കൊച്ചി: മലയാളത്തിലെ പ്രമുഖ ഗാന രചയിതാവായ ഷിബു ചക്രവര്‍ത്തി തിരക്കഥാകൃത്തായും തിളങ്ങിയ വ്യക്തിയാണ്. 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുളള അദ്ദേഹം തന്റെ മനസില്‍ മായാതെ നില്‍ക്കുന്ന ഒരോര്‍മ പങ്കു വെക്കുകയാണ്.
സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് മമ്മൂട്ടിയുടെ പഴയ കാല സിനിമകളെപ്പറ്റി ഷിബു ചക്രവര്‍ത്തി പറയുന്നത്. മമ്മൂട്ടിയുടെ കരിയറിലെ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു ‘ശ്യാമ, നിറക്കൂട്ട്’ എന്നിവ. അത് നല്ല രീതിയില്‍ വിജയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അതിനു ശേഷം തുടര്‍ച്ചയായി മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണുണ്ടായതെന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു. ‘ന്യായ വിധി’, ‘വീണ്ടും’, ‘പ്രണാമം’, ‘കഥക്കു പിന്നില്‍’ എന്നീ സിനിമകളെല്ലാം വന്‍ പരാജയമായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
‘ ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്’, ഷിബു ചക്രവര്‍ത്തി പറയുന്നു.
നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കില്‍ കൂവുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ലെന്നതുമാണ് ഇതിലെ വിരോധാഭാസം എന്നാണ് ഷിബു ചക്രവര്‍ത്തി പറയുന്നത്.
വീണ്ടും എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നെന്നും അദ്ദേഹം ഓര്‍ക്കുന്നു. പ്രണാമം എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ സിനിമകളെല്ലാം സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും, പാട്ടുകളുടെ കാര്യത്തില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ തുടങ്ങി വെച്ച സിനിമകളായിരുന്നു ഇതൊക്കെ എന്നാണ് ഷിബു ചക്രവര്‍ത്തിയുടെ അഭിപ്രായം.