| Saturday, 26th June 2021, 2:07 pm

എം.സി. ജോസഫൈന്‍ അങ്ങനെ പറഞ്ഞത് പ്രത്യേക സാഹചര്യം കൊണ്ടാകാം; രാജിക്ക് ശേഷവും മാധ്യമ വിചാരണ ശരിയല്ലെന്ന് എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് എം.സി. ജോസഫൈന്‍ അപമര്യാദയായി പെരുമാറിയത് പ്രത്യേക സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടായിരിക്കാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എന്നാല്‍ ജോസഫൈന്‍ പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ സ്വയം ന്യായീകരിച്ചില്ലെന്നും സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് നല്ലൊരു മാതൃകയാണ് കാണിച്ചതെന്നും എം.എ. ബേബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സമൂഹം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത തുടങ്ങിയവയെല്ലാം അറിയാവുന്ന ആളാണ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍, എന്തൊക്കെയോ സമ്മര്‍ദ്ദം മൂലം ഇത്തരത്തില്‍ പ്രതികരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുകയുമില്ല. അത് മനസിലാക്കിയാണ് ജോസഫൈന്‍ തന്നെ ഖേദം പ്രകടിപ്പിച്ചതെന്നും എം.എ. ബേബി പറഞ്ഞു.

സി.പി.ഐ.എം. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോസഫൈന്‍ സ്വയം ന്യായീകരിക്കുകയല്ല ചെയ്തത് എന്നും എം.എ. ബേബി പറഞ്ഞു.

പാര്‍ട്ടിക്ക് പ്രശ്‌നമാകുന്ന തരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ജോസഫൈന്‍ പ്രതികരിച്ചത്. അത് ജനാധിപത്യപരമായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജിക്ക് ശേഷവും ജോസഫൈനെ വളഞ്ഞിട്ട് കൊണ്ടുള്ള മാധ്യമ വിചാരണ ശരിയല്ലെന്നും എം.എ. ബേബി കൂട്ടിചേര്‍ത്തു. എപ്പോഴും ഇങ്ങനെ പെരുമാറുന്ന ആളല്ല ജോസഫൈന്‍. പ്രത്യേക സന്ദര്‍ഭത്തില്‍ അബദ്ധം പറ്റിയതാണ്. നമുക്കെല്ലാം പാഠമാണ്. നല്ലൊരു മാതൃകയാണ് ജോസഫൈന്റേത്.

സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ എന്താണ്, ഭാവം എന്തായിരിക്കണം എന്നതൊക്കെ സംബന്ധിച്ച് പൊതു സമൂഹത്തിനുള്ള വലിയൊരു പാഠമായി കൂടി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെ പെരുമാറണം എന്ന കാര്യത്തിലുള്ള ഒരു ഉപദേശം കൂടിയാണ് ഈ സംഭവവികാസവും അതിലുണ്ടായ തീരുമാനവും. സമൂഹത്തിനും എല്ലാ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ ആയിരിക്കണോ അതോ പ്രമുഖ വ്യക്തികള്‍ വേണോ എന്ന കാര്യത്തില്‍ സി.പി.ഐ.എമ്മും ഇടതുപക്ഷ മുന്നണിയും ആശയ വിനിമയം നടത്തി തീരുമാനം എടുക്കും.

ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ചയും ആലോചനയും ഇല്ലെന്നും എം.എ. ബേബി പറഞ്ഞു.

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.

എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ഇതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ജോസഫൈന്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടുവെന്നും ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: M A Baby about M C Josephine and her resignation

We use cookies to give you the best possible experience. Learn more