം സംരക്ഷിച്ച ശശി തരൂരിന് എന്റെ അഭിനന്ദനങ്ങള്‍.
ജനാധിപത്യപരവും സ്വതന്ത്രവുമായിരിക്കും തെരഞ്ഞെടുപ്പ് എന്ന് കോണ്‍ഗ്രസിലെ എല്ലാവരും ആവര്‍ത്തിച്ചെങ്കിലും അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍ എന്നത് വ്യക്തമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയ – രാഹുല്‍ – പ്രിയങ്കമാരുടെ സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നത് സുവ്യക്തമായിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോണ്‍ഗ്രസില്‍ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാര്‍ഗെ ജയിച്ചതെന്നും എല്ലാവര്‍ക്കും അറിയാം.

ആരെ നിറുത്തിയാലും തങ്ങള്‍ പറയുന്നവരെ കോണ്‍ഗ്രസുകാര്‍ ജയിപ്പിക്കും എന്ന് സോണിയ കുടുംബം കോണ്‍ഗ്രസുകാര്‍ക്കു തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലൂടെ. അന്താരാഷ്ട്ര നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊര്‍ജസ്വലനായ രാഷ്ട്രീയപ്രവര്‍ത്തകനോ എന്നതൊന്നും കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അര്‍ത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു,’ എം.എ. ബേബി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളില്‍ നെഹ്‌റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാര്‍ട്ടിയില്‍ തുടര്‍ന്ന ചരിത്രം ഇല്ല. 1950ലെ തെരഞ്ഞെടുപ്പില്‍ നെഹ്രുവിന്റെ സ്ഥാനാര്‍ത്ഥി ആയിരുന്നിട്ടും ആചാര്യ കൃപലാനി ഹിന്ദുത്വ പക്ഷപാതിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. കൃപലാനി ക്രമേണ കോണ്‍ഗ്രസ് വിട്ടു. സീതാറാം കേസരിയോട് പരാജയപ്പെട്ട ശരദ് പവാര്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി ഉണ്ടാക്കി. സോണിയ ഗാന്ധിയോട് പരാജയപ്പെട്ട ജിതേന്ദ്ര പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നു.

രാഹുല്‍ ഗാന്ധിയുടെ ഇഷ്ട നേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചുവെക്കാറില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തു തന്നെ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു. സോണിയ കുടുംബത്തോട് പൂര്‍ണ വിധേയത്വമില്ലാത്ത ആര്‍ക്കും കോണ്‍ഗ്രസില്‍ അധികനാള്‍ തുടരാനാവില്ല എന്നത് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘ശശി തരൂര്‍ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ? അതോ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരാനാണെങ്കില്‍ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീര്‍ക്കാന്‍ മാത്രമാണോ ഉദ്ദേശം.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും വളരെ വിമര്‍ശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂര്‍. തന്റെ സ്വാഭാവികമായ, കൂടുതല്‍ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ? സംഘപരിവാറിന്റെ അര്‍ധ ഫാസിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോ,’ എം.എ.ബേബി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT : M.A. Baby asked  Shashi Tharoor, what he plans to do next. who lost the election for the post of AICC president

We use cookies to give you the best possible experience. Learn more