മലയാള സിനിമയിലെ പാട്ടെഴുത്തുകാരില്‍ ഏറെ പ്രശസ്തനാണ് ഷിബു ചക്രവര്‍ത്തി. നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഗാനരചനയ്ക്ക് പുറമെ തിരക്കഥാകൃത്തും ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാവുമാണ് അദ്ദേഹം.
ഉപഹാരം എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള സിനിമാ രംഗത്തേക്കുള്ള ഷിബു ചക്രവര്‍ത്തിയുടെ പ്രവേശനം. തുടര്‍ന്ന് ‘ശ്യാമ’ എന്ന ചിത്രത്തിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനത്തിലൂടെ ഷിബു ജനപ്രിയനായി.
ഡെന്നീസ് ജോസഫ് ആദ്യമായി സംവിധായകനായ ”മനു അങ്കിള്‍” എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഷിബു ചക്രവര്‍ത്തിയായിരുന്നു. അഥര്‍വ്വം, മനു അങ്കിള്‍, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓര്‍ക്കാപ്പുറത്ത്, അഭയം(1991), ഡോണ്‍ ബോസ്‌കൊ, തുടങ്ങി പതിനെട്ട് ചിത്രങ്ങളുടെ തിരക്കഥ അദ്ദേഹം എഴുതി.
ഷിബുവിന്റെ രചനയില്‍ പിറന്ന മമ്മൂട്ടി നായകനായ ധ്രുവം എന്ന ചിത്രത്തിലെ ഗാനങ്ങളും മോഹന്‍ലാല്‍ നായകനായ ചിത്രം സിനിമയിലെ ഗാനങ്ങളും അക്കാലത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു.
ഇന്നും ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങളുടെ നിരവധി കവര്‍ വേര്‍ഷനുകള്‍ യൂട്യൂബില്‍ കാണാറുണ്ട്. എന്നാല്‍ തന്റെ പാട്ടുകള്‍ വീണ്ടും ഹിറ്റ് ചാര്‍ട്ടിലെത്തിക്കുന്ന പുതുതലമുറക്കാരോട് ഒരു തിരുത്ത് അദ്ദേഹത്തിന് പറയാനുണ്ട്. ലക്ഷക്കണക്കിനും കോടിക്കണക്കിനും പേര്‍ കാണുന്ന ഈ കവര്‍ വേര്‍ഷനുകളിലൊന്നും തന്റെ പേര് വെക്കാത്തതിനെ കുറിച്ചാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷിബു ചക്രവര്‍ത്തി പറയുന്നത്.
‘ചിത്രത്തിലെ ഈറന്‍ മേഘം എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ അടുത്തിടെ യൂ ട്യൂബില്‍ കണ്ടു. എണ്‍പത്തെട്ടുലക്ഷം പേരാണ് അത് കണ്ടത്. പാട്ടിന്റെ ഈണവും ഓര്‍ക്കസ്ട്രയും എല്ലാം പുതിയതാണ്. എല്ലാം മാറിയെങ്കിലും അതിലാകെ മാറാത്തത് ആ പാട്ടിന്റെ വരികള്‍ മാത്രമാണ്. അതെഴുതിയത് ഞാനാണ്.
മാറുന്ന കാലത്തും മാറാതെ നില്‍ക്കുന്നത് വരികള്‍ മാത്രമാണല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. പക്ഷേ, എവിടെയും എന്റെ പേര് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. അപ്പോള്‍ വല്ലാത്തൊരു അലോസരം തോന്നി. ഒരിക്കലുമത് പ്രശസ്തിയുടെ പ്രശ്‌നമല്ല. വരുമാനത്തിന്റെ പ്രശ്‌നമാണ്. അത് പാട്ടെഴുത്തുകാരെ അപമാനിക്കലാണ്. എഴുത്ത് ഉപജീവനമാര്‍ഗമാക്കിയ കുറേപ്പേരുണ്ട്. ക്രെഡിറ്റ് കൊടുക്കാതെ വരുന്നതോടെ അവര്‍ക്ക് കിട്ടേണ്ട വരുമാനമാണ് ഇല്ലാതാകുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്,’ ഷിബു ചക്രവര്‍ത്തി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക