| Monday, 2nd December 2024, 5:26 pm

ആ പാട്ട് ലാലേട്ടന് ഇഷ്ടമായോ എന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്: മനു മഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ പാട്ടെഴുതിക്കൊണ്ട് സിനിമാകരിയര്‍ ആരംഭിച്ചയാളാണ് മനു മഞ്ജിത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പാട്ടെഴുതാന്‍ മനുവിന് സാധിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അജയന്റെ രണ്ടാം മോഷണത്തിലെ പാട്ടുകള്‍ ചാര്‍ട്ട് ബസ്റ്റേഴ്‌സായതോടുകൂടി മനു മഞ്ജിത് എന്ന പേര് വീണ്ടും ചര്‍ച്ചാവിഷയമായി.

മനു മഞ്ജിത് രചിച്ച ഗാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ‘ലാലേട്ടാ’ എന്ന് തുടങ്ങുന്ന ഗാനം. ഒരു മലയാളനടന് ട്രിബ്യൂട്ട് എന്ന രീതിയില്‍ ഒരുക്കിയ ആദ്യ സിനിമാഗാനം എന്ന നിലയില്‍ പാട്ട് ശ്രദ്ധിക്കപ്പെട്ടു. ആ പാട്ട് എഴുതിയപ്പോഴുള്ള മാനസികാവസ്ഥ പങ്കുവെക്കുകയാണ് മനു മഞ്ജിത്. നല്ല ടെന്‍ഷനോടെയാണ് ആ പാട്ട് എഴുതിയതെന്ന് മനു മഞ്ജിത് പറഞ്ഞു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനെപ്പറ്റി പാട്ടെഴുതുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നെന്നും എന്താണ് ചേര്‍ക്കേണ്ടത്, എന്താണ് ഒഴിവാക്കേണ്ടത് എന്നൊക്കെ ഒരുപാട് ആലോചിച്ചെന്നും മനു കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ആദ്യമായാണ് അങ്ങനെയൊരു പാട്ട് വരുന്നതെന്നും ആ ഒരു കാരണം കൊണ്ട് ടെന്‍ഷന്‍ കൂടിയെന്നും മനു പറഞ്ഞു.

പാട്ട് റിലീസായതിന് ശേഷം മോഹന്‍ലാലിന്റെ പ്രതികരണം എന്താണെന്ന് അറിയാന്‍ വലിയ ക്യൂരിയോസിറ്റിയായിരുന്നെന്നും മനു കൂട്ടിച്ചേര്‍ത്തു. പിന്നീട് മഞ്ജു വാര്യറെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ പാട്ട് കേട്ടെന്ന് പറഞ്ഞെന്നും അദ്ദേഹത്തിന് ഇഷ്ടമായോ എന്നായിരുന്നു തനിക്ക് അറിയേണ്ടിയിരുന്നതെന്നും മനു കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് ഇഷ്ടമായെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായെന്നും മനു പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു മനു മഞ്ജിത്.

‘ലാലേട്ടാ എന്ന പാട്ട് എഴുതുന്ന സമയത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നു. കാരണം, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള ഒരു നടനെപ്പറ്റിയാണ് പാട്ടെഴുതുന്നത്. അങ്ങനെ ഒരു പാട്ട് എഴുതുമ്പോള്‍ എന്ത് ഒഴിവാക്കണം, എന്ത് ചേര്‍ക്കണം എന്നൊക്കെ ഒരുപാട് ആലോചിച്ചു. എല്ലാ ഫാന്‍സിനെയും ഒരുപോലെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ശരിയാവില്ലല്ലോ.

മാത്രമല്ല, മലയാളത്തില്‍ ആദ്യമായാണ് അങ്ങനെ ഒരു പാട്ട് വരുന്നത്. അതിന്റെ ടെന്‍ഷന്‍ വേറെയുണ്ടായിരുന്നു. പാട്ട് റിലീസായതിന് ശേഷം അത് ലാലേട്ടന് ഇഷ്ടമാകുമോ എന്നായി ചിന്ത. പിന്നീടൊരിക്കല്‍ മഞ്ജു ചേച്ചിയെ കണ്ടപ്പോള്‍ അക്കാര്യം ചോദിച്ചു. ‘ലാലേട്ടന്‍ ആ പാട്ട് കേട്ടിട്ടുണ്ട്’ എന്ന് മഞ്ജു ചേച്ചി പറഞ്ഞു. പുള്ളിക്ക് ഇഷ്ടമായി എന്നറിഞ്ഞപ്പോള്‍ സമാധാനമായി,’ മനു മഞ്ജിത് പറയുന്നു.

Content Highlight: Lyricist Manu Manjith about the song in Mohanlal movie

We use cookies to give you the best possible experience. Learn more