| Tuesday, 8th February 2022, 12:05 pm

ഉയിരേ എന്ന വാക്കില്‍ തുടങ്ങണമെന്ന് പറഞ്ഞത് ഷാനിക്കയാണ്, ട്യൂണും ആദ്യമേ പറഞ്ഞിരുന്നു; മിന്നല്‍ മുരളിയിലെ ഗാനത്തെ കുറിച്ച് മനു മഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ…. ഈ വരികള്‍ ഒരുതവണയെങ്കിലും മൂളാത്തവര്‍ വിരളമായിരിക്കും. മിന്നല്‍ മുരളിയിലെ ഷിബുവിന്റെയും ഉഷയുടേയും പ്രണയം വരച്ചുകാണിച്ച ഈ ഗാനം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച ഒരു ഗാനം തന്നെയായിരുന്നു ഉയിരേ.

28 വര്‍ഷത്തെ ഷിബുവിന്റെ കാത്തിരിപ്പിനെ പ്രേക്ഷകന്റെ കൂടി കാത്തിരിപ്പാക്കി മാറ്റുന്നതില്‍ ഗാനം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഉയിരേ എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് മനസുതുറുക്കുകയാണ് ഗാനരചയിതാവ് മനു മഞ്ജിത്ത്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗാനത്തെ കുറിച്ച് മനു സംസാരിക്കുന്നത്.

പാട്ടിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് മനു പറയുന്നത്. ഉയിരെ എന്ന വാക്ക് വെച്ച് പാട്ട് തുടങ്ങാന്‍ ആവശ്യപ്പെട്ടത് ഷാന്‍ റഹ്‌മാന്‍ ആയിരുന്നെന്നും മനു മഞ്ജിത്ത് പറയുന്നു.

”ഞാന്‍ ഇതുവരെ ചെയ്യാത്ത വളരെ ഇന്റന്‍സ് ഇമോഷന്‍സ് ഉള്ള ഒരു പാട്ട് ചെയ്യാനാകുന്നു എന്ന സന്തോഷത്തിലാണ് അതെഴുതിയത്. ഹിറ്റാകും എന്നൊന്നും അപ്പോള്‍ കരുതിയിരുന്നില്ല.

ഷാനിക്ക ട്യൂണും ഉയിരെ എന്ന് തുടങ്ങാമെന്നും പറഞ്ഞിരുന്നു. ഉയിരെ വച്ച് തുടങ്ങുന്ന ഒരുപാട് പാട്ടുള്ളതുകൊണ്ട് അതൊന്നു മാറ്റി പിടിക്കാന്‍ കുറേ ശ്രമിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും അതിലും നല്ലൊരു വാക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

സിറ്റ്വേഷന് ഏറ്റവും കറക്ട് ആയിട്ടുള്ള വാക്ക് ആണ് അത്. അതുകൊണ്ട് അതുതന്നെ ഇരിക്കട്ടെ എന്നു കരുതി. വളരെ പ്ലസന്റ് ആയിട്ടുള്ള ഒരു സാഹചര്യത്തിലാണ് ആ പാട്ട് സത്യത്തില്‍ സംഭവിക്കുന്നത്.

കാരണം ഷിബു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷമായിരുന്നു അത്. അപ്പോഴും അതുവരെ അയാള്‍ അനുഭവിച്ച അവഗണന, വേദന, അയാളുടെ പ്രണയം എല്ലാം ആ പാട്ടില്‍ ഉണ്ടാകണം. അതിന് ശേഷമുള്ള മരണം പോലും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പാട്ട് അത്രമേല്‍ തീവ്രമാകണമായിരുന്നു. പിന്നെ തിരക്കഥയും അവരുടെ അഭിനയവും എല്ലാം കൃത്യമായി വന്നപ്പോള്‍ വിചാരിച്ചതിലും നന്നായി പ്രേക്ഷകരിലേക്ക് എത്തി.

മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ പാട്ടെഴുതാന്‍ എടുത്തുള്ളൂ. ഉയിരെ വാക്കിന് പകരം എങ്ങനെ തുടങ്ങാമെന്ന ആലോചയ്ക്കാണ് കുറേയേറെ സമയം ചെലവാക്കിയത്,” മനു മഞ്ജിത് അഭിമുഖത്തില്‍ പറഞ്ഞു.

ഷാന്‍ റഹ്‌മാന്റെ കൂടെയാണ് കൂടുതലും പാട്ടുകള്‍ താന്‍ ചെയ്തിട്ടുള്ളതെന്നും തുടര്‍ച്ചയായി ഇങ്ങനെ ഒപ്പം ചേരുമ്പോള്‍ ഉണ്ടാകുന്നൊരു കെമിസ്ട്രിയാണ് അതെന്നും മനു പറയുന്നു.

മന്ദാരമേ ( ഓം ശാന്തി ഓശാന) തിരുവാവണി രാവ് (ജേക്കബിന്റെ സ്വര്‍ഗരാജ്യം), കുടുക്കുപൊട്ടിയ കുപ്പായം ( ലൗ ആക്ഷന്‍ ഡ്രാമ) തുടങ്ങി
ഷാനിക്കയുടെ കൂടെ പല ജോണറില്‍ ഉള്ള പാട്ടുകള്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്നും മനു മഞ്ജിത് പറയുന്നു.

ഷാന്‍ -വിനീത് -ബേസില്‍ ഇതാണോ കംഫര്‍ട്ട് സോണ്‍ എന്ന ചോദ്യത്തിന് കുഞ്ഞിരാമായണത്തിലെ സല്‍സ എന്ന ഗാനമാണ് ബേസിലിന് വേണ്ടി ആദ്യം എഴുതുന്നതെന്നും അങ്ങനെ ഒരു പാട്ടെഴുതാന്‍ വിശ്വസിച്ച് ഏല്‍പ്പിക്കുകയും അവര്‍ക്ക് എന്താണ് വേണ്ടതെന്ന് നമുക്കും നമ്മളെ കൊണ്ട് എന്തുചെയ്യാന്‍ പറ്റുമെന്ന് അവര്‍ക്കും മനസിലാകുന്നു എന്നതിലാണ് കാര്യമെന്നുമായിരുന്നു മനു മഞ്ജിത്തിന്റെ മറുപടി.

Content Highlight: Lyricist Manu Manjith About Minnal Murali Song

We use cookies to give you the best possible experience. Learn more