| Saturday, 28th August 2021, 3:08 pm

സൂപ്പര്‍ താരങ്ങള്‍ മാത്രമാണ് അതിസമ്പന്നര്‍; സിനിമ മേഖലയില്‍ 90 ശതമാനം പേരും പട്ടിണിക്കാര്‍; ശ്രീകുമാരന്‍ തമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമയില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും പട്ടിണിക്കാരാണെന്ന് തുറന്ന് പറഞ്ഞ് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സൂപ്പര്‍ താരങ്ങളും അതുപോലുള്ള ചിലരും മാത്രമാണ് അതിസമ്പന്നരെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന മഴമിഴി മള്‍ട്ടിമീഡിയ സ്ട്രീമിങ്ങിന്റെ കര്‍ട്ടന്‍ റൈസര്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സജി ചെറിയാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സിനിമ ഒരു തെറ്റിദ്ധരിക്കപ്പെട്ട കലാരൂപമാണെന്നും ലൈറ്റ് ബോയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കിട്ടുന്ന വരുമാനം തുച്ഛമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ”സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്ന ഇരുപതോ മുപ്പതോ പേരും അവര്‍ക്കൊപ്പം നില്‍ക്കുന്ന ചില സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് സിനിമ ഭരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ സത്യം തുറന്ന് പറയുന്ന ആളായത് കൊണ്ടാണ് 55 വര്‍ഷമായി സിനിമയിലുണ്ടായിട്ടും ഇന്നും ദരിദ്രനായി തുടരുന്നതെന്നും അഭിമാനമുള്ളത് കൊണ്ട് ആരുടെ മുന്നിലും കൈനീട്ടാറില്ലെന്നും മഴമിഴി ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി സഹായിക്കുന്ന പദ്ധതിയാണ് മഴമിഴി. സാംസാകാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നടന്‍ നെടുമുടി വേണുവും ചേര്‍ന്നായിരുന്നു ചടങ്ങിന്റെ പ്രകാശനം നിര്‍വഹിച്ചത്.

സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക് ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ആണ് മഴമിഴി മള്‍ട്ടിമീഡിയ മെഗാ സ്ട്രീമിംഗ് ഒരുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight – Lyricist turned director Sreekumaran Thampi on poverty faced by workers in film industry

We use cookies to give you the best possible experience. Learn more