തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
നാനൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടിന് വരികളെഴുതിയ അദ്ദേഹം 1972 ലാണ് ചലച്ചിത്ര ഗാനരചനയിലേക്കെത്തിയത്. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഗാനങ്ങള്‍ രചിച്ചു.
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, ഏതോ ജന്മ കല്‍പ്പനയില്‍, മന്ദാരച്ചെപ്പുണ്ടോ എന്നീ ഗാനങ്ങള്‍ അദ്ദേഹം രചിച്ചവയാണ്.
ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധ നേടി.
പ്രശസ്ത സംവിധായകരായ കെ. ജി. ജോര്‍ജ്, പി. എന്‍. മേനോന്‍, ഐ. വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരോടൊപ്പവും ഖാദര്‍ പ്രവര്‍ത്തിച്ചിരുന്നു.
1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ വലപ്പാട് പോളിടെക്‌നിക്കില്‍ നിന്ന് എഞ്ചനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് എ.എം.ഐ.ഇയും പാസായ അദ്ദേഹം പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Lyricist Poovachal Khader Passed Away